ആലത്തൂർ എത്തിയ മുതൽ മനസ്സിൽ കുറിച്ചിട്ട പദ്ധതിയാണ് കുതിരാൻ തുരങ്കം; സമ്മർദ്ദം ചെലുത്തിയെന്ന് രമ്യ ഹരിദാസ്; എംപിയായിട്ട് എത്രകാലമായെന്ന് ഓർമ്മിപ്പിച്ച് സോഷ്യൽമീഡിയ

പാലക്കാട്: കുതിരാൻ തുരങ്കത്തിന് അപ്രതീക്ഷിതമായ ഉദ്ഘാടന നിർവ്വഹണമുണ്ടായതിന് പിന്നാലെ ക്രെഡിറ്റിനായി വാദിച്ച് പ്രതിപക്ഷവും ബിജെപിയും.
ആലത്തൂർ എത്തിയ മുതൽ കേൾക്കുന്ന പേരാണ് കുതിരാൻ. ആദ്യം മനസ്സിൽ കുറിച്ചിട്ട പദ്ധതിയും കുതിരാൻ തുരങ്ക നിർമ്മാണ പൂർത്തീകരണമാണ് എന്ന് ആലത്തൂർ എംപി രമ്യ ഹരിദാസിന്റെ വാദം ഇതിനിടെ സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്.

രണ്ടുമാസം കൊണ്ട് സർക്കാർ ക്രെഡിറ്റ് തട്ടിയെടുത്തെന്നും എംപിയായത് തൊട്ട് കുതിരാൻ തുരങ്ക നിർമ്മാണത്തിന് പിന്നിലുണ്ടായിരുന്നു എന്നുമുള്ള രമ്യഹരിദാസിന്റെ വാദത്തെ കണക്കുകൾ നിരത്തി പരിഹസിക്കുകയാണ് സോഷ്യൽമീഡിയ. രണ്ടുവർഷമായി എംപിയായിരിക്കുന്ന രമ്യ ഹരിദാസാണോ തുടർഭരണം നേടിയ എൽഡിഎഫ് സർക്കാരാണോ കുതുരാൻ നിർമ്മാണത്തിൽ പങ്കുവഹിച്ചതെന്നാണ് ഉയരുന്ന ചോദ്യം.

കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇന്നലെ വൈകുന്നേരമാണ് കുതിരാൻ തുരങ്കത്തിന്റെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവ്വഹിച്ചത്. ഗതാഗതത്തിനായി തുരങ്കം ഭാഗികമായി തുറന്നിരിക്കുകയാണ്.

എംപി രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ആലത്തൂർ എത്തിയ മുതൽ കേൾക്കുന്ന പേരാണ് കുതിരാൻ.. ആദ്യം മനസ്സിൽ കുറിച്ചിട്ട പദ്ധതിയും കുതിരാൻ തുരങ്ക നിർമ്മാണ പൂർത്തീകരണം… കുതിരാൻ തുരങ്കം ഉൾപ്പെടുന്ന തൃശ്ശൂരിലെ പ്രിയപ്പെട്ട എം.പി ടി. എൻ. പ്രതാപനോടൊപ്പം നിരവധി തവണയാണ് കേന്ദ്രസർക്കാരിൽ ഇതുമായി ബന്ധപ്പെട്ട് സമ്മർദ്ദം ചെലുത്തിയിട്ടുള്ളത്.
രണ്ടുവർഷം മുമ്പ് അനുവദിച്ച തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി തുരങ്ക നിർമ്മാണം കരാറെടുത്ത കമ്പനി നിർത്തിവെച്ചു.ഇതുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ അദ്ദേഹത്തിന്റെ ചേമ്പറിൽ പോയി കാണുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു.തുടർന്ന് കേന്ദ്രസർക്കാർ കൂടുതൽ തുക അനുവദിച്ചതോടുകൂടിയാണ് നിർമ്മാണം പുനരാരംഭിച്ചതും വേഗം വെച്ചതും.സബ്മിഷനിലൂടെയും ചോദ്യങ്ങളിലൂടെയും നിരവധി തവണ കേന്ദ്ര സർക്കാരിന്റെ മുന്നിൽ തുരങ്കത്തിലെ നിർമ്മാണം സജീവമാക്കി നിർത്താൻ സാധിച്ചു.കേരളത്തിൽ നിന്നുള്ള എല്ലാ എം.പിമാരും കക്ഷി രാഷ്ട്രീയത്തിനപ്പുറം ആത്മാർത്ഥമായി ഇതിന്റെ പിന്നിൽ സഹകരിച്ചിട്ടുണ്ട്.
പൂർണമായും കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുതിരാൻ തുരങ്കത്തിന്റെ ആദ്യഘട്ടം വാഹനത്തിന് തുറന്നു കൊടുക്കുമ്പോൾ ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ.നിധിൻ ഗഡ്കരി,കേന്ദ്ര സഹമന്ത്രി ശ്രീ. വി മുരളീധരൻ എന്നിവർ വിവിധഘട്ടങ്ങളിൽ സഹകരിച്ചത് നന്ദിയോടെ സ്മരിക്കുന്നു.
സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കേണ്ട പരിസ്ഥിതി വകുപ്പിന്റെ കത്തിടപാടുകൾ ലഭിക്കാൻ ഉണ്ടായ കാലതാമസം ആയിരുന്നു തുരങ്ക നിർമാണം ഇത്രയധികം നീണ്ടുപോകാൻ ഒരു കാരണം.നിർമാണം പൂർത്തിയാകുമ്പോൾ പലരും ക്രെഡിറ്റ് എടുക്കാൻ തിരക്ക് കൂട്ടുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.ആറുമാസംകൊണ്ട്
കണ്ണൂർ വിമാനത്താവളം മുതൽ കൊച്ചി മെട്രോ വരെ നടപ്പിലാക്കി ഉദ്ഘാടനം നടത്തിയവർ രണ്ടുമാസംകൊണ്ട് തുരങ്കം നിർമ്മാണം നടത്തി ഉദ്ഘാടനം ചെയ്യുന്നതിൽ അതിശയോക്തിയില്ല .അതുകൊണ്ടുതന്നെ യാതൊരു ക്രെഡിറ്റും പ്രതീക്ഷിച്ചല്ല ഈയൊരു ഉദ്യമം പൂർത്തീകരിക്കാൻ സമ്മർദ്ദം ചെലുത്തിയതും മുന്നിട്ടിറങ്ങിയതും.
തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു കുതിരാൻ.ആദ്യഘട്ടമാണ് തുറന്നതെങ്കിലും നിർമ്മാണം പൂർത്തീകരിക്കാൻ ആയതിൽ സന്തോഷം.. അഭിമാനം..
രാഷ്ട്രീയത്തിനപ്പുറം സംസ്ഥാനത്തിന്റെ വികസനത്തിന് ഒന്നിച്ചുനിന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ..

Exit mobile version