ആ പുഞ്ചിരി മുഖത്ത് തന്നെയുണ്ട്: പഴയതിനെക്കാള്‍ പ്രസരിപ്പോടെ വീണ്ടും സജീവമാവട്ടെ; മഹേഷ് കുഞ്ഞുമോനെ നേരില്‍ കണ്ട് അഭിനന്ദിച്ച് കെകെ ശൈലജ ടീച്ചര്‍

കോട്ടയം: സിനിമാ താരങ്ങളെയും രാഷ്ട്രീയ നേതാക്കളെയുമെല്ലാം അനുകരിച്ച് ശ്രദ്ധേയനായ താരമാണ് മിമിക്രി താരം മഹേഷ് കുഞ്ഞുമോന്‍. നടന്‍ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ മഹേഷ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.

രജനീകാന്തിന്റെ ജയിലറിലെ കഥാപാത്രങ്ങളെ അനുകരിച്ചാണ് മഹേഷ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. മഹേഷിന്റെ ഗംഭീര തിരിച്ചുവരവിനെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ അനുകരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ മഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ചിരിക്കുകയാണ് മുന്‍ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ശബ്ദാനുകരണം കൊണ്ട് അമ്പരപ്പിച്ച കലാകാരനാണ് മഹേഷ് കുഞ്ഞുമോനെന്ന് കെകെ ശൈലജ പറഞ്ഞു. അപകടത്തിന്റെ ആഘാതത്തില്‍ നിന്നും അദ്ദേഹം തിരിച്ചുവരികയാണ്.

സ്വതസിദ്ധമായ ആ പുഞ്ചിരി മുഖത്ത് തന്നെയുണ്ട്. ഇനിയും അനുബന്ധ ശസ്ത്രക്രിയകള്‍ ചെയ്യാനുണ്ട് അതിനുശേഷം വേദിയില്‍ വീണ്ടും സജീവമാകുമെന്നും കെകെ ശൈലജ വ്യക്തമാക്കി.

ജൂണിലാണ് തൃശ്ലൂര്‍ കയ്പമംഗലത്തുവച്ചുണ്ടായ കാര്‍ അപകടത്തില്‍ കൊല്ലം സുധി മരണപ്പെട്ടത്. മിമിക്രി താരങ്ങളായ മഹേഷ് കുഞ്ഞുമോനും ബിനു അടിമാലിയുമാണ് സുധിയോടൊപ്പമുണ്ടായിരുന്നത്. പരിക്കേറ്റ ഇരുവരും പരിക്കുകളെ അതിജീവിച്ച് വരുന്നേയുള്ളൂ.

‘വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ശബ്ദാനുകരണ കലയിലെ കൃത്യതകൊണ്ട് ആസ്വാദകരെയാകെ അമ്പരപ്പിച്ച കലാകാരനാണ് മഹേഷ് കുഞ്ഞുമോന്‍. അവതരണത്തിലെ വ്യത്യസ്തതകൊണ്ടും മഹേഷ് വളരെ പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. മഹേഷിനെ ഇന്ന് സന്ദര്‍ശിച്ചിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ നിന്നും അദ്ദേഹം തിരിച്ചുവരികയാണ്. സ്വതസിദ്ധമായ ആ പുഞ്ചിരി മുഖത്ത് തന്നെയുണ്ട്. ഇനിയും അനുബന്ധ ശാസ്ത്രക്രിയകള്‍ ചെയ്യാനുണ്ട് അതിനുശേഷം വേദിയില്‍ വീണ്ടും സജീവമാകും.

കഴിഞ്ഞദിവസം യൂട്യൂബില്‍ പബ്ലിഷ് ചെയ്ത വീഡിയോ ഏറെ സന്തോഷം നല്‍കുന്നതാണ്. അനുകരണകലയില്‍ ഇനിയുമേറെ ഉയരങ്ങളിലെത്തി മലയാളത്തിനാകെ അഭിമാനമാകാന്‍ മഹേഷിന് കഴിയും. പരിക്കുകളൊക്കെ എളുപ്പം സുഖമായി കലാരംഗത്ത് പഴയതിനെക്കാള്‍ പ്രസരിപ്പോടെ സജീവമാവാന്‍ സാധിക്കട്ടെ’.

Exit mobile version