ഒരുപാട് കാഴ്ചകള്‍ പകര്‍ത്താന്‍ ബാക്കിവച്ച് ഹരിയും യാത്രയായി; വിടപറഞ്ഞത് വിക്ടര്‍ജോര്‍ജിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍

കോട്ടയം: അകാലത്തില്‍ വിട പറഞ്ഞ ന്യൂസ് ഫോട്ടോഗ്രഫര്‍ എസ് ഹരിശങ്കറിന്റെ
ഓര്‍മ്മള്‍ പങ്കുവച്ച് സുഹൃത്തുക്കള്‍. മംഗളം മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫറും നോവലിസ്റ്റുമായിരുന്ന എസ് ഹരിശങ്കര്‍ (48) വ്യാഴ്ചയാണ് മരണപ്പെട്ടത്.
മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ രവി ശങ്കറിന്റെ കുറിപ്പ്:

”ഹരിയും മടങ്ങി…വളരെ നേരത്തെ

വീണ്ടും ഒരു ഓര്‍മ്മക്കുറിപ്പ്. അതും പ്രിയപ്പെട്ട സുഹൃത്തും, സഹപ്രവര്‍ത്തകനുമായ ഒരാളെ കുറിച്ച്. മഹാദേവന്റെ വിടവാങ്ങലിന്റെ വേദന മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. അപ്പോഴേക്കും ഹരിശങ്കര്‍ എന്ന ഹരിയുടെ വിയോഗ വാര്‍ത്തയും.

ഹരിശങ്കര്‍ മംഗളത്തിന്റെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്നു. അറിയപ്പെടുന്ന നോവലിസ്റ്റും. ഞങ്ങള്‍ ഏകദേശം ഒരേ കാലത്താണ്, ന്യൂസ് ഫോട്ടോഗ്രാഫി രംഗത്തേക്ക് വരുന്നത്. ഞാന്‍ വന്നു ഒന്നൊ രണ്ടോ വര്‍ഷത്തെ ഇടവേളയെ ഹരിയുടെ ഈ രംഗത്തേക്കുള്ള പ്രവേശനത്തിനുണ്ടായിരുന്നുള്ളു.

ഹരി കോട്ടയത്തും, ഞാന്‍ തിരുവനന്തപുരത്തും ആയിരുന്നെങ്കിലും 1990 കളില്‍ കേരളത്തില്‍ എല്ലാ ന്യൂസ് ഫോട്ടോഗ്രാഫര്‍ മാരുടെയും എണ്ണ മെടുത്താല്‍ കൂടിയാല്‍ 25 പേര്‍ മാത്രം . എല്ലാവരും പരസ്പരം അടുത്തറിയാവുന്നവര്‍. ഞാനാണെങ്കില്‍ കൂടുതല്‍ കാലവും ഇംഗ്ലീഷ് പത്ര മാസികളില്‍ ഫ്രീലാന്‍സ് ചെയ്യുന്ന സമയം ആയിരുന്നതിനാല്‍ സ്ഥിരമായി ദക്ഷിണേന്ത്യ മുഴുവന്‍ യാത്ര ചെയ്യുന്ന കാലം. ഹരിയെ മിക്കപ്പോഴും കാണും. നല്ല പൊക്കമുള്ള വെളുത്തു സുന്ദരനായ,, ഇപ്പോഴും ചിരിക്കുന്ന മുഖവുമായുള്ള ഹരി.

ഞങ്ങളെ സഹോദരങ്ങളാണോ എന്ന് പോലും ചിലര്‍ ചോദിച്ചത് എനിക്കോര്‍മ്മയുണ്ട്. മുഖത്തെ മായാത്ത ചിരിയും, ആരോടും കൂട്ട് കൂടുന്ന സ്വഭാവവും, എല്ലാം ഉള്ളത് കൊണ്ടാവാം ഹരിശങ്കറും, രവിശങ്കറും സഹോദരങ്ങളാണോ എന്ന് പോലും ചിലര്‍ സംശയിക്കാന്‍ കാരണം.

ഹരി തിരുവനന്തപുരത്തു ന്യൂസ് ഫോട്ടോഗ്രാഫര്‍ ആയി എത്തിയപ്പോള്‍ ഇടക്കൊക്കെ വഴിയില്‍ കാണും. രണ്ടു പേരും നല്ല തിരക്കിലാവും. നമുക്കൊന്ന് സ്വസ്ഥമായി കാണാനേ പറ്റുന്നില്ലാലോ എന്ന പരിഭവത്തില്‍ രണ്ടാളും രണ്ടു വഴിക്കു പിരിയും.

