‘കണ്ണുരുട്ടലും ഭീഷണിയും ചിലവാകുന്നിടത്ത് മതി! ഇതൊന്നും കണ്ട് ഭയപ്പെടുന്ന സര്‍ക്കാരല്ല ഇത്’; എന്‍എസ്എസിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എന്‍എസ്എസ്സിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ”നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും. അതൊക്കെ ചിലവാകുന്നിടത്ത് മതി സര്‍ക്കാരിനോട് വേണ്ട .ഇതൊന്നും കണ്ട് ഭയപ്പെടുന്ന സര്‍ക്കാരല്ല കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന ന്യൂനപക്ഷദിനാചരണത്തിന്റെ സമാപനച്ചടങ്ങിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

സമൂഹത്തിന് പറ്റാത്ത തെറ്റായ കാര്യങ്ങളെ എതിര്‍ക്കാന്‍ കേരളം മുന്നിട്ടുനിന്നിട്ടുണ്ട്. അതിനെ ആര് എതിര്‍ക്കുന്നുവെന്ന് നോക്കി, അവരുടെ ശക്തി കണ്ട്, അവരുടെ മേനിപറച്ചിലിന് മുന്നില്‍ അടിയറവ് പറയുന്ന നില കേരളം സ്വീകരിച്ചിട്ടില്ലെന്ന് എന്‍എസ്എസിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത് എത്തിയതിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സംസ്ഥാനസര്‍ക്കാരിനെ പൂര്‍ണമായും തള്ളിപ്പറഞ്ഞ ജി സുകുമാരന്‍ നായര്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പിണറായി വിജയന് ധാര്‍ഷ്ട്യമാണ്. തീരുമാനിച്ചതെല്ലാം ചെയ്യുമെന്ന നിലപാടാണ്. ഈ സര്‍ക്കാരില്‍ നിന്ന് ഒന്നും നേടാനായിട്ടില്ല. വിശ്വാസമാണ് എല്ലാറ്റിലും വലുത്. ആചാരങ്ങള്‍ സംരക്ഷിക്കണം. അതിനായി എന്‍എസ്എസ് വേണ്ടതെല്ലാം ചെയ്യുമെന്നായിരുന്നു സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നത്.

ജനുവരി ഒന്നാം തീയതി സംസ്ഥാനസര്‍ക്കാര്‍ നടത്തുമെന്ന് പ്രഖ്യാപിച്ച വനിതാമതിലിനെതിരെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി രൂക്ഷവിമര്‍ശിച്ചു. വനിതാമതില്‍ വിഭാഗീയത മാത്രമാണുണ്ടാക്കുക. വിശ്വാസികള്‍ക്ക് ഈ മാസം 26-ന് ശബരിമല ആചാരസംരക്ഷണസമിതി നടത്തുന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പമെന്ന് കൃത്യമായ സൂചന നല്‍കുന്ന സുകുമാരന്‍ നായരുടെ വാര്‍ത്താസമ്മേളനത്തിനെതിരെയാണ് ഇപ്പോള്‍ മുഖ്യമന്ത്രി പരോക്ഷമായി മറുപടി നല്‍കിയിരിക്കുന്നത്.

കൂടാതെ ആര്‍എസ്എസ്സിനെയും കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി ശക്തമായി വിമര്‍ശിച്ചു.
‘കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഈ വര്‍ഗീയതയുമായി സമരസപ്പെടുകയാണ് കോണ്‍ഗ്രസ്. ആര്‍എസ്എസ്സിന്റെ ബി ടീമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ബി ടീമായി നിന്ന് എ ടീമിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണം. കോണ്‍ഗ്രസിനെ ആര്‍എസ്എസ് വിഴുങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version