‘യൂത്ത് കോൺഗ്രസ് പ്രവർത്തകന് എന്നും അതായിരുന്നു പ്രസിഡന്റ്; കേട്ടത് ശരിയായിരുന്നില്ലെങ്കിലെന്ന് കൊതിച്ച് പോവാ’: ഷാഫി പറമ്പിൽ

പാലക്കാട്: യൂത്ത്‌കോൺഗ്രസ് മുൻ പ്രസിഡന്റും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് കോവിഡ് ബാധിച്ച് മരണപ്പെട്ട വാർത്ത വിശ്വസിക്കാനാകാതെ ഷാഫി ഫറമ്പിൽ എംഎൽഎ. ‘തെരഞ്ഞെടുപ്പ് റിസൾട്ട് വരുന്നതിന്റെ തലേ ദിവസം വിളിച്ച് ധൈര്യമായിട്ടിരിക്കാൻ പറഞ്ഞു. ഓരോ യൂത്ത് കോൺഗ്രസ് പ്രവർത്തകനും എന്നും അതായിരുന്നു പ്രസിഡന്റ്.. ധൈര്യം’- ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

തെരഞ്ഞെടുപ്പിന്റെ റിസൾട്ട് വരുന്നതിന്റെ തലേ ദിവസം വിളിച്ച്‌ ധൈര്യമായിട്ടിരിക്കാൻ പറഞ്ഞു . ഓരോ യൂത്ത് കോൺഗ്രസ്സ് പ്രവര്‍ത്തകന് എന്നും അതായിരുന്നു പ്രസിഡന്റ്..ധൈര്യം. ആത്മാർത്ഥമായിട്ടല്ലാതെ ഒരു വാക്കും ഉപയോഗിക്കാത്ത മനുഷ്യൻ. ഓട്ടത്തിനിടക്ക് കുഞ്ഞു മോളുടെ നല്ല പ്രായത്തിൽ അവളോടൊപ്പം സമയം ചിലവഴിക്കാൻ കഴിയാതെ പോയതിലെ ഖേദം മാറാത്ത മനുഷ്യൻ . നമ്മുക്ക് അത് സംഭവിക്കരുതെന്ന് ഓർമ്മപ്പെടുത്തുന്ന കരുതൽ … ഇപ്പോൾ കോവിഡ് കൊണ്ട്‌ പോയി എന്ന് കേൾക്കുമ്പോള്‍ വിശ്വസിക്കനാവുന്നില്ല . കേട്ടത് ശരിയായിരുന്നില്ലെങ്കിലെന്ന് കൊതിച്ച് പോവാ ..-ഷാഫി ഫറമ്പിൽ എംഎൽഎ കുറിച്ചു.

മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ രാജീവ് കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവും ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയുമായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രാജീവ് രോഗമുക്തനായെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു. നിലവഷളായി വെന്റിലേറ്ററിലായിരുന്ന അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

2010 മുതൽ 14 വരെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം 2014ൽ മഹാരാഷ്ട്രയിലെ ഹിംഗോളി മണ്ഡലത്തിൽനിന്ന് ശിവസേന എംപി സുരേഷ് വാംഖഡെയെ പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലെത്തിയത്. 20 വർഷം ശിവസേന കൈവശംവെച്ച കലാംനൂരി അസംബ്ലി മണ്ഡലം 2009ൽ കോൺഗ്രസിനുവേണ്ടി പിടിച്ചെടുത്ത നേതാവുകൂടിയായിരുന്നു രാജീവ് സാതവ്. നിര്യാണത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പടെയുള്ള പ്രമുഖർ അനുശോചിച്ചു.

Exit mobile version