പെട്രോള്‍ തീരുവയില്‍ കേന്ദ്രത്തിന് 63 രൂപ: സംസ്ഥാനവുമായി പങ്കിട്ടത് 4 രൂപ മാത്രം; എന്നിട്ടും സംസ്ഥാനം നികുതി കുറയ്ക്കണമെന്ന വിചിത്രവാദമാണ് കേന്ദ്രം ഉയര്‍ത്തുന്നത്; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ധനവില നിയന്ത്രണം കമ്പനികള്‍ക്ക് നല്‍കിയ ശേഷം വിലവര്‍ധിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വര്‍ഷം ഇതുവരെ 19 തവണ ഇന്ധന വില വര്‍ധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സി.എച്ച്. കുഞ്ഞമ്പുവിന്റെ ശ്രദ്ധ ക്ഷണിക്കലിലാണ് മുഖ്യമന്ത്രി കേന്ദ്രത്തിനെതിരേ വലിയ വിമര്‍ശനം നിയമസഭയില്‍ ഉന്നയിച്ചത്.

വിലവര്‍ധനവിന്റെ പ്രധാനകാരണക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ ആണ്. ഈ വര്‍ഷം ഇതുവരെ 19 തവണ ഇന്ധന വില വര്‍ധിച്ചു. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ ഏതാണ്ട് 307 ശതമാനം നികുതി വര്‍ധനവ് ഇന്ധനവിലയില്‍ ഉണ്ടായി- എന്നദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ധനവിലയുമായി ബന്ധപ്പെട്ട നാലിന എക്‌സൈസ് തീരുവയില്‍ ഒന്നുമാത്രമാണ് സംസ്ഥാനവുമായി പങ്കിടുന്നത്. 2021 ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം പെട്രോളിന് ചുമത്തിയിരുന്ന 67 രൂപ എക്‌സൈസ് തീരുവയില്‍ 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നികുതി വര്‍ധനയുടെ ഗുണഭോക്താക്കള്‍ കേന്ദ്രമാണ്. ഈ അവസ്ഥ നിലനില്‍ക്കവെയാണു സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്ന വിചിത്രവാദം കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ധിക്കാതിരിക്കണമെങ്കില്‍ രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവയില്‍ വര്‍ധന വരുത്തുന്ന രീതി അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അടിക്കടി ഉണ്ടാകുന്ന ഇന്ധന വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചയ്ക്കു വിഘാതം നില്‍ക്കും. ഇന്ധനവില വര്‍ധന കാരണമുണ്ടാകുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ പ്രത്യേകിച്ച് ദോഷകരമായി ബാധിക്കും. അതിനാല്‍ അനിയന്ത്രിതമായി ഇന്ധനവില വര്‍ധന വരുത്തുന്ന നിലപാടില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version