സൗമ്യ സന്തോഷിന്റെ കുടുംബത്തിന് എല്ലാ സഹായവും ലഭ്യമാക്കും; മലയാളി നഴ്‌സിന്റെ ജീവനപഹരിച്ച ഇസ്രായേലിലെ റോക്കറ്റ് ആക്രമണത്തെ അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: മലയാളി നഴ്‌സ് ഉൾപ്പടെ കൊല്ലപ്പെട്ട ഇസ്രയേലിലെ റോക്കറ്റാക്രമണത്തെ അപലപിച്ച് ഇന്ത്യ. ഇസ്രായേലും പാലസ്തീനും സംയമനം പാലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യ സന്തോഷിന്റെ കുടുംബത്തിന് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി നി മുരളീധരൻ സോഷ്യൽമീഡിയയിലൂടെ പ്രതികരിച്ചു. കുടുംബവുമായി സംസാരിച്ചെന്നും അവരുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും വി മുരളീധരൻ ട്വിറ്ററിൽ കുറിച്ചു.

അതേസമയം ഇസ്രായേലിലെ അഷ്‌ക ലോണിൽ റോക്കറ്റ് ആക്രമണത്തിൽ അപ്പാർട്ട്‌മെന്റ് തകർന്ന് മലയാളി യുവതി കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് മലയാളി സമൂഹം. ഭർത്താവിനോട് വിഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഇടുക്കി കീരിത്തോട് സ്വദേശിയായ സൗമ്യ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിലേക്ക് റോക്കറ്റ് വീണ് ദുരന്തമുണ്ടായത്.

സൗമ്യയുടെ മൃതദേഹം അഷ്‌ക്കലോണിലെ ബർസിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദുരന്ത വാർത്ത അറിഞ്ഞ സൗമ്യയുടെ സുഹൃത്തുക്കളും മലയാളി നഴ്‌സുമാരും ആശുപത്രിയിലേക്ക് എത്തിട്ടുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് ഇസ്രയേയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പത്തുവർഷമായി സൗമ്യ അഷ്‌കലോണിൽ കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു. 2017 ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്.

Exit mobile version