തിരുവോണ നാളിൽ തൃശ്ശൂരിൽ യുവാവും അൻപത്തിരണ്ടുകാരനും കൊല്ലപ്പെട്ട സംഭവം; ദമ്പതികൾ ഉൾപ്പടെ അഞ്ചുപേർ അറസ്റ്റിൽ

തൃശൂർ: തിരുവോണ നാളിൽ തൃശ്ശൂരിൽ രണ്ടിടത്തുണ്ടായ കൊലപാതകത്തിൽ അഞ്ചുപേർ അറസ്റ്റിലായി. അൻപത്തിരണ്ടു വയസുകാരനും മുപ്പതു വയസുമുള്ള യുവാവുമാണ് രണ്ടിടങ്ങളിലായി കൊല്ലപ്പെട്ടത്. രണ്ടു കേസുകളിലുമായി രണ്ടു ദമ്പതികൾ ഉൾപ്പെടെ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട കീഴുത്താണി മനപ്പടിയിൽ കൊല്ലപ്പെട്ടത് മുപ്പതുകാരനായ സൂരജ് ആണ്. ഇരിങ്ങാലക്കുടയിലെ ഡ്രൈവിംഗ് സ്‌കൂൾ അധ്യാപകനുമായിരുന്നു . സൂരജിന്റെ കുടുംബം താമസിച്ചിരുന്ന വാടക വീടിന്റെ ഉടമയും അടുപ്പക്കാരുമാണ് കൊലപാതകം നടത്തിയത്.

ഇവരുടെ വീടിന്റെ വാടകയുമായി ബന്ധപ്പെട്ട തർക്കം ഏറെനാളായി നിലനിന്നിരുന്നു. ഇതിനിടെ വീടൊഴിപ്പിക്കാൻ വീട്ടുടമയും സംഘവും വടിയും ആയുധങ്ങളുമായി എത്തി കുടുംബത്തെ ആക്രമിക്കുകയായിരുന്നു. സൂരജിന്റെ അച്ഛനും സഹോദരനും പരുക്കേറ്റിട്ടുണ്ട്.

ഗുരുതരമായ പരുക്കേറ്റ സൂരജ് ഇന്നു രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. പരിക്കേറ്റ സ്വരൂപിന്റെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമയും ബന്ധുക്കളുമായ രണ്ടു ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.

കോമ്പാറ സ്വദേശി ചേനത്ത്പറമ്പിൽ ഷാജു-രഞ്ജിനി, പൊറത്തിശ്ശേരി സ്വദേശി ചേനത്ത് പറമ്പിൽ ലോറൻസ്-സിന്ധു ദമ്പതികളാണ് പിടിയിലായത്.

തൃശ്ശൂർ ചെന്ത്രാപ്പിന്നിയിലെ പെട്ടി ഓട്ടോറിക്ഷ ഡ്രൈവറായ സുരേഷിനെ ബന്ധുവായ അനൂപ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഉത്രാടദിനത്തിൽ അനൂപ് മദ്യപിച്ചെത്തി, സുരേഷിന്റെ ഭാര്യയെ കളിയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ ഭാഗമായി അനൂപിനോട് ഇന്നു രാവിലെ ചോദിക്കാൻ ചെന്നപ്പോഴാണ് സുരേഷിനെ കത്തി കൊണ്ട് കഴുത്തിൽ കുത്തിയത്. പ്രതി അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തു. . സുരേഷിന്റെ അച്ഛന്റെ സഹോദരപുത്രനാണ് അനൂപ്.

Exit mobile version