മൂന്നാം വയസ്സില്‍ പേരിനൊപ്പം ‘ക്യാപ്റ്റന്‍’ ചേര്‍ത്തു പറഞ്ഞു: മൂന്ന് പതിറ്റാണ്ടിന് ശേഷം യഥാര്‍ഥ ക്യാപ്റ്റനായി അധ്യാപികയുടെ മുന്നില്‍; സൈബര്‍ലോകത്ത് വൈറലായി ഒരു അപൂര്‍വ്വ കൂടിക്കാഴ്ച

ന്യൂഡല്‍ഹി: തങ്ങള്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ഉന്നത ഉദ്യോഗസ്ഥരാകുന്നത് എല്ലാ അധ്യാപകരുടെയും ആഗ്രഹമാണ്. മൂന്ന് പതിറ്റാണ്ടിന് ശേഷം ഒരു അധ്യാപികയുടെയും വിദ്യാര്‍ത്ഥിയുടെയും അപ്രതീക്ഷിത കൂടിക്കാഴ്ചയാണ് സൈബര്‍ലോകത്തിന്റെ ശ്രദ്ധനേടുന്നത്.

മൂന്നാം വയസ്സില്‍ പേരിനൊപ്പം ക്യാപ്റ്റന്‍ ചേര്‍ത്തുപറഞ്ഞ വിദ്യാര്‍ത്ഥിയെ മുപ്പത് വര്‍ഷത്തിന് ശേഷം ക്യാപ്റ്റനായി കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സുധ സത്യന്‍ എന്ന അധ്യാപിക.

എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു ആ അപ്രതീക്ഷിത കൂടിക്കാഴ്ച. ഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേക്ക് പോകുന്നതിനിടയിലാണ് മൂന്ന് പതിറ്റാണ്ടുമുമ്പത്തെ തന്റെ വിദ്യാര്‍ത്ഥിയെ ടീച്ചര്‍ തിരിച്ചറിഞ്ഞത്.

വിമാനത്തില്‍ പൈലറ്റിന്റെ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ സുധ ടീച്ചര്‍ ഞെട്ടി. ക്യാപ്റ്റന്‍ രോഹന്‍ ബഷീന്‍! പേര് കേട്ടതോടെ പൈലറ്റിനെ നേരിട്ട് കാണണമെന്ന ആഗ്രഹം ക്രൂവിനെ അറിയിച്ചു. തുടര്‍ന്ന് രോഹന്‍ എത്തി ടീച്ചറെ കണ്ടു.

രോഹന്റെ അമ്മയാണ് മുപ്പത് വര്‍ഷം മുന്‍പത്തെയും ഇപ്പോഴത്തേയും രോഹന്റെയും ടീച്ചറുടെയും ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. നിരവധി പേരാണ് ആശംസകളറിയിച്ചും സന്തോഷം പങ്കുവച്ചും രംഗത്തെത്തുന്നത്.

Exit mobile version