സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് മഠത്തില്‍ തുടരാമെന്ന് മാനന്തവാടി കോടതി

മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് കാരക്കാമല മഠത്തില്‍ തുടരാമെന്ന് മാനന്തവാടി മുന്‍സിഫ് കോടതി വിധിച്ചു. സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി നേരത്തെ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ അന്തിമവിധി വരുന്നതു വരെ മഠത്തില്‍ തുടരാമെന്നാണ് കോടതി വിധി.

നേരത്തെ മഠത്തില്‍ നില്‍ക്കുമ്പോള്‍ തനിക്ക് പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു. സഭാ ചട്ടങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് സിസ്റ്റര്‍ ലൂസിയോട് മഠം വിട്ട് പോകാന്‍ സഭ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സിസ്റ്റര്‍ ലൂസി ഹൈക്കോടതിയെ സമീപിച്ചത്.

കാരയ്ക്കാമല മഠത്തില്‍ അല്ലാതെ മറ്റെവിടെയെങ്കിലും താമസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ സിസ്റ്ററിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് അന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കോണ്‍വന്റിലെ താമസവുമായി ബന്ധപ്പെട്ട് മുന്‍സിഫ് കോടതിയില്‍ നടക്കുന്ന കേസ് എത്രയും പെട്ടെന്ന് തീര്‍പ്പാക്കാനും അന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ നിന്നും പുറത്താക്കിയ നടപടിയെ വത്തിക്കാനും അംഗീകരിച്ചിട്ടുണ്ടെന്നാണ് സഭാനേതൃത്വം അവകാശപ്പെടുന്നത്.

Exit mobile version