ചെങ്കൊടി പിടിച്ച് ‘കനല്‍ കതിര്‍’ ഭൂമിയിലേക്ക് എത്തി: ഇരുട്ടുള്ളിടത്ത് ചോപ്പുരാശിയോടെ തിളങ്ങുന്ന കനലാകാന്‍

ഭൂമിയിലേക്ക് പിറന്നുവീഴും മുമ്പേ കനല്‍ കതിര്‍ എന്ന പേര് സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പിറക്കാനിരിക്കുന്ന കണ്‍മണിയെ മുമ്പേ തന്നെ സോഷ്യല്‍ ലോകത്തിന് പരിചയമാക്കിയിരിക്കുകയാണ് എഴുത്തുകാരനും മുന്‍ എസ്എഫ്‌ഐ നേതാവായ ആര്‍എല്‍ ജീവന്‍ലാല്‍.

ജനിച്ചയുടനെ തന്നെ കനല്‍ ചെങ്കൊടി പിടിച്ചാണ് ലോകത്തിന് മുന്നിലേക്കെത്തിയത്. ജീവന്‍ലാലിനും ഷഹനയ്ക്കും ശനിയാഴ്ച ഉച്ചയ്ക്കാണ് പെണ്‍കുഞ്ഞ് പിറന്നത്.

ജനിയ്ക്കും മുമ്പേ തന്നെ കുഞ്ഞിന്റെ പേരില്‍ തന്നെ അവര്‍ ഫേസ്ബുക്ക് ആരംഭിച്ചിരുന്നു. കുഞ്ഞിന്റെ ചിന്തകളായി കുറിപ്പുകളും പങ്കുവയ്ക്കാറുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ് സഖാവായി വൈറലായിരിക്കുകയാണ് കനല്‍.

കനലിനെ പരിചയപ്പെടുത്തിയുള്ള ജീവന്‍ലാലിന്റെ കുറിപ്പ്:

”അല്‍പ്പ സമയം മുന്‍പാണ് ഞാന്‍ ജനിച്ചത്
(17042021 ശനി 02:56ജങ)
പേര്: കനല്‍

ഏത് കുഞ്ഞായാലും ഈ പേര് മതിയെന്ന് അച്ഛനും ഷാനുമ്മയും തീരുമാനിച്ചിരുന്നു..
എന്നെ ഒരു മതത്തിലും മുക്കി നശിപ്പിക്കില്ലെന്ന് അവര്‍ ഉറപ്പ് തന്നിട്ടുണ്ട്.
മതങ്ങള്‍ക്ക് മനുഷ്യരെ കൊല്ലാനും അകറ്റി നിര്‍ത്താനും മാത്രമേ അറിയൂ.
കൊള്ളക്കാരനേയും കൊലയാളിയേയും പുറത്താക്കാത്ത മതങ്ങള്‍ സ്‌നേഹിച്ചവരെ മാറ്റി നിര്‍ത്തുന്നത് കാണുന്നില്ലെ.?

അത് കൊണ്ടാണ് പലരും ഇപ്പോഴും അരിശം പിടിച്ചിരിക്കുന്നത്.
അച്ഛന്റെ ചിന്തകളിലേക്ക് ഞാന്‍ എന്നെ ചേര്‍ത്ത് വച്ചപ്പോള്‍ എനിക്ക് ഏറെ നേരത്തെ തന്നെ ലോകത്തോട് സംസാരിച്ച് തുടങ്ങാന്‍ കഴിഞ്ഞിരുന്നു.
ഷാനുമ്മയുടെ ഗര്‍ഭത്തിലിരിക്കെ അച്ഛനിലൂടെ ഞാന്‍ എല്ലാം കുറിച്ച് വച്ചുകൊണ്ടേയിരുന്നു.

വയറ്റിലിരിക്കെ അച്ഛനും ഷാനുമ്മയും എന്നോട് സംസാരിക്കാറുണ്ട്.
മനുഷ്യനാകാനാണ് അവരെന്നോട് എല്ലായിപ്പോഴും പറഞ്ഞ് തന്നിരുന്നത്.
ആകാംഷ
കരുണ
കര്‍ത്തവ്യ ബോധം.
ദൃഢ നിശ്ചയം
മന:കരുത്ത്
ഭാവന

എന്നിവയുണ്ടാകണമെന്ന് എപ്പോഴും എന്നോട് പറഞ്ഞു തന്നുകൊണ്ടേയിരുന്നു.
അവര്‍ മതമില്ലാതെയാണ് വിവാഹം ചെയ്തത്. അച്ഛന്‍ ഉമ്മാക്ക് താലി ചാര്‍ത്തി കൊടുത്തില്ല.
പ്രഹസനമായ ഒരാചാരങ്ങളും നമ്മെ ബാധിക്കരുതെന്ന് അവര്‍ തീരുമാനമെടുത്തിട്ടുണ്ട്.
ഒരുമിക്കാനുള്ള അവസരങ്ങളെ ചേര്‍ത്തു പിടിക്കണമെന്നാണ് അവരുടെ പക്ഷം.

