മനപൂര്‍വ്വം പ്ലാന്‍ ചെയ്ത ആക്രമണം: നിഷ്‌കളങ്കനായിരുന്നെങ്കില്‍, എന്തിനാണ് കോള്‍ റെക്കോര്‍ഡ് ചെയ്തത്? ഫോണ്‍ വിവാദത്തില്‍ മുകേഷ് എംഎല്‍എ

കൊല്ലം: ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറിയെന്ന വിവാദത്തില്‍ വിശദീകരണവുമായി കൊല്ലം എംഎല്‍എ മുകേഷ്. തനിക്ക് നിരന്തരം ഇത്തരം ഫോണ്‍ കോളുകള്‍ വരാറുണ്ടെന്നും ഇത് മനപൂര്‍വ്വം പ്ലാന്‍ ചെയ്ത ആക്രമണമാണെന്നും മുകേഷ് വീഡിയോയില്‍ പറഞ്ഞു.

ഫോണ്‍ കോളിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് പൊതുജനങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിരന്തരമായ ആക്രമണമാണ് താന്‍ നേരിടുന്നത്. ഫോണില്‍ വിളിച്ച് പ്രകോപിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. ഇത്രയും നാളായി അവര്‍ക്കതില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും മുകേഷ് പറഞ്ഞു. ചൂരല്‍ വച്ച് അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് വീഡിയോയിലൂടെ ആയിരുന്നു മുകേഷിന്റെ വിശദീകരണം. പ്രധാന മീറ്റിംഗില്‍ ഇരിക്കുന്ന സമയത്ത് ആറു തവണ വിളിച്ചപ്പോഴാണ് പാലക്കാട് എംഎല്‍എയെ അറിയുമോ എന്ന തരത്തില്‍ ചോദിച്ചതെന്നും മുകേഷ് പറഞ്ഞു. വിഷയത്തില്‍ പോലീസിനും സൈബര്‍ സെല്ലിനും പരാതി നല്‍കുമെന്നും എം മുകേഷ് എംഎല്‍എ വ്യക്തമാക്കി.

എംഎല്‍എയുടെ വാക്കുകള്‍;
കേരളത്തില്‍ എന്റെ അത്രയും ഫോണ്‍ കോളുകള്‍ അറ്റന്റ് ചെയ്യുന്നവര്‍ വേറെയില്ല. ഫോണെടുത്തില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ തിരിച്ച് വിളിക്കുന്നതും ഞാനായിരിക്കും. ഇലക്ഷന്‍ കഴിഞ്ഞ് ഫലം വന്നതിന് ശേഷം മുതല്‍ ഇന്നുമുതല്‍ നിരന്തരം ഫോണ്‍ വിളികള്‍ വന്നുകൊണ്ടിരിക്കുകയാണ്. നിരന്തരമായ വേട്ടയാടല്‍ എന്നുതന്നെ പറയാം. ഫോണ്‍ ചാര്‍ജ് ചെയ്താല്‍ ഒരു മണിക്കൂറിനുള്ളില്‍ ചാര്‍ജ് തീരുന്നത് വരെ തുടര്‍ച്ചയായ കോളുകള്‍ വരുന്നത് അസ്വസ്ഥമാകുന്നുണ്ട്.

വീഡിയോയില്‍ പരമാര്‍ശിച്ചിട്ടുള്ള ആ കുട്ടി നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ഞാനൊരു സൂം മീറ്റിങ്ങിലാണ്, അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞു. തുടര്‍ച്ചയായി ആറ് തവണ വിളി വന്നപ്പോള്‍ സൂം മീറ്റിംഗ് കട്ടായി പോയി. അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞില്ലേ. അത്യാവശ്യമുള്ള സൂം മീറ്റിങ്ങായിരുന്നു എന്ന് ആ കുട്ടിയോട് പറഞ്ഞു.

പിന്നെയാണ് സ്ഥലം പറഞ്ഞപ്പോള്‍ ഒറ്റപ്പാലം എംഎല്‍എയെ വിളിച്ചുകൂടായിരുന്നോ എന്ന് ചോദിച്ചത്. അദ്ദേഹത്തിനോട് പറഞ്ഞ ശേഷം നടപടി എന്താകുമെന്ന് അറിഞ്ഞ ശേഷം എന്നോട് പറയാമായിരുന്നു. അതാണ് എന്റെ രീതി. എന്നാല്‍ വിളിച്ച കുട്ടിക്ക് ഒറ്റപ്പാലം എംഎല്‍എയുടെ പേര് അറിയില്ല. എന്റെ നമ്പര്‍ കിട്ടിയത് ഫ്രണ്ട് തന്നിട്ടാണെന്നും പറഞ്ഞു. അപ്പോള്‍ തന്നെ നമുക്ക് മനസിലാക്കാം. അത് ഫ്രണ്ടല്ല, ശത്രുവാണെന്ന്. അവന്റെ മാത്രമല്ല, ഈ നാടിന്റെയും ശത്രുവാണ്.

പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി അവിടുത്തെ എംഎല്‍എയെ അറിയില്ലെന്ന് പറയുമ്പോള്‍ ദേഷ്യം വന്നു. അപ്പോഴും ഞാന്‍ പറഞ്ഞത് എംഎല്‍എ ആരാണെന്ന് അറിഞ്ഞിരിക്കണം എന്നാണ്. എന്നെ വിളിച്ച മോന്‍ അത്ര നിഷ്‌കളങ്കനായിരുന്നെങ്കില്‍, ഇതൊന്നുമറിയില്ലെങ്കില്‍ എന്തിനാണ് അവന്‍ കോള്‍ റെക്കോര്‍ഡ് ചെയ്തത് ? എന്തിനാണ് ആറു പ്രാവശ്യം വിളിച്ചത്. ആറാം തവണ ഫോണ്‍ എടുക്കുന്നതിന് മുന്‍പുണ്ടായ സംഭാഷണങ്ങള്‍ എന്തുകൊണ്ട് റെക്കോര്‍ഡ് ചെയ്തില്ല? ഇതെല്ലാം പ്ലാന്‍ ചെയ്തതാണ്.

ഇതിന് മുന്‍പും ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുത്ത സാഹചര്യവുമുണ്ടായിട്ടുണ്ട്. പിന്നെ കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയെന്ന് എന്നെ ആരും പഠിപ്പിക്കേണ്ടതില്ല. ചൂരല്‍ കൊണ്ട് അടിച്ചെന്ന് പറയുന്നത് ആലങ്കാരികമായി പറഞ്ഞതാണ്. അതൊരു പ്രയോഗമാണ്. ഇപ്പോഴുണ്ടായതെല്ലാം ആസൂത്രിതമാണ്’.

Exit mobile version