ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ട സ്ഥലം, കച്ചവടം നടത്തിയപ്പോള്‍ നടപടിയെടുത്തു; വയോധികയുടെ മീന്‍ അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ ന്യായീകരണവുമായി പൊലീസ്, ഇതുപോലെ ന്യായീകരിക്കാന്‍ ഉളുപ്പുണ്ടോ എന്ന് സോഷ്യല്‍മീഡിയ

കൊല്ലം : മത്സ്യവില്‍പ്പന നടത്തി കുടുംബം പോറ്റിയിരുന്ന സ്ത്രീയുടെ മത്സ്യങ്ങള്‍ ഓവുചാലിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇപ്പോഴിതാ നടപടിയില്‍ ന്യായീകരണവുമയി രംഗത്തെത്തിയിരിക്കുകയാണ് പൊലീസ്.

മീന്‍വില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ വസ്തുതാവിരുദ്ധമാണെന്നാണ് പൊലീസ് പറയുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ട സ്ഥലത്ത് എല്ലാ കച്ചവടങ്ങള്‍ക്കും ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചുകൊണ്ടു കച്ചവടം നടത്തിയപ്പോള്‍ നടപടിയെടുത്തു എന്നാണ് പൊലീസ് പറയുന്നത്.

ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പൊലീസിന്റെ പ്രതികരണം. അതേസമയം, പ്രായമായ സ്ത്രീയുടെ മീന്‍കുട്ട വലിച്ചെറിഞ്ഞതിനെക്കുറിച്ച് പൊലീസ് വിശദീകരണത്തില്‍ ഒന്നും പറയുന്നില്ല. സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നു.

പൊലീസിന്റെ പോസ്റ്റിന് താഴെ രൂക്ഷമായ പരിഹാസവും വിമര്‍ശനവുമാണ് ഉയരുന്നത്. നിയമപ്രകാരമാണ് നടപടിയെടുത്തതെങ്കില്‍ മീന്‍ എറിഞ്ഞവര്‍ക്കെതിരെയും നടപടി എടുക്കണമെന്നാണ് കമന്റുകളില്‍ പറയുന്നത്. ഇതുപോലെ ന്യായീകരിക്കാന്‍ ഉളുപ്പുണ്ടോ എന്നു ചോദിക്കുന്നില്ലെന്നും ചിലര്‍ രോഷത്തോടെ കമന്റിട്ടു.

മീന്‍വിറ്റ് കുടുംബം പോറ്റിയിരുന്ന അഞ്ചുതെങ്ങ് സ്വദേശിയായ മേരിയുടെ മത്സ്യമാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് പോലീസ് വലിച്ചെറിഞ്ഞത്. രോഗ ബാധിതനായ ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബത്തിലെ ആറോളം പേരുടെ അന്നമാണ് പൊലീസ് തട്ടിത്തെറുപ്പിച്ചതെന്നും മേരി പറയുന്നു.

Exit mobile version