‘അഡ്മിനിസ്‌ട്രേറ്ററുടെ നടപടി ലക്ഷദ്വീപിന്റെ നന്മയ്ക്ക്; ദ്വീപ് ജനത ഒറ്റക്കെട്ട്, കേരളത്തിലെ പ്രതിഷേധം അത്ഭുതപ്പെടുത്തുന്നു’; കേന്ദ്രത്തെിനെ പിന്തുണച്ച് കളക്ടർ

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്ക് എതിരെ കേരളക്കര ഒന്നടങ്കം ശബ്ദമുയർത്തുന്നതിനിടെ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ പിന്തുണച്ച് കളക്ടറുടെ പത്രസമ്മേളനം.അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ച കളക്ടർ, അഡ്മിനിസ്‌ട്രേറ്റർ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങൾ ജനങ്ങളുടെ ഭാവിയെക്കരുതിയാണെന്നും ഭരണകൂടത്തിനെതിരേ വ്യാജപ്രചാരണങ്ങളാണ് നടക്കുന്നതെന്നും കൊച്ചിയിൽ പറഞ്ഞു. അഡ്മിനിസ്‌ടേറ്റർ കൊണ്ടുവന്ന എല്ലാ പുതിയ നടപടികളെയും കളക്ടർ അസ്‌കർ അലിന്യായീകരിച്ചു.

കവരത്തിയിൽ പുതിയ ആധുനിക സ്‌കൂൾ സ്ഥാപിക്കും. ടൂറിസ്റ്റുകളെ കൂടുതലായി ആകർഷിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ദ്വീപിലെ ടൂറിസം വികസിപ്പിക്കുകയും വിനോദസഞ്ചാരികൾക്ക് സൗകര്യമൊരുക്കുകയുമാണ് പുതിയ നടപടികൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ടൂറിസം മെച്ചപ്പെടുത്തുന്നതിനുവേണ്ടി മാത്രമാണ് മദ്യം വിൽക്കാനുള്ള തീരുമാനമെന്ന് കളക്ടർ വിശദീകരിച്ചു.

ദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികളാണ് ദ്വീപിൽ സ്വീകരിക്കുന്നതെൃന്നും മംഗലാപുരം തുറമുഖവുമായുള്ള ബന്ധം ദ്വീപിന് ഏറെ ഗുണകരമാകുമെന്നും ബേപ്പൂരിനെ ഒഴിവാക്കുകയാണെന്ന ആരോപണത്തോട് കളക്ടർ പ്രതികരിച്ചു.

കളക്ടറുടെ പത്രസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ:

രണ്ടിൽക്കൂടുതൽ കുട്ടികൾ ഉള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല എന്ന ചട്ടം ഇപ്പോൾ നടപ്പാക്കില്ല. ഈ നിയമം നിലവിൽ വന്നു കഴിഞ്ഞ് രണ്ടിലധികം കുട്ടികളുടെ മാതാപിതാക്കളാകുന്നവർക്ക് മാത്രമേ ഇത് ബാധകമാകൂ. നിലവിൽ രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് തുടർന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവും. കൂടിയാലോചനകൾക്ക് ശേഷം മാത്രമേ ഇത് നടപ്പിലാക്കൂ. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചുകളഞ്ഞെത്.

സ്‌കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത് നിരവധി ആലോചനകൾക്കു ശേഷമാണ്. കുട്ടികളുടെ ഭക്ഷണത്തിൽ മുട്ടയും മത്സ്യവും അടക്കമുള്ളവ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക വിപണിയിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുക എന്ന ലക്ഷ്യം മാത്രമാണിതിന് പിന്നിലുള്ളത്. എന്നാൽ, മാംസം ദ്വീപിന് പുറത്തുനിന്ന് കൊണ്ടുവരേണ്ടതുണ്ട്. അത് പ്രയാസകരമായ കാര്യമായതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത്. മത്സ്യം കൂടുതൽ ഉപയോഗിച്ച് പ്രാദേശിക മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കാൻ കൂടിയാണിത്. കോവിഡ് സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ബീഫ് നിരോധിച്ചത് ലഭ്യതക്കുറവുകാരണമാണ്.

ഏതാനും ദിവസം മുൻപ് 3000 കോടി രൂപയുടെ 300 കെയ്‌സ് ഹെറോയിൻ, എകെ 47 തോക്കുകൾ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. കൂടാതെ മരിജുവാന, മദ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളും പോക്‌സോ കേസുകളും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയുടെ പശ്ചാത്തലത്തിലാണ് കൂടുതൽ കർശനമായ നിയമങ്ങൾ ദ്വീപിൽ നടപ്പിലാക്കാൻ തീരുമാനിച്ചത്. നിക്ഷിപ്ത താൽപര്യം ഉള്ളവരെയാണ് പുതിയ പരിഷ്‌കാരം പ്രകോപിപ്പിക്കുന്നത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഉണ്ട്. പോക്‌സോ കേസുകൾ വർധിക്കുന്നു. ദ്വീപ് നിവാസികൾ മയക്കുമരുന്ന് കടത്തിൽ ഏർപ്പെടുന്നുണ്ട്. നിയമപാലനം കർശനമാക്കുന്നതിന്റെ ഭാഗമായാണ് കർശന നിയമം നടപ്പിലാക്കുന്നത്. ഇപ്പോൾ കുറച്ച് കേസുകൾ മാത്രമേ ഉള്ളൂ. കേസുകളുടെ എണ്ണമല്ല കാര്യം. യുവാക്കൾക്കിടയിൽ അരക്ഷിതത്വം വളർന്നുവരുന്നുണ്ട്. നിരവധി യുവാക്കൾ സാമൂഹ്യവിരുദ്ധ പ്രവൃത്തികളിൽ പങ്കാളികളാകുന്നുണ്ട്. ഇത് വ്യാപകമാകാതിരിക്കാനാണ് നിയമം കൊണ്ടുവരുന്നത്. ഭാവിയെ കരുതിയാണ് പുതിയ നിയമം.

അഡ്മിനിസ്‌ട്രേഷന് എതിരായി പ്രതിഷേധം നടത്തുന്നത് അത്തരക്കാരാണ്. കോവിഡ് പ്രതിരോധിക്കാൻ കർശന നടപടികളാണ് ദ്വീപിൽ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ വിമാനം, വാഹന ഗതാഗതം അടക്കമുള്ളവ നിർത്തലാക്കിയിരുന്നു. പിന്നീട് ദ്വീപിലെ ജനങ്ങളുടെ ജീവിത ആവശ്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ഇളവുകൾ വരുത്തിയത്. കോവിഡ് പരിശോധനകൾക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു. ആറ് ദ്വീപുകളിലായുള്ള 18 വയസ്സിനു മുകളിലുള്ള മിക്കവാറും എല്ലാവർക്കും വാക്‌സിൻ വിതരണം പൂർത്തിയാക്കിയിട്ടുണ്ട്.

Exit mobile version