ഒരിക്കലും പിരിയില്ലെന്ന് പറഞ്ഞ് കൈകള്‍ പരസ്പരം ബന്ധിച്ചു, ചങ്ങലയില്‍ കൂട്ടിക്കെട്ടിയ പ്രണയം ഒടുവില്‍ 123ാം ദിവസം തകര്‍ന്നു, വേര്‍പിരിഞ്ഞ് കമിതാക്കള്‍

ഒരിക്കലും പിരിയില്ലെന്ന് പറഞ്ഞ് പരസ്പരം ചങ്ങലയില്‍ കൂട്ടിക്കെട്ടിയ പ്രണയം ഒടുവില്‍ 123ാംദിവസം തകര്‍ന്നു. ഇനി സ്‌നേഹിച്ചും ഒരുമിച്ചും ജീവിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെ ഉക്രൈനിലെ അലക്സാണ്ടര്‍ കുന്ത്ലെ, വിക്ടോറിയ എന്നീ കമിതാക്കളാണ് പരസ്പരം വേര്‍പിരിഞ്ഞത്.

മതിമറന്നു പ്രണയിക്കുകയായിരുന്ന അലക്സാണ്ടറും വിക്ടോറിയയും കഴിഞ്ഞ വാലൈന്റൈന്‍സ് ദിനത്തിലാണ് പരീക്ഷണാര്‍ത്ഥത്തില്‍ പരസ്പരം കൈകള്‍ ചങ്ങലയില്‍ കെട്ടി ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. ഒരിക്കലും ഈ കൈകള്‍ വേര്‍പെടില്ലെന്നായിരുന്നു ഇരുവരും അന്ന് പറഞ്ഞത്.

പിന്നീടങ്ങോട്ട് ഇരുവരും ജോലിക്ക് പോവുന്നതും ബാത്ത്റൂമില്‍ പോവുന്നതും ഉറങ്ങുന്നതും എല്ലാം ഒരുമിച്ചായിരുന്നു. എന്നാല്‍ കാലം കഴിയുന്തോറും ഈ ചങ്ങല ഇരുവര്‍ക്കും ബുദ്ധിമുട്ടായി തുടങ്ങി. ഐലാഷ് ടെക്നീഷ്യയായ യുവതിയും കാര്‍ സെയില്‍മാനായ യുവാവിനും തങ്ങളുടെ ജോലിയില്‍ വരെ ഈ പരീക്ഷണം ബാധിച്ചു തുടങ്ങി.

അതിനിടെ ഈ ചങ്ങലകാരണം വിക്ടോറിയക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. എപ്പോഴും അടുത്തൊരാള്‍ നില്‍ക്കുന്നത് തന്റെ ക്ലൈന്റുകള്‍ക്ക് ബുദ്ധുമുട്ടുണ്ടാക്കിയതാണ് ഇതിന് കാരണം. ഇതിനപ്പുറം മാനസികമായ അകല്‍ച്ചയും ഇരുവരും തമ്മില്‍ ഉടലെടുത്തു.

ചെറിയ കാര്യങ്ങള്‍ക്കുള്‍പ്പെടെ ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കാന്‍ തുടങ്ങി. എല്ലായ്പ്പോഴും ഒരുമിച്ചായതോടെ ഇരുവര്‍ക്കും സ്വകാര്യ സമയം ഇല്ലാതായി. മറ്റു പരിഭവവും വിക്ടോറിയക്കുണ്ട്. ”ദിവസം മുഴുവനും ഞങ്ങള്‍ ഒരുമിച്ച് നിന്നു. അലക്സാണ്ടറില്‍ നിന്നും എനിക്കൊരു ശ്രദ്ധയും കിട്ടിയില്ല. കാരണം ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരുന്നു. ഐ മിസ് യു എന്ന് ഒരിക്കല്‍ പോലും അവന്‍ പറഞ്ഞില്ല. ഞാനത് കേള്‍ക്കാനാഗ്രഹിച്ചിരുന്നു,” വിക്ടോറിയ പറഞ്ഞു.

എന്നാല്‍ 123 ദിവസത്തെ ഒരുമിച്ചുള്ള ജീവിതത്തില്‍ പക്ഷെ അലക്സാണ്ടറിന് വലിയ പരിഭവമില്ല. പഴയ ജീവിതത്തിലേക്ക് തിരിച്ചു പോവാന്‍ വിക്ടോറിയക്കാണ് ആദ്യം തോന്നിയതെന്ന് അലക്സാണ്ടര്‍ പറയുന്നു. തങ്ങള്‍ ഒരുമിച്ച് ജീവിക്കേണ്ടവരല്ലെന്ന് ഇതിലൂടെ മനസ്സിലായെന്നാണ് അലക്സാണ്ടറുടെ പ്രതികരണം.

പിരിയാമെന്ന തീരുമാനത്തിനൊടുവില്‍ കൈയ്യിലെ ചങ്ങല പൊട്ടിച്ചപ്പോള്‍ അതീവ സന്തോഷത്തിലായിരുന്നു വിക്ടോറിയ. അവസാനം ഞാന്‍ സ്വതന്ത്രയായെന്നാണ് വിക്ടോറിയ പറഞ്ഞതെന്ന് അലക്‌സാണ്ടര്‍ പറയുന്നു.

Exit mobile version