കണ്ണൂർ സെൻട്രൽ ജയിലിൽ ഗുണ്ടാ ആക്രമണം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് ഗുരുതരപരിക്ക്

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനകത്ത് വെച്ചുണ്ടായ ഗുണ്ടാ ആക്രണത്തിൽ പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയ്ക്ക് പരിക്കേറ്റു. പെരിയ ഇരട്ടക്കൊലപാതക കേസിലെ മൂന്നാം പ്രതി എച്ചിലാംവയൽ സ്വദേശി കെഎം സുരേഷിനെയാണ് സഹതടവുകാരനായ എറണാകുളം സ്വദേശി അസീസ് ആക്രമിച്ചത്.

ജയിലിൽ രണ്ടാം ബ്ലോക്കിനടുത്ത് വെച്ച് ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. സുരേഷ് വ്യായാമം ചെയ്യുമ്പോൾ അസീസ് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുരേഷിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

വ്യായാമം ചെയ്യാനുപയോഗിക്കുന്ന ഡംബൽ കൊണ്ട് അസീസ് സുരേഷിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. നിരവധി അക്രമ ക്വട്ടേഷൻ കേസുകളിൽ പ്രതിയാണ് അസീസ്.

അടിയന്തര ചികിത്സയ്ക്ക് ശേഷം ആവശ്യമെങ്കിൽ സുരേഷിനെ വിദഗ്ദ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു.

Exit mobile version