പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്തം നിറവേറ്റി! സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്രകടനം ഉണ്ടാവേണ്ട കാര്യമില്ല: പുതിയ മന്ത്രിസഭയില്‍ നിന്നും മികച്ച പ്രവര്‍ത്തനം പ്രതീക്ഷിക്കാം;ശൈലജ ടീച്ചര്‍

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കെകെ ശൈലജ ടീച്ചര്‍. പുതിയ മന്ത്രിസഭയില്‍ നിന്നും മികച്ച പ്രവര്‍ത്തനം പ്രതീക്ഷിക്കാമെന്നും ടീച്ചര്‍ പറഞ്ഞു.

‘പുതിയ നിര തന്നെ വന്നിരിക്കുന്നു. താന്‍ മാത്രമല്ല മികച്ച പ്രകടനം നടത്തിയത്. എല്ലാ മന്ത്രിമാരും മികച്ച പ്രവര്‍ത്തനം നടത്തിയവരാണ്. സോഷ്യല്‍ മീഡിയയില്‍ മറിച്ചൊരു അഭിപ്രായം വേണ്ട’. താന്‍ മാത്രമല്ല, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് കോവിഡിനെ നേരിട്ടത്. പുതിയ മന്ത്രിസഭയില്‍ നിന്നും മികച്ച പ്രവര്‍ത്തനം പ്രതീക്ഷിക്കാം.’

‘കോവിഡ് പ്രതിരോധ പ്രവര്‍ത്തനം താന്‍ ഒറ്റയ്ക്ക് നടത്തിയതല്ല. അത് സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനവും ടീം വര്‍ക്കുമാണ്. ഒരുപാട് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനമാണ്. ആരോഗ്യ മന്ത്രിയായിരുന്നതു കൊണ്ട് ആ ഉത്തരവാദിത്തം നിറവേറ്റി എന്നതാണ്. പൂര്‍ണ സംതൃപ്തിയാണ് ഉള്ളത്. പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്തം കഴിയാവുന്നത്ര നന്നായി നിര്‍വഹിക്കാന്‍ ശ്രമിച്ചു. അതില്‍ സംതൃപ്തിയുണ്ട്. പാര്‍ട്ടി മന്ത്രിയാക്കിയത് കൊണ്ടാണ് തനിക്ക് കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചതെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

താന്‍ മന്ത്രിസ്ഥാനത്തു നിന്ന് മാറുന്നത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. ഇതൊരു സംവിധാനമാണ്, വ്യക്തിയല്ല. ഒരു സംവിധാനമാണ് ഇതെല്ലാം നിര്‍വഹിക്കുന്നത്. ആ സംവിധാനത്തിന്റെ തലപ്പത്ത് താന്‍ ആയിരുന്നപ്പോള്‍ അത് കൈകാര്യം ചെയ്തു. ഞാന്‍ മാത്രമല്ലല്ലോ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വലിയൊരു ടീം അല്ലേ അത് കൈകാര്യം ചെയ്തിരുന്നതെന്നും ശൈലജ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നന്ദി പറഞ്ഞ ശൈലജ, ഇനി വരുന്ന മന്ത്രിസഭയ്ക്കും അതേ പിന്തുണ നല്‍കണമെന്നും അഭ്യര്‍ഥിച്ചു.

ഇതോടെ ശൈലജ ടീച്ചറിന് മന്ത്രി സ്ഥാനം നല്‍കിയില്ലെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരങ്ങള്‍ക്ക് കൂടി ശൈലജ ടീച്ചര്‍ വിരാമമിടുകയാണ്.
ഏത് പ്രശ്നമായാലും ഇങ്ങനെയുള്ള അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാവുമല്ലോ. അതുകൊണ്ട് അത്തരത്തില്‍ ഒരു അഭിപ്രായപ്രകടനം ഉണ്ടാവേണ്ട കാര്യമില്ലെന്നാണ് കരുതുന്നത് എന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് താന്‍ പ്രവൃത്തിച്ചതെന്നും പുതിയ മന്ത്രിസഭയില്‍ നിന്നും മികച്ച പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നും ടീച്ചര്‍ വ്യക്തമാക്കി.

Exit mobile version