വൈഗയുടെ ദുരൂഹമരണം: പിതാവ് സനുമോഹൻ മൂകാംബികയിൽ; ഒടുവിൽ ഒളിത്താവളം കണ്ടെത്തി പോലീസ്

vaiga and sanu mohan

മംഗലാപുരം: ദുരൂഹ സാഹചര്യത്തിൽ എറണാകുളം മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 13 വയസുകാരി വൈഗയുടെ പിതാവ് സനുമോഹനെ കുറിച്ച് ഒടുവിൽ തുമ്പ് കണ്ടെത്തി പോലീസ്. ഇയാൾ മൂകാംബികയിൽ ഒളിച്ചുകഴിയുകയാണെന്നാണ് റിപ്പോർട്ട്. കർണാടക പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടാനുള്ള നീക്കം പോലീസ് ശക്തമാക്കിയിട്ടുണ്ട്. കേരള പോലീസിന്റെ സംഘം മൂകാംബികയിലേക്ക് തിരിച്ചു.

ഇക്കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ഹോട്ടലിൽ ഒളിച്ചുകഴിയുകയായിരുന്ന സനുമോഹനെ കുറിച്ച് ഹോട്ടൽ അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. ഹോട്ടലിൽ നൽകിയ തിരിച്ചറിയൽ കാർഡ് വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സനു മോഹന്റെ ആധാർ കാർഡാണ് തിരിച്ചറിയൽ രേഖയായി നൽകിയത്.

വെള്ളിയാഴ്ച്ച രാവിലെയാണ് ഇയാൾ ഹോട്ടലിൽ നിന്ന് കടന്നുകളഞ്ഞത്. ഹോട്ടലിലെ ബില്ലടക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ ഓടി കളയുകയായിരുന്നു. ഹോട്ടലിൽ ഉണ്ടായിരുന്നത് സനുമോഹൻ തന്നെയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ മാർച്ച് 21 ന് സനുമോഹനെയും മകൾ വൈഗയെയും കാണാതാവുകയും വൈഗയുടെ മൃതദേഹം പിറ്റേ ദിവസം പുഴയിൽ കണ്ടെത്തുകയുമായിരുന്നു. ഇതേ ദിവസം പുലർച്ചെ സനുമോഹൻ സഞ്ചരിച്ചിരുന്ന വാഹനം വാളയാർ അതിർത്തി കടന്നതായി പോലീസ് കണ്ടെത്തിയിരുന്നു. എങ്കിലും ഇയാളെ കുറിച്ച് വിശ്വസനീയമായ റിപ്പോർട്ടുകൾ ലഭിച്ചിരുന്നില്ല.

Exit mobile version