അശ്വതി അവസാനം വിളിച്ചത് വീട്ടിലേക്ക്, അമ്മ മരിച്ചതറിയാതെ മക്കള്‍; പ്രിയതമയ്ക്കായി വീടൊരുക്കി കാത്തിരുന്ന ബിജോയെ തേടിയെത്തിയത് ഷിന്‍സിയുടെ മരണവാര്‍ത്ത; കണ്ണീരിലാഴ്ത്തി മലയാളി നഴ്‌സുമാരുടെ മരണം

നെയ്യാറ്റിന്‍കര: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ച വാര്‍ത്ത ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) എന്നിവരാണ് മരിച്ചത്. നജ്‌റാനില്‍ വെച്ചാണ് അപകടമുണ്ടായത്.

മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ അവണാകുഴി താന്നിമൂട് ‘ഹരേ രാമ’ ഹൗസില്‍ അശ്വതി വിജയന്‍ വീട്ടില്‍ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവ് ജിജോഷ് മിത്രയുടെ ഫോണിലേക്കായിരുന്നു അവസാനത്തെ വിളി. ഡ്യൂട്ടി കഴിഞ്ഞുവെന്നും സാധനങ്ങള്‍ വാങ്ങാന്‍ പോവുകയാണെന്നും അറിയിച്ചു.

സൗദി അറേബ്യ കിങ് ഖാലിദ് ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന അശ്വതി വിജയന്‍ മരിച്ചത് മിനിയാന്നു രാത്രി ഏഴരയോടെയായിരുന്നു. എന്നാല്‍ അമ്മ്ക്ക് അപകടം പറ്റിയെന്നു മാത്രമാണ് മക്കളായ ആറു വയസ്സുകാരി ദിക്ഷയോടും നാലുവയസ്സുകാരന്‍ ദയാലിനോടും പറഞ്ഞിരിക്കുന്നത്.

മൂന്നു വര്‍ഷമായി, അശ്വതി സൗദിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. ഏറ്റവും ഒടുവില്‍ അവധിക്കു നാട്ടില്‍ വന്നു മടങ്ങിയിട്ട് ഇന്നലെ 3 മാസമായി. നെട്ടയം സ്വദേശിയായ വിജയന്റെയും ജലജയുടെയും മകളാണ് അശ്വതി വിജയന്‍. അരുണ്‍ വിജയന്‍ സഹോദരനാണ്. അശ്വതിയുടെ ഭര്‍ത്താവ് ജിജോഷ് മിത്ര താന്നിമൂടില്‍ ബേക്കറി നടത്തുകയാണ്.

വീടൊരുക്കി പ്രിയതമയക്കായി കാത്തുകാത്തിരുന്ന ബിജോയെ തേടിയെത്തിയത് ഷിന്‍സിയുടെ മരണവാര്‍ത്തയായിരുന്നു. കടപ്ലാമറ്റം വയലാ എടച്ചേരിത്തടത്തില്‍ ഫിലിപ്പിന്റെയും ലീലാമ്മയുടെയും മകളാണ് ഷിന്‍സി. നാലു മാസം മുന്‍പ് വിവാഹിതരായ ബിജോയും ഷിന്‍സിയും കഷ്ടിച്ച് ഒരു മാസമാണ് ഒരുമിച്ചു കഴിഞ്ഞത്.

ബിജോ കുര്യന്‍ ബഹ്‌റൈനില്‍ നഴ്‌സാണ്. ബഹ്‌റൈനിലെ ആശുപത്രിയില്‍ ജോലി ലഭിച്ചതോടെ ഷിന്‍സി കഴിഞ്ഞ ദിവസം സൗദിയിലെ ജോലി രാജിവച്ചിരുന്നു. ബഹ്‌റൈനിലേക്ക് പോകാന്‍ മേയ് 25നും 28നും വീസ ലഭിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങള്‍മൂലം യാത്ര മുടങ്ങുകയായിരുന്നു.

ബിജോയും ഷിന്‍സിയും ഒരുമിച്ചാണ് നഴ്‌സിങ് പഠിച്ചത്. കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു വിവാഹം. ഫെബ്രുവരി 17 ന് ഇരുവരും ജോലി സ്ഥലത്തേക്ക് തിരികെപ്പോയി. അശ്വതിയുടെയും ഷിന്‍സിയുടെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാന്‍ശ്രമം ആരംഭിച്ചു.

Exit mobile version