തിരുവനന്തപുരത്ത് വന്‍ വീഴ്ച: പ്രതിരോധ കുത്തിവയ്പ്പിനെത്തിയ രണ്ട് കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ കുത്തിവച്ചു; കുട്ടികള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുത്തിവയ്പ്പിനിടെ വന്‍ വീഴ്ച. രണ്ട് കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ കുത്തിവച്ചു. പ്രതിരോധ കുത്തിവയ്പ്പിന് പകരം കോവിഡ് വാക്‌സിനാണ് കുത്തിവച്ചത്.

ആര്യനാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. 15 വയസ്സിന്റെ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ വന്ന രണ്ടു കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ മാറി നല്‍കുകയായിരുന്നു. കുട്ടികള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണുള്ളത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. ഒപി ടിക്കറ്റില്‍ പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവയ്പ്പെന്ന് കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. എന്നാല്‍ എങ്ങനെയാണ് കോവിഡ് വാക്‌സിന്‍ നല്‍കിയതെന്ന് ആശുപത്രി അധികൃതര്‍ മറുപടി പറയണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

അതേസമയം, കുട്ടികള്‍ വാക്‌സിനേഷന്‍ സ്ഥലം മാറിയെത്തി വാക്‌സിനെടുത്തെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വീഴ്ച സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.

Exit mobile version