ജ്യോത്സ്യന്‍ പറഞ്ഞു ‘ഈ ദിവസവും സമയവും ശുഭം’ ; കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ ഞായറാഴ്ച ചുമതലയേല്‍ക്കും, സ്ഥാനാരോഹണത്തിന് മുഹൂര്‍ത്തം കുറിച്ചുനല്‍കിയത് സുധാകരന് ഏറെ വിശ്വാസമുള്ള ജ്യോത്സ്യന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത കെ.സുധാകരന്‍ ഞായറാഴ്ച ചുമതലയേല്‍ക്കും. പകല്‍ 11.30 നു മുമ്പ് ചുമതലയേല്‍ക്കണമെന്നും ഈ ദിവസവും സമയവും ശുഭമാണെന്നും ആലപ്പുഴയിലെ ഒരു ജോത്സ്യരാണ് നിര്‍ദ്ദേശിച്ചത്.

എല്ലാ ശുഭ കാര്യങ്ങള്‍ക്കും തുടക്കം കുറിക്കും മുമ്പ് ജോത്സ്യരുടെ ഉപദേശം സുധാകരന്‍ തേടാറുണ്ട്. രോഹിണി നക്ഷത്രത്തില്‍ പിറന്ന സുധാകരന് പുണര്‍തം നക്ഷത്രം വരുന്ന ഞായറാഴ്ചയാണ് നല്ല ദിവസമെന്ന് ജോത്സ്യര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

അന്ന് തീയതി 13 ആയത് യാദൃച്ഛികം. പ്രവൃത്തി ദിവസം ചുതമലയേല്‍ക്കാനായിരുന്നു താത്പര്യം. എന്നാല്‍ ഞായറാഴ്ച നല്ല ദിവസമാണെന്ന് ജ്യോത്സന്‍ നിര്‍ദേശിച്ചതോടെ അന്നേ ദിവസത്തേക്ക് മാറ്റുകയായിരുന്നു. ഇന്നലെ സ്വദേശമായ കണ്ണൂരിലെത്തിയ സുധാകരന്‍ ഞായറാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തും.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളും ആരവവുമില്ലാതെ ചുമതലയേല്‍ക്കാനാണ് ആഗ്രഹമെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആ നിമിഷം ആവേശോജ്ജ്വലമാക്കാന്‍ ഒരുങ്ങുകയാണ്. പുതിയ പ്രസിഡന്റിനെ വരവേല്‍ക്കാന്‍ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനും ത്രിവര്‍ണം അണിഞ്ഞ് ഒരുങ്ങുന്നു.

Exit mobile version