ഹരി കേരളം കണ്ട മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍മാരില്‍, ഒരാളായിരുന്നു എന്നതില്‍ സംശയമില്ല. മംഗളത്തില്‍ അല്ലായിരുനെങ്കില്‍ ഒരുപക്ഷെ ഇതിലേറെ പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ ആയിരുന്നേനെ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഹരിയുടെ അച്ഛന്‍ പ്രശസ്തനായ ആര്ടിസ്‌റ് ശ്രീ ശങ്കരന്‍കുട്ടി ആയിരുന്നു. (തകഴിയുടെ ചെമ്മീന്‍ രാമുകാര്യാട്ട് സിനിമയാക്കാന്‍ തീരുമാനിച്ച കാലം. ഓരോ കഥാപാത്രങ്ങളെയും അന്നത്തെ സിനിമാതാരങ്ങളുടെ രൂപത്തില്‍ ചിത്രീകരിച്ചത് ആര്ട്ടി്സ്റ്റ് ശങ്കരന്കുതട്ടിയായിരുന്നു) അച്ഛന്റെ പാത പിന്തുടര്‍ന്ന് കലയുടെ ലോകത്തെത്തിയ ഹരി മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരങ്ങളിലെ നല്ല വായനക്കാരുള്ള ഒരു നോവലിസ്റ്റ് കൂടിയായിരുന്നു.

മംഗളത്തിലും, കന്യകയിലും, കേരള കൗമുദി വാരികയിലും എല്ലാം ഹരി നോവലുകള്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു. അവയെ ചിലര്‍ ‘മ’ നോവലുകള്‍ എന്ന് കളിയാക്കാമെങ്കിലും ഹരിയുടെ പ്രിയപ്പെട്ട വായനക്കാര്‍, സാധാരണക്കാരായ വീട്ടമ്മമാരും, സ്ത്രീകളും ആയിരുന്നു കൂടുതലും. KLK 1010 , ടൈംഔട്ട്, 9. 30 am ട്ടോ 3 .30 pm, തുടങ്ങിയ ഹരിയുടെ മുഴുനീള നോവലുകള്‍ ആരാധകരുടെ പ്രശംസ പിടിച്ചു പറ്റിയവയായിരുന്നു.

ഞാന്‍ ഏതാനും ( 18 ) ദിവസങ്ങള്‍ ‘മംഗള’ത്തില്‍ സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ ആയി ജോലി ചെയ്ത ശേഷം സ്വയം പടിയിറങ്ങാന്‍ തീരുമാനിച്ചപ്പോള്‍, അന്ന് കൂടെയുണ്ടായിരുന്ന ഹരി പറഞ്ഞു. രവി… ഒന്ന് കൂടി ആലോചിച്ചിട്ട് പോരെ ഈ രാജി.

പക്ഷെ അന്ന് അത്തരമൊരു തീരുമാനത്തിന് പിറകില്‍ എനിക്ക് വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നു എന്നതിനാല്‍ സ്‌നേഹപൂര്‍വ്വം ഞാന്‍ അതില്‍ ഉറച്ചു നിന്ന് എനിക്കേറെ പ്രിയപ്പെട്ട കോഴിക്കോട്ട് നിന്നും അന്ന്, ഇന്നത്തെ അത്ര വേരുകള്‍ പടര്‍ന്നിട്ടില്ലാത്ത ശ്രീ പദ്മനാഭന്റെ മണ്ണിലേക്കുള്ള എന്റെ പറിച്ചു നടല്‍ എന്റെ ജീവിതത്തിലെ പിന്നീടുള്ള വഴി തിരിവുകളുടെ തുടക്കത്തിനായിരുന്നു എന്നതിനാല്‍ എനിക്കതില്‍ ഒരിക്കലും വിഷമമോ, പശ്ചാത്താപമോ ഒന്നും തോന്നിയിട്ടില്ല. എന്റെ ഭാവിയെകുറിച്ച് എനിക്ക് വ്യക്തമായുള്ള കാഴ്ചപ്പാട്, മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസം കാരണം മുന്നോട്ട് കൊണ്ട് പോകാനാകില്ല എന്ന് ഹരിക്കും അറിയാമായിരുന്നു

പിന്നീട് കാണുമ്പോഴൊന്നും ഹരിക്ക് എന്നോട് പിണക്കമോ, പരിഭവമോ ഒന്നുമുണ്ടായില്ല. ആ സ്‌നേഹം ഞങ്ങളില്‍ അവസാന നിമിഷം വരെയും മായാതെ ഉണ്ടായിരുന്നു.

അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ മനസ്സാക്ഷി സൂക്ഷിപ്പ് കാരനായിരുന്നു ഹരി. അവര്‍ തമ്മിലുള്ള അടുപ്പം ആരെയും അസൂയാലുക്കളാക്കും. വിക്ടറിന്റെ മരണം ഹരിയെ വല്ലാതെ ഉലച്ചിരുന്നു. തിരുവനന്തപുരത്തു വന്ന ശേഷം ഞങ്ങളുടെ പ്രിയ സുഹൃത്ത് കേരളം കൗമുദിയുടെ ഫോട്ടോഗ്രാഫര്‍ ആയിരുന്ന എസ് എസ് റാമിന്റെ മരണവും ഹരിയെ വല്ലാതെ ബാധിച്ചിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

വിക്ടര്‍ ജോര്‍ജ് അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകള്‍ ഈ ചുരുങ്ങിയ കാലയളവില്‍ തേടിയെത്തി. ഹരി എന്ന കലാകാരന്റെ മികവിനുള്ള അംഗീകാരമായിരുന്നു അതെല്ലാം.

സ്വന്തം സ്ഥാപനത്തോടും, മാനേജ്‌മെന്റിനോടും ഉള്ള ഹരിയുടെ വിശ്വസ്തത എടുത്തു പറയേണ്ട ഒന്നായിരുന്നു. ഹരിയെ പോലെ ഒരാള്‍ക്ക് അതിലേറെ പ്രശസ്തമായ സ്ഥാപനങ്ങളിലേക്ക് വാതില്‍ തുറക്കും എന്നറിയാമായിരുന്നിട്ടും, പ്രിയപ്പെട്ട മകള്‍ ‘തത്തമ്മ’യെയും, കുടുംബത്തെയും എന്നും കാണാനുള്ള ഒരു മനസ്സിന്റെ ഉടമക്ക് വേറെ തിരഞ്ഞെടുപ്പുകള്‍ക്കൊന്നും കഴിയുമായിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്

ഹരിയെ അവസാനമായി നേരില്‍ കാണുന്നത് മൂന്നാല് മാസം മുന്‍പ് ഞങ്ങളെ വിട്ടുപോയ മറ്റൊരു ഫോയോഗ്രാഫര്‍ സുഹൃത്ത് സലിം പുഷ്പനാഥിന്റെ കോട്ടയത്തെ വീട്ടില്‍ വെച്ചായിരുന്നു. ‘രവി… വീട്ടിലേക്ക് ഇത് വരെ വന്നില്ലല്ലോ. ഈ സാഹചര്യത്തില്‍ അല്ലായിരുന്നെങ്കില്‍ അവിടെ വരാതെ നിന്നെ ഞാന്‍ വിടില്ല എന്ന് പറഞ്ഞു പിരിഞ്ഞ ഹരിയുടെ ജീവനില്ലാത്ത ആ ചിരിക്കുന്ന മുഖം കാണാനാണല്ലോ, അവിടേക്കു ആദ്യം കയറി പോകേണ്ടതെന്നു ഓര്‍ക്കുമ്പോള്‍ മനസില്‍ വല്ലാത്ത നൊമ്പരം. സലീമിനെ പോലെ ഹരിയും പെട്ടെന്ന് തലച്ചോറില്‍ ഉണ്ടായ രക്ത സ്രാവം കാരണം വളരെ ചെറുപ്പത്തില്‍ തന്റെ നിയോഗം പൂര്‍ത്തിയാക്കി മടങ്ങുന്നു

ഹരി കണ്ണീരോടെ മാത്രമേ നിന്റെ വിയോഗം ഓര്‍ക്കാന്‍ കഴിയുകയുള്ളൂ. പ്രിയ സുഹൃത്തേ വിട.”

Exit mobile version