ശനി-ഞായർ ദിന അടച്ചിടൽ ഒഴിവാക്കും; കടകളുടെ മൂന്ന് ദിവസ നിയന്ത്രണവും ഒഴിവാക്കും; മൈക്രോ കണ്ടെയ്ൻമെന്റ് മാത്രം; കോവിഡ് പ്രോട്ടോക്കോൾ പരിഷ്‌കരിച്ചേക്കും

kerala police checking

തിരുവനന്തപുരം: ശനി, ഞായർ ദിനങ്ങളിലെ സമ്പൂർണ അടച്ചിടൽ ഉൾപ്പടെ ആൾക്കൂട്ട നിയന്ത്രണത്തിനായി ഏർപ്പെടുത്തിയിരുന്ന കോവിഡ് പ്രോട്ടോക്കോളിൽ സർക്കാർ കാര്യമായ മാറ്റം വരുത്താനൊരുങ്ങുന്നുവെന്ന് സൂചന. വാരാന്ത്യ സംസ്ഥാനത്ത് അടച്ചിടൽ ഒഴിവാക്കി ആൾക്കൂട്ടം നിയന്ത്രിക്കാനാണ് പുതിയ കോവിഡ് പ്രോട്ടോക്കോൾ തയ്യാറാക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആരോഗ്യ വിദഗ്ധ സമിതിയാണ് പുതിയ ശുപാർശകൾ തയ്യാറാക്കുന്നത്.

ഇതുപ്രകാരം വാരാന്ത്യ ലോക്ഡൗണും മൂന്നു ദിവസത്തെ നിയന്ത്രണങ്ങളും ഉണ്ടാവില്ല. വെള്ളി, തിങ്കൾ ദിവസങ്ങളിൽ തിരക്ക് വർധിക്കാൻ കാരണമായ വാരാന്ത്യ ലോക്ഡൗൺ ഇനി വേണ്ടെന്നാണ് ശുപാർശ. മൂന്നു ദിവസം മാത്രം പ്രവർത്തനാനുമതിയുള്ള കടകൾക്ക് എല്ലാ ദിവസവും തുറക്കാം. പ്രവർത്തന സമയവും കൂട്ടാം.

ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച് സർക്കാർ തീരുമാനമുണ്ടായേക്കും. നിലവിലെ നിയന്ത്രണങ്ങൾ ആൾക്കൂട്ടമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിക്കാനാണ് സർക്കാർ നീക്കം. ടിപിആർ നിരക്കും രോഗികളുടെ എണ്ണവും മാനദണ്ഡമാക്കി സംസ്ഥാന തലത്തിൽ പൊതു നിയന്ത്രണം വേണ്ടതില്ലെന്ന നിലപാടിലാണ് വിദഗ്ധ സമിതി. പകരം ടിപിആർ കൂടിയ ഇടങ്ങൾ മൈക്രോ കണ്ടയിൻമെന്റ് മേഖലകളാക്കി തിരിച്ച് നിയന്ത്രണം കൊണ്ടു വന്നേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, നിയന്ത്രണങ്ങൾ ഒഴിവാക്കിയാലും ആൾക്കൂട്ടം നിയന്ത്രിക്കാനായി വിവാഹം, മരണം, മറ്റു ആളുകൾ കൂടുന്ന പൊതുചടങ്ങുകൾ എന്നിവയ്ക്ക് കടുത്ത നിയന്ത്രണം തുടർന്നേക്കും. ഒപ്പം ആൾക്കൂട്ട നിയന്ത്രണത്തിന് കർശന നിലപാടും സർക്കാർ സ്വീകരിക്കും. പോലീസ് നിരീക്ഷണം ശക്തമാക്കുന്നതോടൊപ്പം കോവിഡ് പരിശോധനകൾ ഇരട്ടിയാക്കാനും ശ്രമിക്കും.

സംസ്ഥാനത്ത് രോഗ വ്യാപനത്തിൽ വർധനവുണ്ടെങ്കിലും ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം കൂടുതലില്ലെന്നാണ് വിലയിരുത്തൽ. വാക്‌സിനേഷൻ ഗുണം ചെയ്തുവെന്നതിന്റെ സൂചനയാണിത്. അതിനാൽ വാക്‌സിനേഷൻ കൂടുതൽ ഊർജിതമാക്കണം. ആരോഗ്യ വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി ചർച്ച ചെയ്യും. തുടർന്നായിരിക്കും പുതിയ കോവിഡ് മാനദണ്ഡങ്ങൾ നിലവിൽ വരിക. ഓണക്കാലം വരാനുള്ളതിനാൽ കരുതലോടെയായിരിക്കും സർക്കാർ തീരുമാനം.

Exit mobile version