മനുഷ്യരെ പറ്റി ചിന്തിച്ചാല്‍ ഞാന്‍ കമ്യൂണിസ്റ്റാകുമെന്നാണ് അച്ഛന്‍ പറഞ്ഞ് തന്നത്.
അച്ഛന്‍ എനിക്ക് വേണ്ടി അരിവാളും ചുറ്റികയുമുള്ള ഒരു കുഞ്ഞു പതാക എടുത്ത് വച്ചിരുന്നു.
ഞാന്‍ മുന്‍പേ പറഞ്ഞില്ലെ ഷാനിയാന്റിയും നന്ദു പാപ്പനും കൂടി ഉണ്ടാക്കിയ കൊടിയെ പറ്റി.
ഇതിനേക്കുറിച്ച് കേട്ടിട്ട് അച്ഛന്റെ ലിജി ടീച്ചര്‍ പറയാ ‘കേശവന്റെ വിലാപത്തില്‍ കരയുന്ന കുട്ടിക്ക് ഇ.എം.എസിന്റെ ചിത്രം കാണിച്ച് കൊടുത്തതു പോലെ’ എന്ന്.
എന്നെ കുറിച്ച് ഉമ്മയുടേയും അച്ഛന്റേയും വീക്ഷണമെന്തായിരുന്നു എന്ന്,

ഞാന്‍ സ്വയം ചിന്തിച്ച് തുടങ്ങുന്ന കാലത്ത് എനിക്കെളുപ്പത്തില്‍ മനസ്സിലാകാനാണ് ഈ മാനവീകതയുടെ അടയാളം എന്റെ കയ്യിലേല്‍പ്പിക്കുന്നതെന്ന് അച്ഛന്‍ പറഞ്ഞു തന്നു.
ഞാനൊരു രാഷ്ട്രീയ നേതാവാകണമെന്നൊന്നുമല്ല അതിന്റെയര്‍ത്ഥം.
ഏതവസ്ഥയിലും മനുഷ്യ സ്‌നേഹിയാകണമെന്നാണ്.

ചതിക്കപ്പെട്ടയാളാണ് അച്ഛന്‍. അതുകൊണ്ടാണ് അച്ഛന്‍ വീണ്ടും വീണ്ടും അത് പറയുന്നത്.
സഖാക്കളുടെ കരുതല്‍ അതൊരു അനുഭവമാണ്.

ഉമ്മച്ചിക്ക് വേദന എന്ന് പറഞ്ഞപ്പോള്‍ അച്ഛന്റെ സുഹൃത്തും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ യദു പാപ്പന്‍ ആദ്യം ചോദിച്ചത് ‘ജീവേട്ടാ ഷഹനേച്ചിയുടെ ബ്ലഡ് ഗ്രൂപ്പ് ഏതാ?’ എന്നാണ്.

അച്ഛന്റെ കമുറു സഖാവും ഇതു തന്നെ ചോദിച്ചു. എപ്പോഴും വിവരമന്വേഷിക്കുന്ന കൊടുങ്ങല്ലൂരിലെ എന്റെ നിയാസ് മാമ, ഉമ്മച്ചിയെ അഡ്മിറ്റ് ചെയ്ത വാര്‍ത്തയറിഞ്ഞപ്പോള്‍ നന്ദു പാപ്പന്‍ ടെല്‍ക്കില്‍ ലീവ് പറഞ്ഞു.

രാത്രി ആശുപത്രിയില്‍ കൂട്ടിന് ബ്രാഞ്ച് സെക്രട്ടറി ചോര പാപ്പന്‍ എത്താമെന്നായി.
നാട്ടിലെ കൗണ്‍സിലര്‍മാരായ ഷാനി ആന്റിയും ലേഖ ആന്റിയും മാറി മാറി വിളി തുടങ്ങി.
സുധീഷ് പാപ്പനും, കണ്ണപ്പന്‍ പാപ്പനും ആവശ്യം വന്നാല്‍ ആശുപത്രിയില്‍ രക്തം തരാന്‍ റെഡിയായി എത്തി.

