കാലില്‍കിടക്കുന്ന വെള്ളിക്കൊലുസ് എത്ര പവന്‍?; സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്നും നേരിട്ടത് കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും, കൊല്ലത്ത് യുവതി ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ പരാതിയുമായി ബന്ധുക്കള്‍

കൊല്ലം: കുണ്ടറയില്‍ യുവതി ആറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തത് സ്ത്രീധനത്തെ ചൊല്ലിയുളള ഭര്‍തൃവീട്ടുകാരുടെ മാനസികപീഡനത്തെ തുടര്‍ന്നെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. കിഴക്കേകല്ലട നിലമേല്‍ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണനാണ് മരിച്ചത്.

കുണ്ടറയിലെ കടപുഴ പാലത്തില്‍നിന്ന് കല്ലടയാറ്റിലേക്കു ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്. നാട്ടുകാര്‍ കരയ്‌ക്കെത്തിച്ച് ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. പവിത്രേശ്വരം കല്ലുംമൂട് കുഴിവിള വീട്ടില്‍ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകളാണ് മരിച്ച രേവതി കൃഷ്ണ.

കഴിഞ്ഞ ഓഗസ്റ്റ് 30-നായിരുന്നു നിലമേല്‍ സൈജു ഭവനില്‍ സൈജുവുമായുള്ള രേവതിയുടെ വിവാഹം. വിവാഹംകഴിഞ്ഞ് ആഴ്ചകള്‍ക്കുശേഷം സൈജു വിദേശത്തെ ജോലിസ്ഥലത്തേക്ക് മടങ്ങി. വിവാഹശേഷം ഭര്തൃവീട്ടുകാര് സ്ത്രീധനത്തെ ചൊല്ലി രേവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

നിര്‍ധനകുടുംബമാണ് രേവതിയുടേത്. കോവിഡ് കാലമായതിനാല്‍ വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങുന്നതിനൊന്നും സാധിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം ഭര്‍തൃവീട്ടിലെത്തിയപ്പോള്‍ ഇതിനെച്ചൊല്ലി കളിയാക്കലും മറ്റും തുടര്‍ന്നെന്നാണ് പരാതി.

കാലില്‍കിടക്കുന്ന വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ഭര്‍തൃപിതാവ് നിരന്തരം കളിയാക്കി ചോദിച്ചു. പിന്നീട് രേവതിയുടെ വീട്ടുകാര്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് ലഭിച്ച വിവാഹധനസഹായമായ 70,000 രൂപകൊണ്ട് സ്വര്‍ണകൊലുസ് വാങ്ങിനല്‍കി. പിന്നീട് സ്വര്‍ണമാലയെച്ചൊല്ലിയായി മാനസികപീഡനം. സംഭവത്തില്‍ കിഴക്കേ കല്ലട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Exit mobile version