‘ജവാന്‍’ വീണ്ടും വരുന്നു: തിങ്കളാഴ്ച മുതല്‍ വീണ്ടും ഉദ്പാദനം ആരംഭിക്കും; മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട: തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ നിര്‍ത്തിവച്ച ജവാന്‍ മദ്യത്തിന്റെ ഉത്പദാനം തിങ്കളാഴ്ച പുനരാരംഭിക്കും. സ്പിരിറ്റ് വെട്ടിപ്പ് കേസില്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.

ജനറല്‍ മാനേജര്‍ അലക്‌സ് പി എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷാഹിം, പ്രൊഡഷന്‍ മാനേജര്‍ മേഘാ മുരളി എന്നിവരെയാണു സസ്പെന്‍ഡ് ചെയ്തതത്.

സസ്പെന്‍ഡ് ചെയ്ത ജനറല്‍ മാനേജര്‍ക്കു പകരം പുതിയ ജനറല്‍ മാനേജരെ നിയമിച്ച് താത്കാലിക ചുമതല നല്‍കിയാകും മദ്യ ഉത്പാദനം പുനരാരംഭിക്കുക. ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഒളിവില്‍ പോയതിനെത്തുര്‍ന്നാണ് ജവാന്‍ ഉത്പാദനം നിര്‍ത്തിവച്ചത്. ഇതിനൊപ്പം വെട്ടിപ്പിനെത്തുടര്‍ന്ന് സ്പിരിറ്റ് ക്ഷാമവും നേരിട്ടിരുന്നു.

ജീവനക്കാര്‍ക്കെതിരെ നടപടിക്ക് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ (കെഎസ്ബിസി) എംഡി യോഗേഷ് ഗുപ്തയാണ് ഉത്തരവിട്ടത്. കെഎസ്ബിസിയുടെ കീഴിലാണ് ടാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് പ്രവര്‍ത്തിക്കുന്നത്. ഇവിടേക്ക് മധ്യപ്രദേശില്‍ നിന്ന് എത്തിച്ച 20,000 ലിറ്റര്‍ സ്പിരിറ്റാണു കാണാതായിരുന്നു. ഉന്നത ഉദ്യോഗസ്ഥ സംഘം സ്പിരിറ്റ് മറിച്ചുവിറ്റുവെന്നാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ കണ്ടെത്തല്‍.

40,000 ലിറ്റര്‍ വീതം സ്പിരിറ്റുമായെത്തിയ രണ്ടു ടാങ്കറുകളില്‍നിന്നുള്ള സ്പിരിറ്റാണ് കാണാതായത്. ഒരു ടാങ്കറില്‍ നിന്ന് 12,000 ലിറ്ററും മറ്റേതില്‍നിന്ന് 8,000 ലിറ്ററുമാണ് കാണാതായത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സംഘത്തിനു ലഭിച്ച വിവരത്തെത്തടര്‍ന്നു നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് പുറത്തായത്. മധ്യപ്രദേശില്‍ നിന്നും എത്തിച്ചിരുന്ന സ്പിരിറ്റ് അവിടെ തന്നെയുള്ള കമ്ബനിക്ക് ലിറ്ററിന് 50 രൂപ നിരക്കില്‍ മറിച്ചുവില്‍ക്കുകയാണ് സംഘം ചെയ്തിരുന്നതെന്നാണ് കണ്ടെത്തല്‍.

ഫാക്ടറിയിലേക്ക് ലോഡുമായി എത്തിയ രണ്ട് ടാങ്കറുകളില്‍ നിന്നായി പത്തു ലക്ഷത്തോളം രൂപയും സംഘം കണ്ടെത്തിയിരുന്നു. ഒരു ടാങ്കറില്‍ നിന്ന് ആറു ലക്ഷവും മറ്റൊന്നില്‍നിന്ന് 3.5 ലക്ഷവുമാണ് പിടിച്ചത്. എക്സസൈ് റജിസ്റ്റര്‍ ചെയ്ത കേസ് പോലീസിനു കൈമാറുകയായിരുന്നു.

Exit mobile version