‘ഹസാര്‍ഡസ് ലൈസന്‍സുണ്ടോ ? ഒരു ഓക്‌സിജന്‍ ടാങ്കര്‍ ഓടിക്കാന്‍’ പരസ്യത്തിന് വന്‍ പ്രതികരണങ്ങള്‍; മണിക്കൂറിനുള്ളില്‍ വന്നത് 3000 പേര്‍, നന്ദിയോടെ എംവിഡി

MVD Kerala | Bignewslive

‘ഹസാര്‍ഡസ് ലൈസന്‍സുണ്ടോ ? ഒരു ഓക്‌സിജന്‍ ടാങ്കര്‍ ഓടിക്കാന്‍’ പരസ്യം ഫേസ്ബുക്കിലൂടെ പങ്കിട്ട് മണിക്കൂറിനുള്ളില്‍ വന്‍ പ്രതികരണങ്ങള്‍. 3000ത്തോളം പേരാണ് സന്നദ്ധരായി രംഗത്തെത്തിയത്. കോവിഡ് രോഗികള്‍ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്സിജന്‍ എത്തിക്കുന്നതിനായി ഓക്സിജന്‍ ടാങ്കര്‍ ഓടിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡ്രൈവര്‍മാരെ തേടിയത്.

ഡ്രൈവര്‍മാരെ തേടി പോസ്റ്റിട്ട് ഒരു ദിവസത്തിനുള്ളില്‍ മൂവായിരത്തില്‍ അധികം ആളുകള്‍ ഇതിനായി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച അതാത് ജില്ലാ വാര്‍ റൂമുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും സഹകരണം പ്രഖ്യാപിച്ച എല്ലാ സുമനസുകള്‍ക്കും നന്ദി അറിയിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

ലിക്വിഡ് ഓക്സിജന്‍ ടാങ്കറുകള്‍ ഓടിക്കുന്നതിനായാണ് പരിചയ സമ്പന്നരായ ഡ്രൈവര്‍മാരുടെ സഹായം തേടിയത്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്സിജന്‍ എത്തിക്കേണ്ടതുണ്ട്. ഈ ഉദ്യമത്തിനായാണ് പരിചയ സമ്പന്നരായ ഹസാര്‍ഡസ് ലൈസന്‍സുള്ളവരുടെ വിവരങ്ങള്‍ എംവിഡി ശേഖരിച്ചത്.

ഫേസ്ബുക്ക് കുറിപ്പ്;

ലിക്വിഡ് ഓക്‌സിജന്‍ ടാങ്കറുകള്‍ ഓടിക്കുന്നതിനാവശ്യമായ പരിചയ സമ്പന്നരായ ടാങ്കര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ മുഖേന മീഡിയാ സെല്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. ഒറ്റ ദിവസം കൊണ്ട് 3000 ത്തിനടുത്ത് ആളുകളാണ് മേല്‍ പറഞ്ഞ ഓണ്‍ ലൈന്‍ അപേക്ഷ പൂരിപ്പിച്ചയച്ചത്. ആ വിവരങ്ങള്‍ എല്ലാം ക്രോഡീകരിച്ച് അതാത് ജില്ലാ വാര്‍ റൂമുകള്‍ക്ക് കൈമാറി. ഈയൊരു യജ്ഞത്തില്‍ വളരെ ചുരുങ്ങിയ സമയത്തിനകം പ്രതികരിച്ച എല്ലാ നല്ല മനസ്സുകള്‍ക്കും നന്ദി.

Exit mobile version