വാർഡ് തലത്തിൽ വാക്‌സിന് പ്രത്യേക രജിസ്‌ട്രേഷൻ; കോവിഡ് സ്ലോട്ട് ലഭിക്കുന്നില്ലെന്ന സാധാരണക്കാരുടെ പരാതിക്ക് പരിഹാരം കാണാൻ സർക്കാർ

covid 19

കോഴിക്കോട്: കോവിഡ് പ്രതിരോധ വാക്‌സിന് വേണ്ടി ഓൺലൈനിലൂടെ ബുക്ക് ചെയ്യാൻ സാധിക്കാത്ത സാധാരണക്കാർക്കായി വാർഡ് തലത്തിൽ രജിസ്‌ട്രേഷൻ നടത്താൻ പ്രത്യേക പരിപാടി സംഘടിപ്പിക്കും. ബുക്കിങ് സാധാരണക്കാർക്ക് സാധിക്കുന്നില്ലെന്ന നിരന്തര പരാതിക്ക് പരിഹാരമായാണ് ആരോഗ്യവകുപ്പിന്റെ ഈ നടപടി.

ദാരിദ്ര്യ രേഖക്കു താഴെയുള്ളവർ, ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർ, സ്മാർട്ട്‌ഫോൺ, കമ്പ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യങ്ങൾ ഇല്ലാത്തവർ എന്നിവർക്കായി വാർഡ് തലത്തിൽ രജിസ്‌ട്രേഷൻ നടത്താൻ പ്രത്യേക പരിപാടി സംഘടിപ്പിക്കും. ‘കോവിൻ’ പോർട്ടലിൽ പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമാണൊരുക്കുന്നത്. ഇവരുടെ വാക്‌സിൻ രജിസ്‌ട്രേഷൻ ജൂലൈ 31 ന് മുമ്പ് പൂർത്തിയായെന്ന് ആശ വർക്കർമാർ ഉറപ്പുവരുത്തണം.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, നഗര ആരോഗ്യ കേന്ദ്രങ്ങൾ, മറ്റ് ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയും രജിസ്‌ട്രേഷൻ സംഘടിപ്പിക്കും. പഞ്ചായത്ത് തലത്തിൽ നടത്തുന്ന വാക്‌സിനേഷൻ ക്യാമ്പുകളിൽ നിന്ന് കുത്തിവെപ്പ് എടുക്കാൻ നേരത്തേ ബുക്ക് ചെയ്യേണ്ടതില്ല. വാക്‌സിനേഷനായി കോവിൻ സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് സ്‌പോട് രജിസ്‌ട്രേഷനിലൂടെ വാക്‌സിൻ നൽകും.

ഓരോ പ്രദേശത്തേക്കും ജനസംഖ്യാനുപാതികമായാണ് വാക്‌സിൻ ലഭ്യമാക്കുന്നത്. എത്ര പേർക്ക് വാക്‌സിൻ നൽകാനുണ്ട് എന്നറിയാൻ കൂടിയാണ് രജിസ്‌ട്രേഷൻ നടപടികൾ വാർഡിലേക്കെത്തുന്നത്. പിന്നീട് ക്യാമ്പുകളിലും ആശുപത്രികളിലും വെച്ച് വാക്‌സിൻ നൽകും. വീടുകളിലോ പൊതു സ്ഥലങ്ങളിലോ ആശാ വർക്കർമാരുടെ നേതൃത്വത്തിൽ രജിസ്‌ട്രേഷൻ നടത്തും. സംസ്ഥാനത്ത് ഗർഭിണികൾക്കും വാക്‌സിനേഷൻ ആരംഭിച്ചിട്ടുണ്ട്.

Exit mobile version