അംബാസിഡര്‍ കാറിനെ ആംബുലന്‍സാക്കി യുവാവിന്റെ നന്മ: കോവിഡ് രോഗികള്‍ക്ക് കൈത്താങ്ങായി എടത്തറ സ്വദേശി

പാലക്കാട്: കോവിഡ് രോഗികള്‍ക്ക് കൈത്താങ്ങായി ആംബുലന്‍സ് സൗകര്യമൊരുക്കി യുവാവ്. പാലക്കാട് എടത്തറ സ്വദേശിയായ മുഹമ്മദ് അറഫാത്താണ് തന്റെ അംബാസിഡര്‍ കാറിനെ ആംബുലന്‍സാക്കി സഹായമൊരുക്കിയിരിക്കുന്നത്.

കോവിഡ് പോസിറ്റീവായി വീടുകളില്‍ കഴിയുന്നവര്‍ക്ക് ആശുപത്രിയിലോ, പരിശോധനാ കേന്ദ്രത്തിലോ പോവുന്നതിന് ആംബുലന്‍സ് സൗകര്യം വളരെ പരിമിതമാണ്. ഇവരെ കൊണ്ടുപോവാന്‍ ടാക്‌സിക്കാര്‍ക്കും പ്രയോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ പലപ്പോഴും കോവിഡ് ബാധിതര്‍ വലിയ ദുരിതം നേരിടുന്നു. ഇത് മനസ്സിലാക്കിയാണ് മുഹമ്മദ് അറഫാത്തിന്റെ സഹായം.

അറഫാത്തിന്റെ അംബാസിഡര്‍ കാറിലാണ് കോവിഡ് ബാധിതരെ ആശുപത്രിയിലേക്കും, ലാബുകളിലേക്കുമെല്ലാം കൊണ്ടു പോവുന്നത്. പിപിഇ കിറ്റെല്ലാം ധരിച്ച്, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് അറഫാത്തിന്റെ പ്രവര്‍ത്തനം.

ഒരാഴ്ച മുന്‍പ് സുഹൃത്തിന്റെ വീട്ടിലുള്ളവര്‍ക്ക് മുഴുവന്‍ കോവിഡ് പോസിറ്റീവായതോടെ പരിശോധനയ്ക്ക് കൊണ്ടുപോവാന്‍ വാഹനങ്ങളൊന്നും കിട്ടിയിരുന്നില്ല. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അറഫാത്ത് വാരാന്ത്യ നിയന്ത്രണമുള്ള ദിവസമായതിനാല്‍ അന്ന് ജോലിക്ക് പോയിരുന്നില്ല. സുഹൃത്തിന്റെ പ്രതിസന്ധി അറിഞ്ഞതോടെ അറഫാത്ത് പിപിഇ കിറ്റ് ധരിച്ച് സ്വന്തം കാറെടുത്ത് വീട്ടുകാരെ പരിശോധനയ്ക്കായി കൊണ്ടുപോയി.

ഇക്കാര്യം അറിഞ്ഞ നാട്ടുകാര്‍ പിന്നീട് സഹായത്തിനായി വിളിച്ചു തുടങ്ങി. അവരെയാരെയും നിരാശപ്പെടുത്താന്‍ അറഫാത്ത് ഒരുക്കമായിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ എഴുപതോളം പേരെയാണ് അറഫാത്ത് ആശുപത്രിയിലെത്തിയത്.

രണ്ടു ദിവസം മുന്‍പാണ് എടത്തറയിലെ ഒരു വീട്ടിലെ പ്രായമായ ഒരാള്‍ അവശനാണെന്ന് പറഞ്ഞ് ആശാ വര്‍ക്കര്‍ അറഫാത്തിനെ വിളിയ്ക്കുന്നത്. ഉടനെ തന്നെ അവിടെയെത്തിയെങ്കിലും രോഗി മരിച്ചതായി ബോധ്യപ്പെട്ടു. ശരീരമെല്ലാം മരവിച്ച ആ മനുഷ്യനെ തൊട്ടു നോക്കിയതും ആശുപത്രിയില്‍ കൊണ്ടു പോയതും മറക്കാനാവാത്ത അനുഭവമാണെന്ന് അറഫാത്ത് പറയുന്നു.

കോവിഡ് ബാധിതയായ വിദ്യാര്‍ത്ഥിനിക്ക് പത്താം ക്ലാസ് പരീക്ഷ എഴുതുന്നതിനും സഹായമായി നിന്നത് അറഫാത്താണ്. തന്റെ പ്രവര്‍ത്തനത്തിന് വീട്ടുകാരുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് അറഫാത്ത് പറയുന്നു. ആദ്യമൊക്കെ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും സഹായം കിട്ടിയവരുടെ പ്രതികരണം വീട്ടുകാര്‍ക്ക് ഏറെ സന്തോഷം നല്‍കിയതായും ഇപ്പോള്‍ എല്ലാവരും നല്ല പിന്തുണയാണ് നല്‍കുന്നതെന്നും അറഫാത്ത്. ആരോഗ്യ പ്രവര്‍ത്തകരും നല്ല പിന്തുണ നല്‍കുന്നതായും അറഫാത്ത് വ്യക്തമാക്കി. നാട്ടുകാരും പൂര്‍ണ പിന്തുണ നല്‍കി ഒപ്പമുണ്ട്.

ഒറ്റപ്പെട്ടു പോവുന്ന കോവിഡ് ബാധിതരെ സഹായിയ്ക്കുന്നത് വലിയ ആത്മ സംതൃപ്തി നല്‍കുന്നതായി അറഫാത്ത് പറയുന്നു. ജോലിയെ ബാധിക്കാത്ത തരത്തില്‍ പ്രവര്‍ത്തനവുമായി മുന്നോട്ട് പോവണമെന്നാണ് അറഫാത്തിന്റെ ആഗ്രഹം. നമ്മള്‍ ഒന്ന് മനസ്സ് വെച്ചാല്‍ കോവിഡ് ബാധിതരായവരെ സഹായിക്കാന്‍ കഴിയുമെന്ന് അറഫാത്ത് പറയുന്നു. തനിയ്ക്ക് കോവിഡ് ബാധിച്ചാല്‍, താന്‍ ഏറ്റെടുത്ത പ്രവൃത്തി സുഹൃത്തുക്കള്‍ തുടരുമെന്നും ഇദ്ദേഹം പറയുന്നു.

Exit mobile version