‘കുഴല്‍ കുഴലായി തന്നെ ഉണ്ടാകും, കുഴല്‍ ഉപയോഗിച്ചവര്‍ നിയമത്തിന്റെ കരങ്ങളില്‍ കുടുങ്ങും’; വിഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കുഴല്‍ കുഴലായി തന്നെ ഉണ്ടാകും. കുഴല്‍ ഉപയോഗിച്ചവര്‍ നിയമത്തിന്റെ കരങ്ങളില്‍ കുടുങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊടകര കുഴല്‍പ്പണ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ മുഖ്യമന്ത്രി വെല്ലുവിളിച്ചു. കേസില്‍ ബിജെപി നേതാക്കളുടെ പങ്ക് പറയാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നും സര്‍ക്കാരും ബിജെപിയും തമ്മില്‍ ഒത്തുകളിക്കുകയുമാണെന്നുള്ള വിഡി സതീശന്റെ ആരോപണങ്ങള്‍ക്ക് ചുട്ടമറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.

സര്‍ക്കാരും ബിജെപിയും തമ്മില്‍ ഒത്തുകളിയുണ്ടെങ്കില്‍ തെളിവുകള്‍ പുറത്ത് വിടാന്‍ പിണറായി വിജയന്‍ വിഡി സതീശനെ വെല്ലുവിളിച്ചു. ആരൊക്കെ തമ്മിലാണ് ഒത്തുകളിയുള്ളതെന്ന് അറിയാമെന്നും ഒത്തുകളിയുടെ വിവരം പോക്കറ്റില്‍ ഉണ്ടെങ്കില്‍ കാത്തുനില്‍ക്കാതെ പുറത്ത് വിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘വിവരം പോക്കറ്റില്‍ ഉണ്ടെങ്കില്‍ കാത്തുനില്‍ക്കാതെ പുറത്ത് വിടണം. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. ഒത്തുതീര്‍പ്പിന്റെ ആള്‍ക്കാര്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഞങ്ങള്‍ ഒത്തുതീര്‍പ്പിന്റെ ആളുകളല്ല. കുഴല്‍ കുഴലായി തന്നെ ഉണ്ടാകും. കുഴല്‍ ഉപയോഗിച്ചവര്‍ നിയമത്തിന്റെ കരങ്ങളില്‍ കുടുങ്ങും.

തെരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുക്കുന്നത് ജനാധിപത്യത്തെ അട്ടിമറിക്കാനാണെന്ന് പറയേണ്ടതില്ല. കൊടകര കേസില്‍ ഗൗരവമായ അന്വേഷണമാണ് നടക്കുന്നത്. നടക്കാന്‍ പാടില്ലാത്ത കുറ്റമാണ് നടക്കുന്നത്. ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പാടില്ല എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് അന്വേഷണം നടക്കുന്നത്.’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പ്രശ്നം ഒത്തുതീര്‍ക്കാന്‍ ശ്രമമുണ്ടായെന്നാണ് വിഡി സതീശന്‍ സഭയില്‍ ആരോപിച്ചത്. ബിജെപി നേതാക്കളുടെ പങ്ക് പറയാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നും ബിജെപി പ്രസിഡണ്ട് എന്ന് പോലും മുഖ്യമന്ത്രി ഉച്ഛരിച്ചില്ലെന്നും വിഡി സഭയില്‍ ആഞ്ഞടിച്ചു.

Exit mobile version