അനുമതി ഇല്ലാതെ റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന സ്വകാര്യ പരസ്യങ്ങളെ കുറിച്ച് റിപ്പോർട്ട് നൽകണം; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി മന്ത്രി മുഹമ്മദ് റിയാസ്; ജൂൺ 20നകം അറിയിക്കണം

mohammed-riyas-pa

തിരുവനന്തപുരം: ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന രീതിയിലും അപകടരമായ അവസ്ഥയിലും സംസ്ഥാനത്തെ പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകളെ കുറിച്ചും മറ്റും പൊതുജനങ്ങൾക്ക് പരാതി ഏറുകയാണ്. ഇതിനിടെ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്.

പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ഇല്ലാതെ റോഡരികുകളിലും സ്ഥലങ്ങളിലും സ്ഥാപിച്ച സ്വകാര്യ പരസ്യ സംവിധാനങ്ങളെ കുറിച്ച് ജൂൺ 20 നകം റിപ്പോർട്ട് നൽകണമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. വകുപ്പിലെ ഉദ്യോഗസ്ഥർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം ചേർന്ന പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി നിർദേശം മുന്നോട്ട് വെച്ചത്. റിപ്പോർട്ട് ജൂൺ 20നകം ലഭിക്കണമെന്ന് മന്ത്രി പ്രത്യേകം ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചിട്ടുമുണ്ട്.

ഇതിനിടെ, സംസ്ഥാനത്തെ റോഡുകളെ കുറിച്ചുള്ള പരാതികൾ ചിത്രങ്ങൾ സഹിതം ഓൺലൈനായി പൊതുമരാമത്ത് വകുപ്പിനെ അറിയിക്കാനായി രൂപകൽപ്പന ചെയ്ത ‘പിഡബ്ല്യുഡി ഫോർ യൂ’ ആപ്പും മന്ത്രി മുഹമ്മദ് റിയാസ് പുറത്തിറക്കി. എട്ടാം തീയതി ചൊവ്വാഴ്ച വൈകുന്നേരം മുതൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാകും. ഐഒഎസ് വേർഷൻ പിന്നീട് ലഭ്യമാകുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ആദ്യ മൂന്ന് മാസം പരീക്ഷണ അടിസ്ഥാനത്തിലാണ് ആപ്പ് പ്രവർത്തിക്കുക. പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷം ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി അറിഞ്ഞ് ആവശ്യമായ മാറ്റങ്ങൾ കൂടി വരുത്തും.

പൊതുമരാമത്ത് റോഡുകളെ കുറിച്ചുള്ള പ്രശ്‌നങ്ങളും പരാതികളും ഫോട്ടോ സഹിതം ഈ ആപ്പിൽ അപ്‌ലോഡ് ചെയ്യാനാകും. പരാതിയുടെ തുടർനടപടികൾ സമയങ്ങളിൽ അറിയുന്നതിനും ആപ്പ് വഴി സാധിക്കും. പൊതുമരാമത്ത് റോഡുകളെ കുറിച്ചുള്ള പരാതികൾ മാത്രമാണ് ഈ ആപ്പിലൂടെ പരിഹരിക്കാനാകുകയെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Exit mobile version