ഫാത്തിമ ബീവിയുടെ നാല് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പ് സഫലം: വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതിയ മകന്‍ തിരികെയെത്തുന്നു

ശാസ്താംകോട്ട: ഫാത്തിമ ബീവി ഉമ്മയുടെ നാല് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പ്
സഫലമാകുകയാണ്, ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നു കരുതിയ മകന്‍ തിരികെ വീടണയുകയാണ്.

നാല്‍പ്പത്തിയഞ്ച് വര്‍ഷംമുമ്പ് ദുബായിലേക്ക് പോയ സജാദ് തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് പടനിലത്ത് തെക്കതില്‍ വീട്. രണ്ടു വയസ്സുകാരന്‍ ഹാത്തിം ഹിലാല്‍ മുതല്‍ 92 വയസ്സുകാരി ഫാത്തിമ ബീവി വരെയുള്ള 71 കുടുംബാംഗങ്ങള്‍ സജാദ് തങ്ങളെ കാത്ത് വീട്ടിലുണ്ട്. അന്ന് 24കാരനായ സജാദിന് ഇന്ന് 69 വയസ്സുണ്ട്. സഹോദരങ്ങളും കൂടെപ്പിറപ്പിനെ കാണാന്‍ കാത്തിരിക്കുന്നു. വാപ്പ യൂനുസ് കുഞ്ഞ് 2012 ല്‍ മരിച്ചു.

ഫാത്തിമ ബീവിയുടെ 8 മക്കളില്‍ മൂന്നാമനായ സജാദ് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് 19ാം വയസ്സിലാണ് 1971ല്‍ ദുബായിലേക്ക് പോയത്. ട്രെയിനില്‍ മുംബൈയില്‍ എത്തിയ ശേഷം അവിടെ നിന്ന് 8 ദിവസം കപ്പലിലായിരുന്നു യാത്ര. 5 വര്‍ഷത്തിനു ശേഷം നാട്ടില്‍ തിരികെയെത്തി.

സുഹൃത്തുക്കള്‍ക്കൊപ്പം സ്റ്റേജ് ഷോ പരിപാടിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. നടി റാണി ചന്ദ്രയെയും സംഘത്തെയും ദുബായിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ വന്നപ്പോള്‍ 1976ല്‍ വീട്ടില്‍ എത്തിയിരുന്നു. അതാണ് അവസാനവരവ്. തിരികെ നടിയെ മദ്രാസില്‍ എത്തിക്കാന്‍ വരുന്നുണ്ടെന്നും വിമാനടിക്കറ്റ് എടുത്തെന്നും വീട്ടുകാരെ അറിയിച്ചിരുന്നു.

മടക്കയാത്രയില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം അപകടത്തില്‍പ്പെട്ട് റാണി ചന്ദ്ര അടക്കം 89 യാത്രക്കാരും ആറു വിമാനജീവനക്കാരും മരിച്ചു. 1976 ഒക്ടോബര്‍ 12ന് ആയിരുന്നു ദുരന്തം. അപകടത്തില്‍ സജാദും മരിച്ചെന്ന് വീട്ടുകാര്‍ വിശ്വസിച്ചു. മരിച്ചവരുടെ വിവരം പ്രസിദ്ധീകരിച്ചപ്പോഴാണ് സജാദിനു പകരം സുഹൃത്ത് വര്‍ക്കല പെരുമാതറ സ്വദേശി സുധാകരന്‍ ആണ് വന്നതെന്ന് ബന്ധുക്കള്‍ അറിഞ്ഞത്.

തുടര്‍ന്നും സജാദിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായില്ല. വിമാനാപകട വാര്‍ത്തയും സുധാകരന്റെ മരണവുമെല്ലാം സജാദിനെ ഉലച്ചിരുന്നു. ദുബായ് വിട്ട സജാദ് മുംബൈയില്‍ എത്തി കച്ചവടം നടത്തി. 35 വര്‍ഷമായി മുംബൈയിലുണ്ട്. രോഗിയായ അദ്ദേഹത്തെ സുഹൃത്തായ പ്രസാദ് നാരായണന്‍ 2019 നവംബറില്‍ മുബൈ പനവേല്‍ സീല്‍ ആശ്രമത്തില്‍ എത്തിച്ചു.

ആശ്രമത്തിന്റെ ചുമതലക്കാരനായ അടൂര്‍ സ്വദേശി പാസ്റ്റര്‍ ഫിലിപ്പിനോട് അടുത്തിടെ സജാദ് വീട്ടുകാരെക്കുറിച്ച് സംസാരിച്ചു. പാസ്റ്ററും കൂട്ടരും കാരാളിമുക്ക് ജുമാ മസ്ജിദില്‍ എത്തി ബന്ധുക്കളെ കണ്ടു. സജാദിനെ കൂട്ടിക്കൊണ്ടുവരാന്‍ ഇളയ സഹോദരന്മാരായ മുഹമ്മദുകുഞ്ഞ്, അബ്ദുല്‍ റഷീദ് എന്നിവര്‍ സജാദിനെ കൂട്ടിക്കൊണ്ടുവരാന്‍ മുംബൈ പന്‍വേലിലെ സീല്‍ ആശ്രമത്തിലേക്കു തിരിക്കും.

Exit mobile version