തൃപ്പൂണിത്തുറയിലെ ബിജെപി ആര്‍എസ്എസ് വോട്ടുകള്‍ കെ ബാബുവിന് ചോര്‍ത്തി: എനിക്ക് കിട്ടിയ വോട്ട് ഞാന്‍ തെണ്ടിപ്പെറുക്കിയുണ്ടാക്കിയത്; കെഎസ് രാധാകൃഷ്ണന്‍

തൃപ്പൂണിത്തുറ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന് പോയതുകൊണ്ടാണ് താന്‍ തോറ്റതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെഎസ് രാധാകൃഷ്ണന്‍.

തൃപ്പൂണിത്തുറയില്‍ സിറ്റിംഗ് എംഎല്‍എ ആയിരുന്ന എം സ്വരാജിന്റെ തോല്‍വിയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് ബിജെപി വോട്ടു കച്ചവടമാണെന്ന എല്‍ഡിഎഫിന്റെ ആരോപണങ്ങളെ ശരിവെയ്ക്കുന്നതാണ് കെഎസ് രാധാകൃഷ്ണന്റെ പ്രസ്താവന.

‘തൃപ്പൂണിത്തുറയില്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ചെല്ലുമ്പോള്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പരസ്യമായി പ്രസ്താവനയിറക്കിയത് നിങ്ങളെല്ലാവരും കേട്ടതാണ്. ഇപ്രാവശ്യം ബിജെപിയുടെയും ആര്‍എസ്എസിന്റെയും വോട്ടുകള്‍ ശബരിമലയുടെ പേരില്‍ തനിക്ക് കിട്ടുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഞാന്‍ അതിനെ നിഷേധിച്ചു. അങ്ങനെ സംഭവിക്കില്ലെന്ന് പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വോട്ട് കുറഞ്ഞു. ഇപ്പോള്‍ എനിക്ക് കിട്ടിയ വോട്ട് ഞാന്‍ തെണ്ടിപ്പെറുക്കിയുണ്ടാക്കിയതാണ്,’ കെഎസ് രാധാകൃഷ്ണന്‍ പറഞ്ഞു.

ബിജെപിയ്ക്ക് തൃപ്പൂണിത്തുറ നഗരസഭയില്‍ മാത്രം 19,000ത്തിലേറെ വോട്ടുള്ളതാണ്. ഉദയംപേരൂര്‍, കുമ്പളം, മരട്, ഇടക്കൊച്ചി മുതല്‍ പള്ളുരുത്തി വരെയുള്ള ഭാഗങ്ങള്‍ ഇതെല്ലാം ചേരുമ്പോള്‍ ബി.ജെ.പിയുടെ വോട്ട് സ്വാഭാവികമായും 35,000 ആവേണ്ടതാണ്. എന്നാല്‍ ആ വോട്ട് കിട്ടിയില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ബിജെപിയുടെ വോട്ട് കിട്ടിയത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന് തന്നെയാണെന്നും കെഎസ് രാധാകൃഷ്ണ്‍ പറഞ്ഞു. ബിജെപി നേതൃത്വം തന്നെ യുഡിഎഫിന് വോട്ട് മറിയ്ക്കാന്‍ തയ്യാറായി എന്ന ആരോപണങ്ങളോടും കെഎസ് രാധാകൃഷ്ണന്‍ പ്രതികരിച്ചു.

‘തൃപ്പൂണിത്തുറയില്‍ നിന്നും മത്സരിച്ച സ്ഥാനാര്‍ത്ഥി ഞാനാണല്ലോ, ഞാന്‍ വോട്ട് മറിയ്ക്കാന്‍ നിന്നില്ലെന്ന് നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ. ഇനി ആരാണ് എന്താണ് എങ്ങനെയാണ് മറ്റുള്ള കാര്യങ്ങള്‍ നടന്നതെന്ന കാര്യത്തില്‍ അന്വേഷണം വേണം,’ കെഎസ് രാധാകൃഷ്ണന്‍ പറഞ്ഞു.

കേരളത്തില്‍ ബിജെപിയുടെ വോട്ട് കുറഞ്ഞതും വിശദമായി അന്വേഷിക്കണം. ബിജെപിയുടെ വളര്‍ച്ചാനിരക്കുമായി ചേര്‍ത്തുവെച്ചു കൊണ്ടായിരിക്കണം ഈ അന്വേഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയക്ക് ആവശ്യമായി മുന്നൊരുക്കം നടത്തിയില്ലെന്നും ഇത് പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version