‘ഇന്ധന വില വര്‍ധനവ് സാമൂഹ്യ ദുരന്തം’; സാധാരണ മനുഷ്യനെ കൈപ്പിടിയിലാഴ്ത്തി ഞെരുക്കുന്നുവെന്ന് നടന്‍ പ്രേംകുമാര്‍

കൊച്ചി: ദിനംപ്രതി ഇന്ധനവില കുതിച്ചുയരുകയാണ്. പെട്രോളിനും ഡീസലിനും ഉള്‍പ്പെടെ വില വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇന്ധന വില വര്‍ധനവ് സാമൂഹ്യ ദുരന്തമാണെന്ന് നടന്‍ പ്രേംകുമാര്‍ പ്രതികരിച്ചു. മനോരമ ഓണ്‍ലൈനില്‍ എഴുതിയ ലേഖനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിങ്ങളുടെ മനസ്സില്‍ പൊള്ളുന്ന തീക്കാറ്റായി അനുദിനം കുതിക്കുന്ന ഇന്ധന വിലയില്‍ കിതയ്ക്കുകയാണ് ഇന്ത്യ. അതിരുകള്‍ ഭേദിച്ച് ഭീമാകാരരൂപം പൂണ്ട് വളരുന്ന പെട്രോള്‍-ഡീസല്‍ വിലയെന്ന സത്വം സാധാരണ മനുഷ്യനെ കൈപ്പിടിയിലാഴ്ത്തി ഞെരുക്കുകയാണെന്ന് പ്രേംകുമാര്‍ പറഞ്ഞു.

ഇന്ധനവിലയുടെ നിര്‍ണയാധികാരം എണ്ണക്കമ്പനികളില്‍ നിന്ന് തിരിച്ചുപിടിച്ച് സര്‍ക്കാരില്‍ നിക്ഷിപതമാക്കി നികുതി ഒഴിവാക്കാന്‍ രാജ്യത്തെ ഭരണകൂടം തയാറാകണമെന്ന് പ്രേംകുമാര്‍ ആവശ്യപ്പെട്ടു. അതേസമയം രാജ്യത്തെ ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്.

ഇതോടെ കേരളത്തിലെ പെട്രോള്‍ വില 98 രൂപ പിന്നിട്ടു. നിലവില്‍ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 96 രൂപ 34 പൈസയും ഡീസലിന് 91 രൂപ 77 പൈസയുമാണ് ഇന്നത്തെ വില.

ഈ ജൂണ്‍ മാസം ഇത് ഏഴാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. വില വര്‍ധനയില്‍ വ്യാപകമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇന്ന് വീണ്ടും വില വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്.

Exit mobile version