‘കാഴ്ചയില്‍ തീരെ അവശത, പാസ് ബുക്ക് നീട്ടി… രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിക്ക് വാക്‌സിന്‍ വാങ്ങാന്‍ സംഭാവന ചെയ്യണം, എനിക്ക് ജീവിക്കാന്‍ പെന്‍ഷന്‍ ഉണ്ട്’ നന്മ മനസിനെ കുറിച്ച് ബാങ്ക് ഉദ്യോഗസ്ഥന്‍, കുറിപ്പ്

bank employee | Bignewslive

കൊച്ചി: കാഴ്ചയില്‍ തീരെ അവശനായി ബാങ്കിലെത്തിയ വയോധികന്‍ വാക്‌സിന്‍ വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തത് രണ്ട് ലക്ഷം രൂപ. ബാങ്ക് ഉദ്യോഗസ്ഥനാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കിട്ടത്. തന്റെ പേര് വെളിപ്പെടുത്തരുതെന്ന് മാത്രമായിരുന്നു ആ വ്യക്തിയുടെ അപേക്ഷയെന്നും അദ്ദേഹം കുറിക്കുന്നു.

അക്കൗണ്ടിലുള്ള മുഴുവന്‍ തുകയും സംഭാവന ചെയ്താല്‍ എങ്ങനെ ജീവിക്കും,, ഒരാവശ്യം വന്നാല്‍ പണം വേണ്ടേ എന്ന തന്റെ ചോദ്യത്തിന് എനിക്ക് ജീവിക്കാന്‍ വികലാംഗപെന്‍ഷന്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്ന് അദ്ദേഹം കുറിക്കുന്നു. ഇത്തരത്തിലുള്ള നന്മ മനസുകള്‍ വാഴുമ്പോള്‍ കേരളം തോല്‍ക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഇന്നലെ ഞാൻ ജോലിചെയ്യുന്ന ബാങ്കിൽ പ്രായമുള്ള ഒരാൾ വന്നു. പാസ്സ് ബുക്ക് തന്നു ബാലൻസ് ചോദിച്ചു…200850 രൂപ ഉണ്ടെന്നു പറഞ്ഞു.
” ഇതിൽ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്സിൻ വാങ്ങുന്നതിനു സംഭാവന നൽകണം ”
കാണുമ്പോൾതന്നെ അവശത തോന്നുന്ന ഒരു മനുഷ്യൻ. കുറച്ചു സംസാരിച്ചപ്പോൾ ജീവിക്കാൻ മറ്റ് ചുറ്റുപാടുകൾ ഒന്നും ഇല്ലെന്നു മനസ്സിലായി.
വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അല്പം കഴിഞ്ഞും അയച്ചാൽ പോരെ എന്ന് ചോദിച്ചു. നിങ്ങൾക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ.
“എനിക്ക് ജീവിക്കാൻ ഇപ്പോൾ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെൻഷൻ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട് അതിനു ആഴ്ചയിൽ 1000രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാൻ ഇതു തന്നെ ധാരാളം. ” “മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോൾ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ. ഇതു ഇന്നയച്ചാലേ എനിക്ക് ഉറങ്ങാൻ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത് ”
അനാവശ്യ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ആ മുഖഭാവം കണ്ടപ്പോൾ….
ഇങ്ങനെയുള്ള നന്മയുള്ള മനസ്സുകളാണ് നമ്മുടെ നാടിനെ താങ്ങി നിർത്തുന്നത്.
അതാണ് ഉറപ്പോടെ പറയുന്നത് നമ്മൾ ഇതും അതിജീവിക്കും…..
അതാണ് ഉറപ്പോടെ പറയുന്നത്
ഇത് കേരളമാണ്

Exit mobile version