ബിജെപിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കെ സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ല;പാർട്ടിയിൽ ഗ്രൂപ്പ് പ്രശ്‌നമുണ്ടെന്നും ജേക്കബ് തോമസിന്റെ റിപ്പോർട്ട്; ഹെലികോപ്റ്റർ പ്രചാരണം അവമതിപ്പുണ്ടാക്കിയെന്ന് ആനന്ദബോസ്

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയിൽ പ്രശ്‌നങ്ങളുണ്ടെന്ന് തുറന്ന് സമ്മതിക്കുന്ന ബിജെപി നേതാവും മുൻഡിജിപിയുമായ ജേക്കബ് തോമസിന്റെ റിപ്പോർട്ട് പുറത്ത്. പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ലെന്നും ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

സംഘടനാ തലത്തിൽ സമൂലമായ മാറ്റമുണ്ടാവണം. താഴെ തട്ടുമുതലുള്ള സംഘടനാ പ്രശ്‌നങ്ങൾ കണ്ടുപിടിക്കണമെന്നും അവിടെ നിന്ന് മുതൽ മാറ്റമുണ്ടാവണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പാർട്ടിയിൽ ഗ്രൂപ്പ് പ്രശ്‌നം ഉണ്ടെങ്കിലും അത് പാർട്ടി താൽപര്യങ്ങൾക്ക് അതീതമാവരുതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം, കൊടകര കുഴൽപണ കേസ്, മറ്റ് സാമ്പത്തിക ആരോപണങ്ങൾ എന്നിവയെല്ലാം ഉയർന്ന സാഹചര്യത്തിൽ രണ്ടാമതൊരു റിപ്പോർട്ട് കൂടെ നൽകാനും ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

ജേക്കബ് തോമസിന് പുറമെ സിവി ആനന്ദബോസും പാർട്ടി നേതൃത്വത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തോട് പ്രവർത്തകരിൽ ഭൂരിപക്ഷം പേർക്കും താത്പര്യമില്ല. ബിജെപിയിൽ നേതൃമാറ്റം വേണമെന്നും ബൂത്തു തലംമുതൽ പാർട്ടി അഴിച്ചുപണിയണമെന്നും ആനന്ദബോസ് ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പു ഫണ്ട് കൈകാര്യം ചെയ്തതിൽ പാളിച്ചകളുണ്ടായി. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള പ്രചാരണം ജനങ്ങളിൽ അവമതിപ്പുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്.

Exit mobile version