ഹൈടെക് വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ തോല്‍പ്പിക്കില്ല.. ‘അമ്മ’ വിദ്യാലയത്തിന് പുതുജീവന്‍ നല്‍കി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: ഹൈടെക് വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ ഈ അമ്മ വിദ്യാലയത്തെ തോല്‍ക്കാന്‍ അനുവദിക്കില്ല. കുട്ടികള്‍ക്ക് ഇരിക്കാന്‍ നല്ലൊരു ബെഞ്ച് പോലുമില്ലാതെ അടച്ച് പൂട്ടാനൊരുങ്ങിയ പൊതുവിദ്യാലയത്തിന് നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പുതുജീവന്‍ നല്‍കി. തിരുവനന്തപുരം പൂവത്തൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌ക്കൂളാണ് നാട്ടുകാര്‍ ചേര്‍ന്ന് നവീകരിച്ചത്.
അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം മൂലം സ്‌കൂള്‍ അടച്ച് പൂട്ടാനിരിക്കെയാണ് നാട്ടുകാരുടേതടക്കം സഹായഹസ്തം ഉയര്‍ന്നത്.

ഹൈടെക് ക്ലാസ്‌റൂം നിര്‍മ്മിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. സ്‌കൂള്‍ തങ്ങളുടെ അമ്മയാണെന്നും അതിന് പുതുജീവന്‍ നല്‍കേണ്ടത് നാടിന്റെ ആവശ്യമാണെന്നും നാട്ടുകാര്‍ പറയുന്നു. നാല് ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച ഹൈടെക് ക്ലാസ്‌റൂമാണ് നാട്ടുകാരുടെ ശ്രദ്ധാകേന്ദ്രം. അന്തര്‍ദേശീയ നിലവാരത്തിലുള്ള ക്ലാസ്മുറിയില്‍ എല്‍ഇഡി ടിവി, സൗണ്ട് സിസ്റ്റം എന്നിവയും ഒരുക്കിയിട്ടുണ്ട്. പഠനത്തിന് പുറമെ കുട്ടികള്‍ക്ക് സൗജന്യമായി സ്‌കേറ്റിംഗ് ക്ലാസും നീന്തല്‍ പരിശീലനവും നല്‍കുന്നുണ്ട്.

അടിസ്ഥാന സൗകര്യ വികസനത്തോടെ കൂടുതല്‍ കുട്ടികള്‍ സ്‌കൂളിലെത്തിത്തുടങ്ങി. ഇപ്പോള്‍ സ്‌കൂളില്‍ ഇരുന്നൂറ്റി നാല്‍പ്പത്തൊന്ന് കുട്ടികളുണ്ട്. അടുത്ത അധ്യയനവര്‍ഷം സ്‌കൂളിലേക്ക് കൂടുതല്‍ കുട്ടികളെത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

Exit mobile version