നടന്‍ കെടിഎസ് പടന്നയില്‍ വിടവാങ്ങി

KTS Padannayil | Bignewslive

തൃപ്പൂണിത്തുറ: പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ കെടിഎസ് പടന്നയില്‍ വിടവാങ്ങി. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് അന്ത്യം. നാടകങ്ങളിലൂടെയാണ് പടന്നയില്‍ സിനിമാ ലോകത്തേയ്ക്ക് എത്തിയത്. ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിലേയ്ക്കും ചേക്കറി.

1990-കള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു. പിന്നീട് സീരിയലുകളിലും അഭിനയിച്ചു. സിനിമാ നടനായിരിക്കുമ്പോഴും തൃപ്പൂണിത്തുറയില്‍ പെട്ടിക്കട നടത്തിയിരുന്നു. 140ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാജസേനന്‍ സംവിധാനം ചെയ്ത അനിയന്‍ ബാവ ചേട്ടന്‍ ബാവയിലൂടെയാണ് താരം സിനിമയിലേയ്ക്ക് എത്തിയത്.

പിന്നീട് വൃദ്ധന്‍മാരെ സൂക്ഷിക്കുക, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ തിരക്കുള്ള നടനായി അദ്ദേഹം മാറി. 1956-ല്‍ ‘വിവാഹ ദല്ലാള്‍’ എന്ന നാടകത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് അഞ്ചുരൂപ പ്രതിഫലത്തില്‍ അമെച്ചര്‍ നാടകങ്ങളില്‍ അഭിനയം തുടര്‍ന്നു. പിന്നീട് പ്രൊഫഷണല്‍ നാടകരംഗത്ത് നീണ്ട 50 വര്‍ഷക്കാലം തിളങ്ങി നിന്നു. വൈക്കം മാളവിക, ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങല്‍ പത്മശ്രീ, ഇടക്കൊച്ചി സര്‍ഗചേതന തുടങ്ങി ഒട്ടേറെ സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ രമണി, മക്കള്‍: ശ്യാം, സ്വപ്ന, സന്നന്‍, സാജന്‍

Exit mobile version