വിവാദം കത്തുന്നതിനിടെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് തിരിച്ചു; നാളെ ചികിത്സയിലുള്ള ഹൈദരലി തങ്ങളെ കാണും

മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ പരസ്യവിമര്‍ശനവുമായി രംഗത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി തലസ്ഥാനത്ത് നിന്നും മലപ്പുറത്തേക്ക് തിരിച്ചു. നിയമസഭാ സമ്മേളനം ഉപേക്ഷിച്ചാണ് മടക്കം. നാളെ കോഴിക്കോടെത്തി ഹൈദരലി തങ്ങളെ കാണും. ഹൈദരലി തങ്ങള്‍ ചികിത്സയുടെ ഭാഗമായി കോഴിക്കോടാണ്.

നോട്ട് നിരോധന കാലത്ത് ചന്ദ്രിക പത്രത്തിലെത്തിയ പത്ത് കോടി രൂപയെക്കുറിച്ചുള്ള ഇഡി അന്വേഷണം രാഷ്ട്രീയവിവാദമായി മാറിയതിന് പിന്നാലെയാണ് നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തായിരുന്ന പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് തിരികെ പോയത്.

ഹൈദരലി തങ്ങളെ ചോദ്യം ചെയ്യാന്‍ ഇഡി വീണ്ടും നോട്ടീസ് അയച്ചെന്ന് കെടി ജലീല്‍ ആരോപിക്കുകയും പിന്നാലെ വിഷയത്തില്‍ ഹൈദരലി തങ്ങളുടെ മകന്‍ പ്രതികരണവുമായി രംഗത്ത് വരികയും ചെയ്തതിന് പിന്നാലെ പികെ കുഞ്ഞാലിക്കുട്ടി കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് നേരിടുന്നത്.

അതേസമയം, ഹൈദരലി ശിഹാബ് തങ്ങള്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. പകരം നാളെ ഹാജരാകുക ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ എന്നാണ് വിവരം.

മുസ്ലീം ലീഗ് നേതൃത്വത്തിനും പികെ കുഞ്ഞാലിക്കുട്ടിയ്ക്കും എതിരെ വിമര്‍ശനവുമായി ഹൈദരലി തങ്ങളുടെ മകന്‍ മൊയീന്‍ അലി രംഗത്തെത്തിയിരുന്നു. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് കഴിയുന്നതെന്നും മൊയീന്‍ അലി വിശദീകരിച്ചു.

ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ലെന്നും നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടിയാണെന്നും മൊയീന്‍ അലി പറഞ്ഞു.

ഫിനാന്‍സ് മാനേജര്‍ സമീറിനെ നിയമിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും മൊയീന്‍ അലി കുറ്റപ്പെടുത്തി. ചന്ദ്രിക ദിനപത്രത്തിലൂടെ 10 കോടി കള്ളപ്പണം വെളുപ്പിച്ച കേസില്‍ പത്രത്തിന്റെ ചെയര്‍മാനും എംഡിയുമായ തങ്ങള്‍ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചിരുന്നു.

Exit mobile version