പുഴയിൽ തള്ളുന്നതിന് മുമ്പ് വൈഗയുടെ സ്വർണാഭരണങ്ങൾ അഴിച്ചെടുത്തു; വിറ്റ പണം കൊണ്ട് മദ്യവും സിഗററ്റും വാങ്ങി കാറിൽ സൂക്ഷിച്ചു; കുറ്റബോധമില്ലാതെ സനുമോഹൻ

vaiga and sanu

കൊച്ചി: മകൾ വൈഗയെപുഴയിൽ തള്ളുന്നതിന് മുമ്പ് സ്വർണാഭരണങ്ങൾ അഴിച്ചെടുത്തിരുന്നെന്ന് പിതാവ് സനു മോഹൻറെ മൊഴി. ഈ ആഭരണങ്ങൾ സംസ്ഥാനം വിടും മുമ്പ് തന്നെ വിറ്റ് പണമാക്കിയതായും ആ പണം കൊണ്ട് മദ്യവും സിഗരറ്റും കാറിൽ കരുതിയതായും ഇയാൾ മൊഴി നൽകി. വൈഗയുടെ മാലയും മോതിരവുമാണ് ഇത്തരത്തിൽ വിറ്റത്. ഇയാളെ കഴിഞ്ഞദിവസം കുടുംബത്തോടൊപ്പം താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം അപ്പാർട്‌മെന്റ്‌സിൽ തെളിവെടുപ്പിനായി കൊണ്ടു വന്നതിനിടെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തെല്ലും കുറ്റബോധമില്ലാതെയാണ് പ്രതി നടപടികളോട് സഹകരിച്ചത്.

ഫ്‌ലാറ്റ് നിവാസികളോട് മുഖം തിരിച്ചുനിന്ന ഇയാൾ കൂസലില്ലാതെയാണ് പെരുമാരിയത്. തെളിവെടുപ്പിനിടെ ഫ്‌ലാറ്റ് പരിസരത്തേക്ക് ആരെയും പോലീസ് അടുപ്പിച്ചിരുന്നില്ല. ഫ്‌ലാറ്റിലെ മുറികളിലെത്തിച്ചു തെളിവെടുപ്പു നടത്തിയ ശേഷം തിരിച്ചിറങ്ങിയ സനുമോഹൻ താഴെ കാണാൻ നിന്ന ഫ്‌ലാറ്റ് നിവാസികൾക്കു മുന്നിൽ പുറം തിരിഞ്ഞു നിന്നു. എന്നാൽ പോലീസ്, കൂട്ടംകൂടി നിന്നവർക്ക് അഭിമുഖമായി സനുമോഹനെതിരിച്ചു നിർത്തി. അക്കൂട്ടത്തിൽ സനു മോഹൻ പണം കടം വാങ്ങിയ ആരൊക്കെയുണ്ടെന്നു ചോദിക്കുകയും അവരെ സനുമോഹൻ കാണിച്ചുകൊടുക്കുകയും ചെയ്തു.

ഇവിടെ നിന്നും പോലീസ് ജീപ്പിൽ കയറ്റിയ സനു മോഹനെ ഭാര്യ രമ്യയുടെയും വൈഗയുടെയും ഫോണുകൾ വലിച്ചെറിഞ്ഞ എച്ച്എംടി റോഡിനു സമീപത്തെ കാടിനു മുന്നിലാണു പിന്നീട് എത്തിച്ചത്. അവിടെ നിന്നു ചേരാനല്ലൂർ ഭാഗത്തേക്കു കൊണ്ടുപോയ ശേഷമാണ് വൈഗയെ പുഴയിലെറിഞ്ഞ മുട്ടാർപുഴയിലെ ചക്യാടം കടവിൽ എത്തിച്ചത്. കാർ കൊണ്ടുവന്നു നിർത്തിയ സ്ഥലവും കാറിൽ നിന്നു വൈഗയെ എടുത്തു കൊണ്ടുപോയ വിധവും പുഴയിൽ മരത്തിനോടു ചേർന്നു തള്ളിയിട്ട സ്ഥലവും കാണിച്ചുകൊടുത്തു.

കങ്ങരപ്പടിയിൽ മൊബൈൽ ഫോൺ വിറ്റ കട, ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയ പണമിടപാട് സ്ഥാപനം എന്നിവിടങ്ങളിലും സനു മോഹനെ എത്തിച്ചു തെളിവെടുത്തു. സനു മോഹനുമായി 4 സംസ്ഥാനങ്ങളിൽ തെളിവെടുപ്പിനായി പോലീസ് പോകുന്നുണ്ട്. തൃക്കാക്കര ഇൻസ്‌പെക്ടർ കെ ധനപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കു പോകുന്നത്.

Exit mobile version