എംബിബിഎസും എംഡിയും ലഭിക്കും മുമ്പെ ചികിത്സ; തന്റെ രണ്ട് വൃക്കകളും തകരാറിലായത് ഈ വനിതാ ഡോക്ടർ കാരണം; പീഡനമെന്നത് വ്യാജപരാതിയെന്ന് കണ്ണൻ പട്ടാമ്പി

പാലക്കാട്: വനിതാഡോക്ടറെ ദേഹോപദ്രവം ഏൽപ്പിച്ചെന്നും ആശുപത്രിയിലെത്തി കടന്നുപിടിച്ചെന്നുമുള്ള പരാതിയിൽ സിനിമാതാരമായ കണ്ണൻ പട്ടാമ്പിക്ക് എതിരെ പോലീസ് കേസെടുത്തു. അതേസമയം, വനിതാ ഡോക്ടർ നൽകിയിരിക്കുന്നത് വ്യാജപരാതിയാണെന്നും അവരുടെ കീഴിൽ പ്രമേഹത്തിന് ചികിത്സയിലായിരുന്ന തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും കണ്ണൻ സ്വകാര്യമാധ്യമത്തോട് വെളിപ്പെടുത്തി. തന്റെ ഇരുവൃക്കകളുടേയും പ്രവർത്തനത്തെ തന്നെ സാരമായി ബാധിച്ചതോടെയാണ് ഇവർക്കെതിരെ കോടതിയിൽ പരാതി നൽകിയതെന്നും കണ്ണൻ പട്ടാമ്പി പറയുന്നു.

കണ്ണൻ പട്ടാമ്പിയുടെ വാക്കുകൾ:

പ്രമേഹരോഗത്തിന് ഈ വനിതാ ഡോക്ടർ ജോലി ചെയ്യുന്ന സേവന ഹോസ്പിറ്റലിലെതന്നെ ഡോ. പത്മകുമാറിന്റെ കീഴിൽ ചികിത്സയിലായിരുന്നു ഞാൻ. അദ്ദേഹം അവിടുന്ന് മാറി പോയതിനുശേഷമാണ് പരാതിക്കാരിയായ ഡോക്ടറുടെ അടുക്കൽ ഞാൻ തുടർചികിത്സ തേടുന്നത്. അന്ന് അവർ പേരിനോടൊപ്പം എം.ബി.ബി.എസ്., എം.ഡി. ഡയബറ്റോളജിസ്റ്റ് എന്ന ബോർഡ് വച്ചിട്ടുണ്ടായിരുന്നു. അവരുടെ ചികിത്സയ്ക്ക് ശേഷവും രോഗശമനമുണ്ടായില്ല. തുടർന്നുള്ള രക്തപരിശോധനയിലാണ് ക്രിയാറ്റിൻ കൂടുതലാണെന്ന് അറിയുന്നത്. ഡോക്ടറുടെ കുറിപ്പടിയിലുള്ള മരുന്നുകൾ അവിടുത്തെ ഫാർമസിയിൽനിന്നുതന്നെയാണ് ഞാൻ എടുത്തിരുന്നത്. എന്നാൽ ഒരു ദിവസം പുറത്തുള്ള മെഡിക്കൽ സ്റ്റോറിൽനിന്നാണ് മരുന്ന് വാങ്ങിയത്. അതിന്റെ ഉടമ ഒരു ഫാർമസ്റ്റോളജിസ്റ്റാണ്. പ്രിസ്‌ക്രിപ്ഷനിൽ കുറിച്ചിരുന്ന ടാബ്‌ലെറ്റുകൾ ഉറക്കഗുളികകളാണെന്നാണ് അയാൾ എന്നോട് പറഞ്ഞത്. എന്റെ സുഹൃത്തും മെഡിക്കൽ സൂപ്രണ്ടുമായ ഡോ. റഹ്മാൻ പറഞ്ഞിട്ടാണ് ഇവർക്ക് എം.ഡി. ബിരുദം ഇല്ലെന്ന് ഞാൻ അറിയുന്നത്. തുടർന്ന് വിവാരാാവകാശ നിയമപ്രകാരം ടി.സി.എം.സിയിൽ നിന്ന് വിവരങ്ങൾ തേടിയിരുന്നു. ടി.സി.എം.സി തന്ന മറുപടിയിൽ അവർ എം.ബി.ബി.എസ്. ബിരുദം തന്നെ രജിസ്റ്റർ ചെയ്തത് 2018 ലാണ്. എം.ഡി. ബിരുദം രജിസ്റ്റർ ചെയ്തിട്ടുമുണ്ടായിരുന്നില്ല. എന്നിട്ടും 2012 മുതൽ അവർ സേവനയിൽ ഡോക്ടറായി പ്രവർത്തിച്ചുവരികയാണ്.

