ജീവന്‍ പണയംവെച്ച് അട്ടപ്പാടി ഊരിലേയ്ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍; പ്രതിബന്ധങ്ങളെ വകവെയ്ക്കാതെ നടത്തുന്ന സേവനത്തിന്റെ പ്രത്യക്ഷസാക്ഷ്യമെന്ന് മന്ത്രി വീണ, അഭിനന്ദിച്ച് കുറിപ്പ്

Health Workers | Bignewslive

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം ജീവന്‍ പോലും പണയംവെച്ച് അട്ടപ്പാടി ഊരിലേയ്ക്ക് എത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി അഭിനന്ദനം നേര്‍ന്നത്.

പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. സുകന്യ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍ വാസു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സൈജു, ഡ്രൈവര്‍ സജേഷ് എന്നിവരാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആദിവാസി ഊരിലേക്ക് എത്തിയത്.

ഭവാനിപ്പുഴ മുറിച്ച് കടന്നുപോകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പങ്കുവച്ച്, പ്രതിബന്ധങ്ങളെ വകവയ്ക്കാതെ നടത്തുന്ന സേവനത്തിന്റെ പ്രത്യക്ഷ സാക്ഷ്യമാണിതെന്നു മന്ത്രി കുറിച്ചു. മുരുഗുള ഊരില്‍ 30 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും മന്ത്രി അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് ഭവാനിപ്പുഴ മുറിച്ച് കടന്ന് പോകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പ്രതിബന്ധങ്ങളെ വകവെയ്ക്കാതെ നടത്തുന്ന സേവനത്തിൻ്റെ പ്രത്യക്ഷസാക്ഷ്യമാണ്. പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സുകന്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ വാസു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൈജു, ഡ്രൈവര്‍ സജേഷ് എന്നിവരാണ് ജീവന്‍ പണയംവെച്ചും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായത്. ഡോക്ടര്‍ സുകന്യയുമായി ഫോണില്‍ സംസാരിച്ചു.
മുപ്പത് പേരെ പരിശോധനയ്ക്ക് വിധേയരാക്കി. കോവിഡ് സ്ഥിരീകരിച്ച ഏഴു പേരെ പുതൂര്‍ ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് മാറ്റി. ഊരിലെ മറ്റുള്ളവര്‍ക്ക് സുരക്ഷാ മുൻകരുതലുകൾ സ്വീകരിയ്ക്കുന്നതിനുള്ള മാർഗ്ഗനിര്‍ദേശങ്ങളും നൽകി. ഊരിലുള്ളവരുടെ ഭയം അകറ്റി ആത്മവിശ്വാസം നല്‍കുകയെന്നതായിരുന്നു ഏറെ പ്രധാനം. ഡോക്ടര്‍ സുകന്യയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും സ്‌നേഹാഭിവാദ്യം.
സംസ്ഥാനത്തെ മുഴുവന്‍ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ പരിശോധന ഊര്‍ജ്ജിതമാക്കാനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും നടപടികള്‍ സ്വീകരിച്ച് വരികയാണ്.

Exit mobile version