വളര്‍ത്തു നായയ്ക്ക് ഭക്ഷണം നല്‍കിയില്ല; ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് ഭര്‍ത്താവ്, അറസ്റ്റ്

പത്തനംതിട്ട: വളര്‍ത്തു നായയ്ക്ക് ഭക്ഷണം കൊടുത്തില്ലെന്ന് ആരോപിച്ച് ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് ഭര്‍ത്താവ്. മല്ലപ്പള്ളിയിലാണ് സംഭവം. നെഞ്ചിനും കൈക്കും പൊള്ളലേറ്റ സുമയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ചെങ്ങരൂര്‍ അരീക്കല്‍ തെക്കേതില്‍ ദിലീപ് ജോണിനെ (42) കീഴ്‌വായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

വളര്‍ത്തു നായയ്ക്ക് ഭക്ഷണം കൊടുത്തില്ലെന്നു പറഞ്ഞാണ് ഇയാള്‍ ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചത്. നായയ്ക്ക് ഭക്ഷണം നല്‍കാത്തതിന് ഭാര്യ സുമ ബാബുവുമായി ഇയാള്‍ ആദ്യം വഴക്കിട്ടു. പിന്നീട് അടുക്കളയിലെത്തി ചോറ് വയ്ക്കാന്‍ വച്ച കലത്തില്‍ നിന്നു തിളച്ച വെള്ളമെടുത്ത് സുമയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ദിലീപ് എറിഞ്ഞ കലം കൊണ്ട് സുമയുടെ നെറ്റിക്കും പരുക്കുണ്ട്. നെഞ്ചിനും കൈക്കും പൊള്ളലേറ്റ സുമയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version