കിറ്റെക്‌സ് പിന്മാറിയത് മോങ്ങാനിരിക്കുന്ന നായയുടെ തലയിൽ തേങ്ങ വീണതുപോലെ; നിയമാനുസൃതമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഭയക്കേണ്ട കാര്യമില്ലല്ലോ: പിടി തോമസ്

കൊച്ചി: കിറ്റെക്‌സ് കമ്പനി 3500 കോടിയുടെ നിക്ഷേപത്തിനായി സര്‍ക്കാരുമായി ഒപ്പുവെച്ച പദ്ധതിയില്‍ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതിനെ പരിഹസിച്ച് പിടി തോമസ് എംഎല്‍എ. മോങ്ങാനിരിക്കുന്ന നായയുടെ തലയില്‍ തേങ്ങ വീണതുപോലെയാണെന്നാണ് അദ്ദേഹം കിറ്റെക്‌സിന്റെ നടപടിയെ പരിഹസിച്ചത്. കിറ്റെക്‌സ് കമ്പനിയില്‍ നിയമവിരുദ്ധമായി നിരവധി കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന രേഖകളുണ്ട്. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് പത്തല്ല ആയിരം അന്വേഷണങ്ങളെപ്പോലും ഭയക്കേണ്ട കാര്യമില്ല. കിറ്റെക്‌സില്‍ നിയമാനുസൃതല്ലാതെ നടക്കുന്നകാര്യങ്ങള്‍ ആവശ്യ സമയത്ത് ചൂണ്ടിക്കാണിക്കാന്‍ താന്‍ ഒരുക്കമാണ്. നിയമാനുസൃതമായി മാത്രമേ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും എംഎല്‍എ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

കൊച്ചിയില്‍ ഒരു അപ്പാരല്‍ പാര്‍ക്കും കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ വ്യവസായ പാര്‍ക്കുകളും നിര്‍മ്മിക്കാനുമുള്ള ധാരണാ പത്രത്തില്‍ പത്രത്തില്‍ നിന്നാണ് സാബു ജേക്കബ് പിന്മാറുന്നത്. 2020 ജനുവരിയില്‍ അസെന്റ് ആഗോള നിക്ഷേപക സംഗമത്തിലായിരുന്നു കിറ്റെക്‌സുമായി ചേര്‍ന്ന് ഈ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ധാരണാപത്രം തയ്യാറാക്കിയത്. ഇതനുസരിച്ച് അപ്പാരല്‍ പാര്‍ക്കിനുള്ള സ്ഥലം എടുത്ത് വിശദമായ പ്ലാനും പ്രൊജക്റ്റ് റിപ്പോര്‍ട്ടും മറ്റും തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പദ്ധതിയുമായി മുന്നോട്ടില്ലെന്ന പ്രഖ്യാപനം.

ഇതിനിടെ, കിറ്റെക്‌സിലെ പരിശോധനകള്‍ക്ക് തനിക്കോ സര്‍ക്കാരിനോ പങ്കില്ലെന്ന് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജനും വ്യക്തമാക്കിയിരുന്നു. കുന്നത്തുനാട് എംഎല്‍എയാണ് കമ്പനിയെ പരിശോധന നടത്തി ബുദ്ധിമുട്ടിക്കുന്നതെന്ന് സാബു എം ജേക്കബ് ആരാപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ശ്രീനിജന്റെ പ്രതികരണം. സംസ്ഥാന സര്‍ക്കാരുമായി 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്‍മാറുന്നുവെന്നാണ് കിറ്റെക്‌സ് എംഡി സാബു ജേക്കബ് ഇന്ന് പറഞ്ഞത്.

Exit mobile version