മൊയ്തീൻ-കാഞ്ചന മാല ടൈപ്പ് പ്രണയം ഒന്നുമല്ല; 10 വർഷം ലൈംഗിക അടിമയാക്കിയുള്ള പീഡനമാണ് സംഭവിച്ചത്; ക്രിമിനൽ പ്രവർത്തനമെന്ന് സന്ദീപ് വചസ്പതി

പാലക്കാട്: അയിലൂരിൽ പത്ത് വർഷമായി വീട്ടുകാർ പോലുറിയാതെ പെൺകുട്ടിയെ കാമുകൻ ഒളിപ്പിച്ചുവെച്ച സംഭവം വലിയ അവിശ്വസനീയതയാണ് സമ്മാനിക്കുന്നത്. വീട്ടുകാർക്ക് ഉൾപ്പടെ സജിതയുടെയും റഹ്മാന്റെയും ഒളിച്ചുള്ള ജീവിതം വിശ്വസിക്കാൻ ഇനിയും സാധിച്ചിട്ടില്ല. ബന്ധുക്കളെ ഭയന്നാണ് വീട്ടിൽ ഒളിച്ചിരുന്നതെന്നും റഹ്മാൻ ഇല്ലാതെ ജീവിക്കാനാകില്ല എന്നുറപ്പിച്ചാണ് താൻ റൂമിനകത്ത് കഴിയാൻ തയ്യാറായതെന്നും സജിത വെളിപ്പെടുത്തിയിരിക്കുകയാണ്. അതേസമയം, ഇപ്പോഴിതാ ഇരുവരേയും അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വചസ്പതി.

സംഭവം വൻ ക്രിമിനൽ പ്രവർത്തനമാണെന്നാണ് ന്ദീപ് വചസ്പതി ആരോപിക്കുന്നത്. ഒരു പെൺകുട്ടിയെ 10 വർഷം ലൈംഗിക അടിമയാക്കിയുള്ള പീഡനമാണ് സംഭവിച്ചത്. ഇതിനെ ദിവ്യ പ്രണയമായി അംഗീകരിച്ച് തൊണ്ട തൊടാതെ വിഴുങ്ങാനൊന്നും പറ്റില്ല. മൊയ്തീൻകാഞ്ചന മാല ടൈപ്പ് പ്രണയം ഒന്നുമല്ല. ഇതേപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന് സന്ദീപ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഇതിനെ ദിവ്യ പ്രണയമായി അംഗീകരിച്ച് തൊണ്ട തൊടാതെ വിഴുങ്ങാനൊന്നും പറ്റില്ല. ഒരു പെൺകുട്ടിയെ 10 വർഷം ലൈംഗിക അടിമയാക്കിയുള്ള പീഡനമാണ് സംഭവിച്ചത്. വൻ ക്രിമിനൽ പ്രവർത്തനം. അല്ലാതെ മൊയ്തീൻകാഞ്ചന മാല ടൈപ്പ് പ്രണയം ഒന്നുമല്ല. ഇതേപ്പറ്റി സമഗ്രമായ അന്വേഷണം വേണം. അല്ലാതെ ഇയാൾ പറയുന്ന കഥ വിശ്വസിച്ചാൽ വലിയ ഒരു കുറ്റകൃത്യമാണ് തേഞ്ഞുമാഞ്ഞു പോവുക. സ്റ്റോക്‌ഹോം സിൻഡ്രോം ബാധിച്ച പെൺകുട്ടിയെ അടിയന്തിരമായി വിദഗ്ധ ചികിത്സയ്ക്ക് വിധേയയാക്കണം.

അതേസമയം, വീട്ടുകാരെ ഭയന്നാണ് ഇത്രനാളും ഒളിച്ചിരിക്കേണ്ടി വന്നതെന്നാണ് ഇരുവരും പറയുന്നത്. വ്യത്യസ്ത മതക്കാരായതിനാൽ പ്രണയത്തെ കൊടുംക്രൂരമായി കാണുന്ന സമൂഹം തന്നെയാണ് ഇത്രനാളത്തെ ഇരുവരുടേയും നരക ജീവിതത്തിന് ഉത്തരവാദിയെന്ന് പറയാതെ പറയുകയാണ് സജിതയുടേയും റഹ്മാന്റെയും മുഖത്തെ ഭയം. എല്ലാം കലങ്ങിത്തെളിഞ്ഞിട്ടും പോലീസ് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടും ഇരുവർക്കും ഭയം ഇനിയും വിട്ടുമാറിയിട്ടില്ല.

‘ഇനി സമാധാനമായി ഒരുമിച്ച് ജീവിക്കണമെന്നാണ് ആഗ്രഹം, സാഹചര്യം കൊണ്ടാണ് ഇതുവരെ ഇങ്ങനെ കഴിയേണ്ടിവന്നത്. ഇപ്പോഴും വീട്ടുകാരെ ഭയമാണ്.’
‘ഇവളെ ഉപേക്ഷിക്കാൻ എനിക്കു മനസ്സു വന്നില്ല, എന്നെ വിട്ടുപോകാൻ ഇവളും തയ്യാറായില്ല.’-പത്ത് വർഷത്തെ ഒളിവുജീവിതത്തെ കുറിച്ച് ചോദിക്കുമ്പോൾ റഹ്മാന്റെ വാക്കുകളിതാണ്. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ഇരുവരും ഈ വീട്ടിൽ നിന്നും വാടകവീട്ടിലേക്ക് മാറിയത്. ‘ഈയടുത്ത് വീട്ടിൽനിന്ന് മര്യാദയ്ക്ക് ഭക്ഷണംപോലും കിട്ടാതായതോടെയാണ് വീട് വിട്ട് വാടകവീട്ടിലേക്ക് മാറിയത്. നേരത്തെ ഞാൻ ജോലിക്ക് പോകുന്നതിനിടെ ഭക്ഷണം വാങ്ങി കൊണ്ടുവന്നാണ് ഇവൾക്ക് നൽകിയിരുന്നത്. എന്നാൽ അടുത്ത കാലത്തായി ചോറ് മാത്രം കഴിച്ചാണ് ജീവിച്ചത്. വീട്ടുകാർ എനിക്ക് കറികളൊന്നും തന്നിരുന്നില്ല.’ റഹ്മാൻ തന്റെ ദുരിതങ്ങൾവിവരിക്കുന്നു. കഴിഞ്ഞ ദിവസം ഇവരുടെ കഥ പുറത്തറിഞ്ഞതോടെ ഒട്ടേറേ പേരാണ് ഈ വീട്ടിലേക്കെത്തിയത്. ആലത്തൂർ എംപി രമ്യാ ഹരിദാസും ഇവരെ കാണാനെത്തിയിരുന്നു.

Exit mobile version