വിഷ്ണു മാമന്‍ വിളിച്ചപ്പോഴും, എഴുത്തുകാരനായ പി.എന്‍.സുനിലേട്ടനും വിളിച്ചപ്പോഴും ബുദ്ധിമുട്ടുള്ള സമയമല്ലേ കുറച്ച് പൈസ തരട്ടെ എന്ന് ചോദിച്ചു. ആവശ്യം വന്നാല്‍ വിളിക്കാമെന്ന് അച്ഛന്‍ പറഞ്ഞു.

വിളിച്ചാല്‍ ഓടി വരാന്‍ അജയന്‍ വല്യച്ഛനും ദാസന്‍ വല്യച്ഛനും തയ്യാറായി.
ഇരിക്കപ്പൊറുതിയില്ലാതെ പലതവണ നാട്ടിലെ ലോക്കല്‍ സെക്രട്ടറി രാജുമാഷ് ഫോണില്‍ വിളി തുടങ്ങി. നട്ടപാതിരയായാലും വിളിക്കണം ട്ടോ എന്ന് പറഞ്ഞ് കാറളത്തെ മനോജ് സഖാവ്.
പുലര്‍ച്ചെ ഒരു മണിക്കും വിളിച്ചന്വേഷിച്ച എന്റെ പാത്തു കുഞ്ഞ.
എപ്പോഴും ഉമ്മയോട് എന്റെ വിശേഷമറിയാന്‍ വിളിക്കുന്ന അനീഷ ടീച്ചറും സജീവന്‍ മാഷും.
ഷാനുമ്മ ലേബര്‍ റൂമിലായ വിവരമറിഞ്ഞ് ഓടി വരാന്‍ ഒരുങ്ങിയ എം.എല്‍.എ അരുണന്‍ മാഷും മഞ്ജുള അമ്മയും.

ഒപ്പം
ഞാന്‍ ഉമ്മച്ചീടെ വയറ്റിലുണ്ടെന്നറിഞ്ഞപ്പോ മുതല്‍ ഇപ്പോഴും എല്ലാറ്റിനും ഓടി വന്ന അച്ഛന്റെ അപ്പു (അപര്‍ണ ലവകുമാര്‍) പിന്നെ ശ്രുതി ആന്റി.
എല്ലാവരും എല്ലാവരും പാര്‍ട്ടിക്കാര്‍ തന്നെ.

പാര്‍ട്ടിക്കാരില്‍ ഇത്ര പേരെ സംഗതി അറിഞ്ഞിട്ടുള്ളു
ഇതിനിടയില്‍ ശിവദാസനങ്കിളിന്റെ പേര് രാജ്യസഭയിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടതിന്റെ സന്തോഷം അചഛന്‍ ശിവദാസനങ്കിളിനോട് ഫോണില്‍ പങ്കുവെച്ചെങ്കിലും എന്റെ കാര്യം പറഞ്ഞില്ല.

അറിഞ്ഞവരുടെ ആവേശമാണ് ഉമ്മയുടെ വയറ്റിലിരുന്ന് ഞാന്‍ മനസ്സിലാക്കി കൊണ്ടിരുന്നത്.
ലേബര്‍ റൂമിന്റെ മുന്‍പില്‍ ഇന്നലത്തെ ഉച്ചയും രാത്രിയും ഇന്ന് പകലും കഴിഞ്ഞിതുവരെ കണ്ണിമ അടയ്ക്കാതെ കാത്തിരുന്ന അച്ഛമ്മയുടെ അതേ മിടിപ്പ് രക്ത ബന്ധത്തിന്റെ കണക്കില്‍ വരാത്ത ഇവരിലും കാണാനാകുന്നുണ്ട്.

മിനിറ്റും മണിക്കൂറും ആഴ്ച്ചയും മാസവും ഒന്നും മനസ്സിലായിട്ടില്ലെങ്കിലും ഷാനുമ്മാടെ വയറ്റില്‍ ഒരുണ്ണീണ്ടെന്നറിഞ്ഞപ്പോ മുതല്‍ വിരലിലെണ്ണി കാത്തിരിക്കുന്ന എന്റെ ചക്കര കുഞ്ഞി ചീക്കുട്ടി ചേച്ചിയിടേം,

