“തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വോട്ട് പിടിച്ചു”: കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് സിപിഎം ഹൈക്കോടതിയിലേക്ക്

K BABU | bignewslive

കൊച്ചി: തൃപ്പൂണിത്തുറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം കോടതിയിലേക്ക്. കെ ബാബു തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ് സിപിഎം കോടതിയെ സമീപിക്കുന്നത്. കെ ബാബു അയ്യപ്പന്റെ പേരില്‍വോട്ട് ചോദിച്ചുവെന്നാണ് സിപിഎം ആരോപണം. കൂടാതെ സീല്‍ ഇല്ലാത്തതിന്റെ പേരില്‍ 1071 പോസ്റ്റല്‍ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയും സിപിഎം കോടതിയില്‍ ചോദ്യം ചെയ്യും.

അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചതിന് തെളിവായി ബോര്‍ഡുകളും കെ ബാബുവിന്റെ പ്രസംഗവും സഹിതം കോടതിയെ സമീപിക്കാനാണ് സിപിഎം തീരുമാനം. ഈയാഴ്ച തന്നെ കോടതിയെ സമീപിക്കാനാണ് സിപിഎം ആലോചിക്കുന്നത്. സ്വരാജിനായി തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സി എം സുന്ദരന്‍ കോടതിയില്‍ ഹര്‍ജി നല്‍കും. തൃപ്പൂണിത്തുറയിലെ സ്വരാജിന്റെ തോല്‍വിയെക്കുറിച്ച് പാര്‍ട്ടിയും അന്വേഷിക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഏതെങ്കിലും വീഴ്ച തോല്‍വിയ്ക്ക് കാരണമായോ എന്നാണ് സി പി എം പരിശോധിക്കുക.

992 വോട്ടിന് സിറ്റിംഗ് എംഎല്‍എ എം സ്വരാജ് കെ ബാബുവിന് മുന്നില്‍ വീണത് ബിജെപി വോട്ടുകള്‍ മറിച്ചത് കൊണ്ടാണെന്നായിരുന്നു പ്രധാന ആരോപണം. കെ ബാബു തന്നെ ഇത് പലവട്ടം പറഞ്ഞിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകരുടെ വോട്ട് തനിക്ക് കിട്ടുമെന്ന് കെ ബാബു തെരഞ്ഞെടുപ്പിന് മുന്നേ പറഞ്ഞിരുന്നു. കൂടാതെ തൃപ്പൂണിത്തുറ ബിജെപി സ്ഥാനാര്‍ത്ഥിയും വോട്ട് കച്ചവടം ആരോപിച്ചിരുന്നു. മണ്ഡലത്തില്‍ കിട്ടേണ്ട വോട്ട് തനിക്ക് കിട്ടിയില്ലെന്നും ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ചുവെന്നും ബിജെപി സ്ഥാനാര്‍ത്ഥി തന്നെ വ്യക്തമാക്കിയിരുന്നു.

Exit mobile version