ഇതിനിടയിൽ അവരുടെ കീഴിൽ ചികിത്സയിലുണ്ടായിരുന്ന കാരക്കാട്ട് ബഷീർ എന്നൊരാൾ മരണപ്പെട്ടിരുന്നു. ചികിത്സാപിഴവാണെന്ന് കാണിച്ച് കാരക്കാട്ടുകാർ അന്ന് ഹോസ്പിറ്റലിൽ വലിയ പ്രശ്‌നമുണ്ടാക്കിയിരുന്നു. ആ വിഷയത്തെ തുടർന്നാണ് അവർ എം.ബി.ബി.എസ്. ബിരുദംപോലും രജിസ്റ്റർ ചെയ്തത്.

തുടർന്ന് ഞാൻ പട്ടാമ്പി മുനിസിഫ് കോടതിയിൽ ഇവർക്കെതിരെ കേസ് കൊടുത്തു. കോടതിയുടെ നിർദ്ദേശപ്രകാരം പോലീസ് അന്വേഷണം നടത്തി. എന്റെ പരാതി ശരിയാണെന്ന് ബോദ്ധ്യപ്പെട്ട പോലീസ് അവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തിരുന്നു. ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം എടുത്തതുകൊണ്ടാണ് അവർക്കിപ്പോഴും പുറത്തിറങ്ങി നടക്കാൻ കഴിയുന്നത്.
ഡോക്ടറുടെ ചികിത്സാ പിഴവുമൂലം എന്റെ രണ്ട് വൃക്കകളുടെയും പ്രവർത്തനത്തെ അത് സാരമായി ബാധിച്ചിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ് ഞാനിപ്പോഴും. ഈ ദുരനുഭവം മറ്റാർക്കും ഉണ്ടാകരുതെന്ന് കരുതിയിട്ടാണ് ഇവരുടെ വ്യാജബിരുദത്തിനെതിരെ ഫേസ്ബുക്കിൽ ഞാൻ ലൈവ് വന്നത്. അതാണവരെ പ്രകോപിപ്പിച്ചത്.
ഡോക്ടർതന്നെ പറയുന്ന പ്രകാരം ഒന്നര വർഷംമുമ്പ് അവർ പട്ടാമ്പി പോലീസ് സ്‌റ്റേഷനിൽ കൊടുത്ത പരാതിയിൽ ഞാൻ ശാരീരിക പീഡനം നടത്തിയെന്ന് പറയുന്നില്ല. എന്തിനേറെ മൂന്നാഴ്ച മുമ്പ് അവർ വീണ്ടും ഒരു പരാതി കൊടുത്തിരുന്നു. ആ പരാതിയിലും ഞാൻ അവരെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്നുവെന്നും അവരുടെ പ്രൊഫഷനെപ്പോലും കടന്നാക്രമിക്കുന്നരീതിയിലുള്ള പ്രവർത്തനങ്ങളുണ്ടാകുന്നുവെന്നുമാണ് പറഞ്ഞത്. അതിലും ശാരീരിക പീഡനം ആരോപിച്ചിട്ടില്ല. ഇപ്പോൾ എനിക്കെതിരെ നൽകിയിരിക്കുന്ന ശാരീരികപീഡനക്കേസ് മറ്റാരുടെയോ ഉപദേശത്തിൽ ചെയ്തതാണ്. കേസ് ശക്തിപ്പെടണമെങ്കിൽ ഇന്നത്തെ അവസ്ഥയിൽ കുറഞ്ഞത് ശാരീരിക പീഡനം വേണമെന്നാണല്ലോ.

ഞാൻ അവരുടെ ഹോസ്പിറ്റലിൽ, ഒ.പി. നടന്നുകൊണ്ടിരിക്കുന്ന സമയത്ത് കയറി ആക്രമിച്ചു എന്നാണ് പരാതിയിൽ ഉള്ളത്. അങ്ങനെയൊരു പരാതി ഉണ്ടായിരുന്നുവെങ്കിൽ ഹോസ്പിറ്റൽ അധികൃതർ മുഖേന അവർക്ക് പോലീസിൽ പരാതിപ്പെടാമായിരുന്നു. എങ്കിൽ ഈ കേസിന് ഇതിനേക്കാൾ ശക്തി വരുമായിരുന്നു. ഇതവർക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ അതിൽ ഒട്ടും സത്യം ഇല്ലെന്ന് ഹോസ്പിറ്റൽ അധികൃതർക്കുതന്നെ അറിയാം. അതൊക്കെ മറച്ചുവച്ചുകൊണ്ടാണ് അവർ പുതിയ അടവുമായി രംഗത്തെത്തിയിരിക്കുന്നത്. മൂൻകൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ ഞാനും അപേക്ഷിച്ചിട്ടുണ്ട്. തിങ്കളാഴ്ച കേസ് വച്ചിരുന്നതാണ്. പക്ഷേ അത് നീട്ടിവച്ചിട്ടുണ്ട്.
എന്നെ കള്ളക്കേസിൽ കുടുക്കിയാൽപോലും അവർക്കെതിരെയുള്ള നിയമനടപടികളുമായി ഞാൻ മുന്നോട്ട് പോവുകതന്നെ ചെയ്യും. കണ്ണൻ പട്ടാമ്പി പറഞ്ഞു.

Exit mobile version