ദിവസവും 40 കിലോ തണ്ണിമത്തൻ, പച്ചമുട്ട, മീനെണ്ണ, ലേഹ്യം; കേരളത്തിൽ വളർന്ന ഏറ്റവും വലിയ പോത്തായി ‘ഊറ്റുകുഴി വേലു’; 40 ലക്ഷം ഓഫർ ചെയ്തിട്ടും നിരസിച്ച് ഉടമ അൻവർ

കൊല്ലം : തലയെടുപ്പുകൊണ്ടും ആകാരഭംഗികൊണ്ടും കേരളത്തിലെ പോത്തുപ്രേമികളുടേയും സോഷ്യൽമീഡിയയിലേയും താരമാണ് ‘ഊറ്റുകുഴി വേലു’ എന്ന ഈ സുന്ദരൻ. ഒരു പോത്തിന് കേരളത്തിൽ ഇത്രയേറെ ആരാധകരുണ്ടാകുന്നുതും ആദ്യമായിട്ടായിരിക്കും. വേലു വൈറലായതോടെ അവനെ സ്വന്തമാക്കാൻ 40 ലക്ഷം രൂപ വരെ ഓഫർ ചെയ്ത് ആളെത്തിയെങ്കിലും ഉടമ പട്ടത്താനം അച്ചപ്പണതെക്കതിൽ അൻവർ ‘നോ’ എന്ന് തന്നെ ഉറപ്പിച്ച് പറഞ്ഞു.

കാലികളെ വാങ്ങി മറിച്ചുവിൽക്കുന്നതാണ് അൻവറിന്റെ ജോലി. വേലുവിന്റെ ഇണക്കവും ഗാംഭീര്യവും കണ്ടപ്പോൾ വിൽക്കാൻ തോന്നിയില്ല. അൻവറിന്റെ സുഹൃത്തിന്റെ ഒഴിഞ്ഞപറമ്പിൽ വിഹരിക്കുന്ന വേലുവിനെ കാണാൻ ആളുകൾ കൂട്ടമായെത്താറുമുണ്ട്. ഇരവിപുരം എംഎൽഎ എം നൗഷാദ് കേക്ക് മുറിച്ചായിരുന്നു ജനകീയനായ വേലുവിന്റെ മൂന്നാം പിറന്നാൾ ആഘോഷിച്ചത്.

‘മുറൈ’ എന്ന പോത്തിന്റെ സങ്കരയിനമാണെന്നാണ് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്. കേരളത്തിൽ ജനിച്ച പോത്ത് ഇത്രയും കൂറ്റനായി വളരുന്നത് ഇതാദ്യമാണെന്നും ഡോക്ടർമാർ പറയുന്നു. രണ്ടുവർഷം മുമ്പ് 1300 കിലോ ആയിരുന്നു വേലുവിന്റെ തൂക്കം. ഇപ്പോൾ അതിലേറെയുണ്ടാകും. ദിവസവും തീറ്റയ്ക്കുമാത്രം ആയിരം-ആയിരത്തഞ്ഞൂറ് രൂപയെങ്കിലും വേണം. ദിവസവും 40 കിലോ തണ്ണിമത്തൻ കഴിക്കും. അല്ലെങ്കിൽ ചക്ക. പിന്നെ 10 പച്ചമുട്ട, മീനെണ്ണ, ലേഹ്യം, റുമെക് പൊടി എന്നിവയും കാലിത്തീറ്റയും. പുൽക്കാടിനുള്ളിൽ താമസിക്കുന്ന വേലുവിന് പുല്ലിനോട് പ്രിയമില്ല.

കുറഞ്ഞകാലം കൊണ്ടുതന്നെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറിയ കൊല്ലം കിളികൊല്ലൂർ ഊറ്റുകുഴിയിലെ വേലു എന്ന കൂറ്റൻ ഈ പോത്തിന് അഞ്ചേകാൽ അടി ഉയരം, എട്ടരയടി നീളം, കറുത്തിരുണ്ട ദേഹമൊക്കെയാണ് സവിശേഷത. വാലാകട്ടെ നിലത്തെത്തും. ലക്ഷണമൊത്ത ഈ പോത്തിനെ അൻവർ ആറുവർഷം മുമ്പ് തഴവ കുറ്റിപ്പുറത്ത് നിന്നാണ് സുഹൃത്തിന്റെ പക്കൽനിന്നും വാങ്ങിയത്. അന്ന് ഒമ്പത് മാസം പ്രായം. അമ്മ എരുമയ്ക്കും നല്ല തലയെടുപ്പും തടിയും ഉണ്ടായിരുന്നുവെന്ന് അൻവർ പറയുന്നു.

ആനകൾക്ക് ഇടാറുള്ളതുപോലെ കഴുത്തിൽ പേരും ജനനത്തീയതിയും എഴുതിയ ബോർഡും മണിയും കാലിൽ ചിലങ്കയും ഒക്കെയായി അലങ്കരിച്ചാണ് പരിപാടികൾക്ക് കൊണ്ടുപോവുക. ഉത്സവപ്പറമ്പുകളിൽ കെട്ടുകാഴ്ചയ്‌ക്കൊപ്പം വേലുവിനെയും കൂട്ടാറുണ്ട്. കാലൻവേഷം കെട്ടിയ ആളോടൊപ്പം വേലുവും തലയെടുപ്പോടെ നടക്കും. കന്നുകാലി പ്രദർശനങ്ങളിൽ സമ്മാനം ഉറപ്പാണ്. അടുത്തമാസം എറണാകുളത്ത് പ്രദർശനമുണ്ട്.

Exit mobile version