കോതമംഗലം: മൂവാറ്റുപുഴയിലെ സ്ഥാപന ഉടമയെ വിളിച്ചുവരുത്തി പെൺകെണിയിൽ പെടുത്തി പണവും കാറും തട്ടിയെടുത്ത കേസിലെ ഒരു പ്രതിക്ക് കൊവിഡ്. ഇതോടെ, എസ്‌ഐ ഉൾപ്പെടെ 6 പോലീസുകാർ ക്വാറന്റൈനിലായി. ഇതിനിടെ, കേസിലെ മൂന്ന് പ്രതികൾ കൂടി പിടിയിലായി. നെല്ലിക്കുഴി കാപ്പുചാലിൽ മുഹമ്മദ് യാസീൻ (22), കുറ്റിലഞ്ഞി പുതുപ്പാലം കാഞ്ഞിരക്കുഴി ആസിഫ് (19), നെല്ലിക്കുഴി പറമ്പി റിസ്വാൻ (21) എന്നിവരാണ് അറസ്റ്റിലായത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
നെല്ലിക്കുഴിയിൽ വാടകയ്ക്കു താമസിക്കുന്ന ഇഞ്ചത്തൊട്ടി മുളയംകോട്ടിൽ ആര്യ (25), കുറ്റിലഞ്ഞി കപ്പടക്കാട്ട് അശ്വിൻ (19) എന്നിവർ ബുധനാഴ്ച പിടിയിലായിരുന്നു. കേസിലെ 9 പ്രതികളിൽ 4 പേർ ഒളിവിലാണ്.
പ്രതികൾ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയെ ആര്യ ലോഡ്ജിലേക്ക് സുപ്രധാന കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതാണെന്നു പോലീസ് കണ്ടെത്തി. ഈ സമയം മുറിയിലേക്ക് ഇരച്ചെത്തിയ ആര്യയുടെ സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തി സ്ഥാപന ഉടമയെയും ആര്യയെയും ചേർത്തുനിർത്തി അർധനഗ്ന ചിത്രങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഉടമയുടെ എടിഎം കാർഡ് ഉപയോഗിച്ചു 35,000 രൂപയും പിൻവലിക്കുകയും ചെയ്തു. ഇവർ തട്ടിയെടുത്ത കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
