സ്ഥാനത്ത് വാക്സിന്‍ ക്ഷാമം: പുതിയ സ്റ്റോക്ക് ലഭിച്ചാലേ വാക്‌സിനേഷന്‍ തുടരാനാകൂ; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വാക്സിന്‍ ക്ഷാമമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പല ജില്ലകളിലും വാക്സിന്‍ സ്റ്റോക്കില്ല. തിരുവനന്തപുരം ജില്ലയില്‍ അടക്കം വാക്സിന്‍ ക്ഷാമമുണ്ട്.

സംസ്ഥാനത്തെ മിക്ക ജില്ലകളിലും നാളെ വാക്സിനേഷന്‍ ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പുതിയ സ്റ്റോക്ക് ലഭിച്ചാലേ വാക്‌സിനേഷന്‍ തുടരാനാകൂ. അടുത്ത മാസം അറുപത് ലക്ഷം ഡോസ് വാക്സിന്‍ വേണം. നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

നാല്‍പ്പത്തിയഞ്ച് വയസിന് മുകളിലുള്ള 76 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നല്‍കി. മുപ്പത്തിയഞ്ച് ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് നല്‍കി. വാക്സിന്‍ വിതരണം സുതാര്യമാണ്. വാക്സിന്‍ എത്തിക്കേണ്ടവര്‍ തെറ്റായ പ്രചാരണം നടത്തുകയാണ്. സംസ്ഥാനത്തിന് കൂടുതല്‍ വാക്സിന്‍ എത്തിക്കാന്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ഇടപെടണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ വാക്സിനേഷന്‍ നിരക്ക് ഉയര്‍ന്നു തന്നെയാണുള്ളത്. ജനസംഖ്യാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഒന്നാം ഡോസ് നല്‍കിയതിലും രണ്ടാം ഡോസ് നല്‍കിയതിലും നമ്മള്‍ ഉയര്‍ന്നു തന്നെയാണുള്ളത്- മന്ത്രി പറഞ്ഞു.

വയനാട്, കാസര്‍കോട് ജില്ലകളില്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഒന്നാം ഡോസ് 100 ശതമാനം നല്‍കി. വയനാട്ടില്‍ 2,72,333 പേര്‍ക്കും കാസര്‍കോട്ട് 3,50,648 പേര്‍ക്കും വാക്സിന്‍ നല്‍കി. ഈ രണ്ടു ജില്ലകളിലും 45 വയസ്സിനു മുകളിലുള്ള ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു കൂടി വാക്സിന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version