‘അതിശയം’; കേരള പോലീസിന്റെ മനുഷ്യത്വവും തെരുവില്‍ ജീവിക്കുന്നവരുടെ പോലും കൊറോണ മഹാമാരിയെക്കുറിച്ചുള്ള അവബോധവും അതിശയിപ്പിച്ചെന്ന് അശ്വിന്‍

കോഴിക്കോട്: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗണില്‍ കഴിയുകയാണ്. ഈ സാഹചര്യത്തില്‍ വീടും സ്വന്തക്കാരേയും വിട്ട് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ നിരവധിയാണ്. നിയന്ത്രണങ്ങളും സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടോയെന്നറിയാനായി ജനങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നവരാണ് കേരള പോലീസ്.

ചുരുക്കം ചിലര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വാര്‍ത്തകള്‍ വരുമ്പോഴും കൊറോണയെ തടയാന്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. അത്തരത്തില്‍ കേരളത്തിന്റെ കൊറോണയ്‌ക്കെതിരായ പോരാട്ടവും പൊതുജനങ്ങളിലെ അവബോധവും സൂചിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ഈ വീഡിയോയെ അതിശയമെന്ന് വിശേഷിപ്പിച്ച് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് അശ്വിന്‍. പോലീസിന്റെ മനുഷ്യത്വവും തെരുവില്‍ ജീവിക്കുന്നവരുടെ പോലും കൊറോണ മഹാമാരിയെക്കുറിച്ചുള്ള അവബോധവുമാണ് വീഡിയോയിലുള്ളത്.

38 സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. തെരുവില്‍ കഴിയുന്നയാള്‍ക്ക് ഭക്ഷണപൊതിയുമായി മൂന്ന് പോലീസുകാര്‍ വരുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. പോലീസ് വരുന്നത് കണ്ട് എഴുന്നേറ്റ ഇയാള്‍ പോലീസുകാരെ കയ്യുയര്‍ത്തി തടയുന്നത് വീഡിയോയില്‍ കാണാം.

പിന്നീട് കൈകൊണ്ട് താഴെ അടയാളപ്പെടുത്തി ഭക്ഷണം അവിടെവെച്ച് പോകാന്‍ നിര്‍ദേശിക്കുന്നു. ഇയാള്‍ പറഞ്ഞിടത്ത് ഭക്ഷണം വെച്ച് പോലീസുകാര്‍ പിന്മാറുകയും ചെയ്യുന്നു. തെരുവില്‍ ജീവിക്കുന്നയാളുടെ കൊറോണയെക്കുറിച്ചുള്ള ധാരണയും പോലീസിന്റെ മനുഷ്യത്വമുള്ള പ്രവൃത്തിയുമാണ് സോഷ്യല്‍മീഡിയയെ വീഡിയോയിലേക്ക് ആകര്‍ഷിച്ചത്.

ഏതോ ഒരു സിസിടിവിയില്‍ പതിഞ്ഞതാണ് ഈ ദൃശ്യങ്ങള്‍. പിന്നീട് ഇത് സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുകയായിരുന്നു.കൊറോണ ദുരന്തസമയത്ത് തീര്‍ച്ചയായും കണ്ടിരിക്കേണ്ട വീഡിയോ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്. ഇതാണ് ഇപ്പോള്‍ അതിശയമെന്ന് വിശേഷിപ്പിച്ച് അശ്വിന്‍ ഷെയര്‍ ചെയ്തത്.

Exit mobile version