ഉള്‍പുളകിതനായി ഉറക്കം വരാതെ കിടന്നിരുന്ന എന്റെ അച്ഛച്ഛന്റേയും (അച്ഛന്റെ അച്ഛന്‍).
ഇന്ന് രാവിലെ മുതല്‍ എന്നെ കാത്തിരുന്ന വല്യുപ്പ, വല്യുമ്മ
(ഷാനുമ്മാടെ വാപ്പയും,ഉമ്മയും)

ജീവിതത്തില്‍ പലവേഷം കിട്ടിയുട്ടാണ്ടാകുമെങ്കിലും ആദ്യമായി വല്യച്ഛന്‍ പട്ടം കിട്ടണ ത്രില്ലിലിരിക്കണ എന്റെ വല്യച്ഛന്‍ (ശ്രീ), കുഞ്ഞി വല്യച്ഛന്‍(ശ്യം), അഞ്ജു വല്യമ്മ. സൗബിന്‍ വല്യച്ഛന്‍, ഗീതമ്മൂമ്മ,

‘ഇനി അങ്ങോട്ട് വിളിക്കാം’ എന്ന് അചഛന് പറയേണ്ടി വന്നതു പോലെ ഫോണില്‍ വിളിച്ചു കൊണ്ടേയിരുന്ന അച്ഛന്റെ രാഖി മേമ, എന്റെ അച്ഛാച്ഛനാകാന്‍ കട്ടക്ക് കാത്തിരിക്കുന്ന അച്ഛന്റെ സുര മാമന്‍, സുനിമ മാമന്‍,

എന്റെ വരവ് കാത്തിരിക്കുന്ന അച്ഛന്റെ ലിജി ആന്റി, അംബിക അമ്മൂമ്മ,
ഇളയച്ഛനായി പ്രമോഷനിരിക്കുന്ന സുബിയിളയച്ഛന്‍, കല്യാണം കഴിയുമ്പഴേ എന്റെ മേമയാകുന്ന സുബിയിളയച്ഛന്റെ സൂര്യ മേമ, സുബാഷ് വല്യച്ഛന്‍
ജസ്റ്റ്ക്ക് വല്യച്ഛനായ രാഹുല്‍ വല്യചഛന്‍ , കുഞ്ഞി പാപ്പന്‍മാരാവാന്‍ റെഡിയായിരിക്കണ കിച്ചു പാപ്പന്‍, സച്ചു പാപ്പന്‍, ആദി പാപ്പന്‍.

ഞാന്‍ ജനിച്ചുന്ന് പറഞ്ഞുള്ള ഫോണും കാത്തിരിക്കുന്ന പ്രസൂനമമൂമ്മ. ഇവരുടെയൊക്കെ
കാത്തിരുപ്പൊന്നും കാത്തിരിപ്പല്ലന്നല്ല.

അവര്‍ സഖാക്കള്‍ ഇവിടെ വന്ന് ആര്‍ക്കൊക്കയോ മുന്‍പേ ഉറക്കമൊഴിച്ചു എന്നതിന്റെ അടയാളപ്പെടുത്തലാണ് അച്ഛനെന്നെ ഏല്‍പ്പിച്ച ഈ കുഞ്ഞു പതാക.
അനുഭവങ്ങളുടെ പൊള്ളുന്ന കടലിലിറങ്ങണം.

എന്നിട്ട് ഇരുട്ടുള്ളിടത്ത് ചോപ്പുരാശിയോടെ തിളങ്ങുന്ന കനലാകണമെന്നാണ് അച്ഛന്‍ പറയുന്നത്.
അച്ഛന്റെ കുലവും പേരും രേഖപ്പെടാത്ത പേരെഴുതി വച്ച് അച്ഛനെന്നോട് സ്വത്ത ബോധത്തില്‍ നിന്ന് സ്വതന്ത്രമാകാന്‍ കാണിച്ചു തന്നു

എല്ലാവരും പോയ വഴിയേ പോകലല്ല പുതിയ വഴി രചിക്കണമെന്നും.
മറ്റുള്ളവരെ ബോധിപ്പിക്കലല്ല സ്വയം ബോധ്യപ്പെടലാണ് ജീവിതമെന്നും.
എനിക്ക് ഉപദേശം ലഭിച്ച് കഴിഞ്ഞു.

അച്ഛന്റെ വിരലുകളാല്‍ ഞാനെഴുതിയ ഈ കുറിപ്പ് വരും കാലത്ത് ഞാന്‍ സ്വയം വായിക്കപ്പെടുമ്പോള്‍

എനിക്ക് നിലപാടുള്ള മനുഷ്യനായി അവസാനം വരെ തുടരാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്.
സ്‌നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം
കനല്‍”

Exit mobile version