‘അമ്മ എന്നെ തിരിച്ചറിഞ്ഞില്ല, പരാതിയില്ല, തിരിച്ചു കിട്ടിയില്ലോ! ഇനി അമ്മയ്‌ക്കൊപ്പം ജീവിക്കണം’ ഒരു വയസില്‍ നഷ്ടമായ അമ്മയെ 22 വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുകിട്ടിയ സന്തോഷത്തില്‍ മജീഷ്യന്‍ അശ്വിന്‍

തിരുവനന്തപുരം: ‘അമ്മ എന്നെ തിരിച്ചറിഞ്ഞില്ല. എങ്കിലും പരാതിയില്ല. ഒന്നുമില്ലെങ്കിലും തിരിച്ചു കിട്ടിയില്ലോ. ഇനി അമ്മയ്‌ക്കൊപ്പം ജീവിക്കണം, നല്ല ചികിത്സ നല്‍കണം. അമ്മയെ അഗതി മന്ദിരത്തില്‍ നിന്നു കൂട്ടിക്കൊണ്ടു പോകണം’ ഇത് ഒരു വയസില്‍ നഷ്ടപ്പെട്ട അമ്മയെ 22 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുകിട്ടിയ മജീഷ്യനായ അശ്വിന്റെ വാക്കുകളാണ്.

ജനിച്ച് ഒരു വര്‍ഷം കഴിയുമ്പോഴായിരുന്നു അശ്വിന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞത്. പിന്നാലെ അച്ഛന്‍ ജീവനൊടുക്കി. ശേഷം അശ്വിനെ നോക്കി വളര്‍ത്തിയത് അച്ഛന്റെ അമ്മ വിശാലാക്ഷിയാണ്. കൂലിപ്പണിയെടുത്താണ് അവര്‍ അശ്വിനെ വളര്‍ത്തിയത്. ഇപ്പോള്‍, ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റില്‍ ജോലി ചെയ്യുകയാണ് വിതുര സ്വദേശിയായ അശ്വിന്‍.

ബാലരമയിലെ നുറുങ്ങു മാന്ത്രിക വിദ്യകള്‍ പരിശീലിച്ചതോടെ, അശ്വിന്റെ മനസ്സില്‍ മാജിക്കിന്റെ വിസ്മയ ലോകം കുടിയേറി. പത്താം ക്ലാസില്‍ 70% മാര്‍ക്കോടെ ജയിച്ചപ്പോള്‍ വിതുര സ്‌കൂളില്‍ പ്ലസ്ടുവിന് പ്രവേശനം നേടി. ഇതിനിടെ ആകെ തുണയായിരുന്ന വിശാലാക്ഷിയും മരിച്ചു. അതോടെ 16 വയസ്സില്‍ ജീവിതത്തിലെ എല്ലാ വേരുകളും അറ്റു.

മജീഷ്യനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണു അശ്വിന്‍ മാജിക് പ്ലാനറ്റില്‍ എത്തിയത്. വിവരം അറിയിക്കാമെന്നു പറഞ്ഞു മടക്കിയെങ്കിലും അശ്വിന്‍ പ്രതീക്ഷയോടെ തലസ്ഥാനത്തു തന്നെ തങ്ങി. ബീയര്‍ കുപ്പികള്‍ പെറുക്കി വിറ്റു കിട്ടിയ വരുമാനത്തിലായിരുന്നു പിന്നീട് അശ്വിന്റെ ജീവിതം. താമസസ്ഥലത്ത് ചിലര്‍ ഉപദ്രവിച്ചപ്പോള്‍ നിവൃത്തിയില്ലാതെ നാട്ടിലേക്കു മടങ്ങി.

ആ നാളുകളിലൊന്നിലാണ് മാജിക് പ്ലാനറ്റില്‍ നിന്നു ജീവിതം മാറ്റി മറിച്ച വിളിയെത്തിയത്. 2016 ല്‍ അവിടെ ജോലിക്ക് കയറി. പിന്നീട് അമ്മയെ കണ്ടെത്താനായിരുന്നു അശ്വിന്റെ ശ്രമം. മണക്കാട് അമ്മയുടെ കുടുംബ വീടിന് അടുത്തുനിന്നു വരുന്ന, പ്ലാനറ്റിലെ ഫുഡ്‌കോര്‍ട്ട് ജീവനക്കാരിയുടെ അന്വേഷണത്തില്‍ അമ്മ ഏതോ അഗതി മന്ദിരത്തിലുണ്ടെന്ന വിവരം കിട്ടി.

നമ്പര്‍ തപ്പിയെടുത്ത് അശ്വിന്‍ വിളിച്ചു. ഒടുവില്‍ ചിറയിന്‍കീഴ് അഗതി മന്ദിരത്തില്‍ 44 വയസ്സുകാരിയായ ലത ഉണ്ടെന്ന വിവരം കിട്ടിയതോടെ അവിടേക്ക് പാഞ്ഞെത്തി. അമ്മയ്ക്കുമൊത്തുള്ള സന്തോഷ ജീവിതമാണ് അശ്വിന്റെ സ്വപ്നം.

Exit mobile version