കോണ്‍ഗ്രസ് ജില്ലാക്കമ്മിറ്റി ഓഫീസ് നിര്‍മ്മാണം ഫണ്ടില്ലാത്തതിനാല്‍ മുടങ്ങി; സ്വന്തം വീട് വിറ്റ് പണം കണ്ടെത്തി സതീശന്‍ പാച്ചേനി

ജില്ലാക്കമ്മിറ്റി ഓഫീസിന്റെ പണി പൂര്‍ത്തീകരിക്കാന്‍ പണം കണ്ടെത്താനായി പാര്‍ട്ടി അധ്യക്ഷന്‍ സ്വന്തം വീട് വിറ്റു.

കണ്ണൂര്‍: പാതിവഴിയില്‍ നിര്‍മ്മാണം മുടങ്ങിയ കോണ്‍ഗ്രസ് ജില്ലാക്കമ്മിറ്റി ഓഫീസിന്റെ പണി പൂര്‍ത്തീകരിക്കാന്‍ പണം കണ്ടെത്താനായി പാര്‍ട്ടി അധ്യക്ഷന്‍ സ്വന്തം വീട് വിറ്റു. പാര്‍ട്ടി ഓഫീസിന്റെ 39 ലക്ഷം രൂപ ബാധ്യത തീര്‍ക്കാനാണ് തളിപ്പറമ്പിലുള്ള വീട് സതീശന്‍ പാച്ചേനി 38 ലക്ഷം രൂപയ്ക്കു വിറ്റത്. അഞ്ചുവര്‍ഷം മുമ്പ് 40 ലക്ഷം രൂപയ്ക്ക് നിര്‍മ്മിച്ച വീടായിരുന്നു ഇത്.

പാര്‍ട്ടി ഓഫീസ് നിര്‍മാണം പ്രതിസന്ധിയിലായതോടെയാണ് പ്രസിഡന്റ് വീടുവിറ്റ് ആ പണം തത്കാലം ഇതിനുപയോഗിച്ചത്. പാര്‍ട്ടി ഫണ്ട് ലഭ്യമായാല്‍ പിന്നീട് ആ പണം തിരികെ നല്‍കാമെന്ന ധാരണയിലാണിത്. ഡിസിസിയുടെ പഴയ കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പണി കരാറുകാരനെ ഏല്‍പ്പിച്ചു.

എന്നാല്‍ ചില തര്‍ക്കങ്ങള്‍ കാരണം നിര്‍മ്മാണം വൈകി. പുതിയ പ്രസിഡന്റായി പാച്ചേനി വന്നപ്പോള്‍ ഉടന്‍ പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുമെന്നായിരുന്നു ആദ്യത്തെ വാഗ്ദാനം. ഈ സമയം പാര്‍ട്ടിക്ക് വലിയ ബാധ്യത വന്നു. തിരഞ്ഞെടുപ്പ് വന്നതോടെ സാമ്പത്തിക പ്രതിസന്ധിയുമുണ്ടായി. അതിനിടെ കരാറുകാരനെ ഒഴിവാക്കി നിര്‍മാണം പാര്‍ട്ടി ഏറ്റെടുക്കുകയും ചെയ്തു. കരാറുകാരന് നല്‍കാനുള്ള ബാക്കി ബാധ്യത തീര്‍ക്കാനാണ് പ്രസിഡന്റ് വീടുവിറ്റ് പണം നല്‍കിയത്.

Exit mobile version